18 July Thursday

‘തല’യുടെ പുത്തന്‍ അവതാരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

തമിഴകത്തിന്റെ "തല' തന്റെ അറുപതാം ചിത്രത്തിൽ പുത്തൻ രൂപഭാവത്തിൽ എത്തുന്നു. ബോക്‌സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും നേടിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ്‌ റീമേക്ക് നേർകൊണ്ട പാർവ്വെയുടെ ട്രെയിലർ ആദ്യമണിക്കൂറിൽ കണ്ടത് 80ലക്ഷം പേർ. ബിഗ്‌ബി അമിതാഭ് ബച്ചൻ അവതരിപ്പിച്ച വയസ്സൻ വക്കീലിന്റെ വേഷമാണ് അജിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പക്ഷേ, അജിത് അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ സ്വാഭാവത്തിന് ചില മാറ്റങ്ങൾ ഉണ്ടെന്ന് മാത്രം. ശക്തമായ സ്ത്രീപക്ഷ ഉള്ളടക്കം പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുക്കുന്നത് പ്രമുഖ സംവിധായകൻ എച്ച് വിനോദ് ആണ്. സതുര​ങ്കവേട്ടൈ, തീരൻ അധിഗാരം ഒൺട്രു തുടങ്ങി ചിത്രങ്ങളിലൂടെ പ്രതീക്ഷ ഉയർത്തിയ സംവിധായകനാണ് എച്ച് വിനോദ്. ലൈംഗികതൊഴിലാളികളാണെന്നും കൊലപാതകികളാണെന്നും ആരോപിക്കപ്പെട്ട് മൂന്നു പെൺകുട്ടികൾ വേട്ടയാടപ്പെടുന്നതും അവർ ശക്തമായ നിയമപോരാട്ടം നടത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

2017ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പിങ്ക് നേടി. ത്രസിപ്പിക്കുന്ന കോടതിദൃശ്യങ്ങളാണ് സിനിമയുടെ പ്രത്യേകത.
പിങ്കിൽ തപ്‌സി പന്നു അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ‘കോഹിനൂർ’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രദ്ധ തമിഴ്, തെലുങ്ക് കന്നഡ ചിത്രങ്ങളിലൂടെയാണ് കഴിവ് തെളിയിച്ചത്. മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനായി നസ്രിയ നസീം, കല്യാണി പ്രിയദർശൻ എന്നിവരെയും സംവിധായകൻ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
അഭിരാമി വെങ്കടാചലം, അന്ദ്ര തിരായാങ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്ത്രീകഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിദ്യ ബാലൻ, കൽകി കൊച്‌ലിൻ തുടങ്ങിയവർ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് വിദ്യ ബാലന്. കഴിഞ്ഞമാസം ചിത്രീകരണം പൂർത്തിയായ ചിത്രം ആഗസ്ത് പത്തിന് റിലീസ്‌ ചെയ്യും. 


പ്രധാന വാർത്തകൾ
 Top