20 May Monday

പുരസ്‌ക്കാര നേട്ടത്തിലും 'ക്യാപ്‌റ്റനായി' ജയസൂര്യ; ഒപ്പം സൗബിൻ ഫ്രം സുഡാനിയും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

കൊച്ചി > ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന വി പി സത്യന്റെ ജീവിതം അവിസ്‌മരണീയമാക്കിയ ജയസൂര്യയേയും അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന  മനുഷ്യ ബന്ധങ്ങളുടെ കഥപറഞ്ഞ സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന്‌ സൗബിൻ ഷാഹിറിനെയുമാണ്‌ ഇത്തണ മികച്ച നടൻമാരായി ജൂറി തെരഞ്ഞെടുത്തത്‌. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ജയസൂര്യ എന്നിവരായിരുന്നു മികച്ച നടന് വേണ്ടിയുള്ള അവസാന റൗണ്ടില്‍ മത്സരിച്ചിരുന്നത്.

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ്‌ ജയസൂര്യയെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വി പി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ നവാഗതനായ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്‌തത്‌. കരിയറിലെ ഏറ്റവും വെല്ലുവിളിയുണ്ടായിരുന്ന വേഷമായിരുന്നു വി പി സത്യന്റേതെന്ന് ജയസൂര്യ തന്നെ തുറന്ന് പറഞ്ഞിരുന്നു.

മതം, നിറം, ദേശം, ഇങ്ങനെയുള്ള എല്ലാ വിഭജനങ്ങളും അപ്രസക്തമാകുന്ന ജീവിത നിമിഷങ്ങളെ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന സിനിമയാണ്‌ നവാഗതനായ സക്കറിയ സംവിധാനം ചെ‌യ്‌ത 'സുഡാനി ഫ്രം നൈജീരിയ. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിലെങ്ങുമുള്ള മനുഷ്യന്റെ കഥയാണ് സുഡാനിയില്‍ ആവിഷ്‌കരിക്കുന്നത്. നേരിട്ട് ഹൃദയത്തില്‍ തൊടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് സൗബിൻ ഷാഹിർ ആദ്യമായി നായകനായ സുഡാനി.

പ്രശസ്‌ത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ പി കെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്‌ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറിയുടെ മറ്റ് അംഗങ്ങള്‍.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top