23 January Wednesday

നായിക വധഭീഷണി നേരിടുമ്പോൾ

എ പി സജിഷUpdated: Wednesday Nov 29, 2017

പത്മാവതിക്കെതിരെ കോലാഹലം നടത്തുന്നവർ  മറന്നുപോകുന്ന ചിലതുണ്ട്. ഇന്ത്യയിലെ തന്നെ ഒരു പിടി മികച്ച നായികാ കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. ബൻസാലിക്ക്
നായികമാർ പ്രദർശന വസ്തുക്കൾ അല്ല. അവൾക്ക് തീവ്രപ്രണയമുണ്ട്, സ്വന്തമായ തീരുമാനങ്ങളുണ്ട്,
വൈകല്യങ്ങളെ മറികടന്ന് ജീവിതത്തോട് പൊരുതുന്നവരുണ്ട്. യുദ്ധത്തിലും ചിന്തകളിലും എല്ലാം ആണിനോട്
കിടനിൽക്കുന്നവരാണ് ബൻസാലിയുടെ നായികമാർ.

 

നടി ദീപിക പദുകോണിന്റെ തലയ്ക്ക് 10 കോടി, സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ തലയ്ക്കും 10 കോടി, നടൻ രൺവീർ സിംഗിന്റെ കാല് തല്ലിയൊടിക്കും, റിലീസിംഗ് തീയതിക്ക് ഭാരത് ബന്ദ് ഭീഷണി, ഷൂട്ടിംഗ് സൈറ്റിനു തീയിടൽ, പാട്ടിന് നിരോധനം.... ഒടുങ്ങാത്ത വിവാദങ്ങളും കലാപങ്ങളുമൊക്കെയായി റിലീസിന് മുമ്പേ പത്മാവതി ചൂട് പിടിക്കുകയാണ്. ഈയടുത്ത് ഇന്ത്യയിൽ മറ്റൊരു ചലച്ചിത്രത്തിനും ഇല്ലാത്ത അത്രയും ദുരനുഭവം. ആവിഷ്‌കാര സ്വാതത്തിനു നേരെയുള്ള കടന്നുകയറ്റം.

നായകന്മാരെക്കാൾ പ്രതിഫലം നായികയ്ക്ക് നൽകിയത് ശ്രദ്ധ പിടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ വിവാദങ്ങൾ അരങ്ങേറുന്നതും. 11 കോടി രൂപയാണ് റാണി പത്മാവതി ആയി വേഷമിടുന്ന ദീപികയ്ക്ക് നൽകിയ പ്രതിഫലം. നായകന്മാരായ രൺബീർ സിങ്ങിനും ഷാഹിദ് കപൂറിനും എട്ടു കോടിയും. കാരണം രജപുത്ര റാണി ആയ പത്മാവതിക്ക് തന്നെയാണ് ചിത്രത്തിൽ പ്രാധാന്യം.  സഞ്ജയ് ലീല ബൻസാലി എന്ന വിഖ്യാത സംവിധായകന്റെ മിക്ക  ചിത്രങ്ങളുടെ പ്രത്യേകതകളും അതുതന്നെയാണ്. കരുത്തുറ്റ നായികമാരും കാമ്പുള്ള കഥയും അസാമാന്യ ദൃശ്യ വിരുന്നും ഇമ്പം തുളുമ്പുന്ന പാട്ടുകളും... അനശ്വര പ്രണയ കഥയായ ദേവദാസിലും ബാജിറാവു മസ്താനിയിലും എല്ലാം ബൻസാലി മാജിക് കണ്ടതാണ്. അവിടെയൊന്നും ബൻസാലിക്ക് നായികമാർ പ്രദർശന വസ്തുക്കൾ അല്ല. അവൾക്ക് തീവ്ര പ്രണയമുണ്ട്, സ്വന്തമായ തീരുമാനങ്ങളുണ്ട്, വൈകല്യങ്ങളെ മറികടന്നു ജീവിതത്തോട് പൊരുതുന്നവരുണ്ട്.  യുദ്ധത്തിലും ചിന്തകളിലും എല്ലാം ആണിനോട് കിടനിൽക്കുന്നവരാണ് ബൻസാലിയുടെ നായികമാർ. സിനിമ കണ്ടിറങ്ങി വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്തവർ.

ദേവദാസും റാം ലീലയും

മുമ്പ് പലതവണ അഭ്രപാളിയിൽ വന്നെത്തിയ സിനിമയാണ് ദേവദാസ്. അതും മലയാളം ഉൾപ്പെടെ പല ഭാഷകളിൽ.  കാലമെത്രയോ  കഴിഞ്ഞാണ്, ബൻസാലി, വെള്ളിത്തിരയിൽ വീണ്ടും ദേവദാസിനു ജന്മം നൽകുന്നത്.  ദേവദാസിന്റെയും പാർവതിയുടെയും അനശ്വര പ്രണയ കഥ. കുട്ടിക്കാലം മുതലുള്ള വിരഹത്തിലും അത്രയേറെ സ്‌നേഹിക്കുകയാണ് ഇവർ രണ്ടും. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ആണ് പ്രധാന കഥാപാത്രങ്ങൾ.
മുതിർന്നപ്പോൾ പാർവതിയെ മറ്റൊരു വിവാഹം കഴിപ്പിക്കുന്നു, ദേവദാസ് നിത്യ മദ്യപാനി ആകുന്നു, പാർവതി ആകട്ടെ, വിവാഹ ശേഷവും ദേവദാസിനെ തന്നെ പ്രണയിക്കുന്നു. ഇതിനിടയിൽ ദേവദാസിനെ സ്‌നേഹിക്കുന്ന ചന്ദ്രമുഖിയായി മാധുരി ദീക്ഷിതും എത്തുന്നു. രണ്ടു നായികമാരും ഒന്നിനൊന്നു ശക്തർ. അസാമാന്യ കയ്യടക്കത്തോടെയാണ്  ചിത്രം ഒരുക്കിയത്. ഐശ്വര്യയെയും മാധുരിയെയും പോലുള്ള ഗ്ലാമർ നായികമാർ ഉണ്ടായിട്ടും വേഷങ്ങളിൽ പോലും സ്ത്രീ കഥാപാത്രങ്ങൾക്ക് അത്രയേറെ ബഹുമാനം ബൻസാലി നൽകുന്നുണ്ട്. അവരുടെ അഭിനയ സാധ്യതകൾ ആണ് ബൻസാലി ഉപയോഗിച്ചത്. ദേവദാസിന്റെ അന്ത്യരംഗത്തിലും പ്രേക്ഷകന് നല്ലൊരു ദൃശ്യ വിരുന്നാണ് സമ്മാനിക്കുന്നത്. അന്ത്യരംഗത്തിൽ ദേവന്റെ അരികിലേക്ക് പാർവതി ഓടുന്ന രംഗമുണ്ട്. ഐശ്വര്യയുടെ സാരിയുടെ വർണപ്പകിട്ട് മാത്രം അതിൽ ഒരു രംഗത്ത് ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അതിമനോഹരമായ ഒരു രംഗം. മരണം കാത്ത് കിടക്കുന്ന ദേവദാസിന്റെ അരികിൽ നിറയെ ഓറഞ്ചു പൂക്കളാണ്. എത്രയോ തവണ ഇറങ്ങിയിട്ടും കഥ അറിഞ്ഞിട്ടും ദേവദാസ് പോലുള്ള ഒരു സിനിമ വീണ്ടും ഇത്രയും മനോഹരമായി ഒരുക്കിയിട്ടുണ്ടെങ്കിൽ അതു സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ മിടുക്ക് തന്നെയാണ്. നിറങ്ങളുടെ മാസ്മരിക ലോകം ആണ് പല ബൻസാലി ചിത്രങ്ങളുടെയും പ്രത്യേകത. ഷേക്‌സ്പിയറിന്റെ അനശ്വര പ്രണയ കഥ റോമിയോ   ആൻഡ് ജൂലിയറ്റിനും ബൻസാലി ചലച്ചിത്ര ഭാഷ്യം ഒരുക്കി. ഗ്വാളിയോം കി രാസലീല റാം ലീല അതിശക്തമായ നായികയെ ആണ് ചിത്രം സമ്മാനിച്ചത്. ദീപിക പദുകോണിന്റെ ലീല എന്ന കഥാപാത്രം മനസുകളിൽ എന്നും ജീവിക്കും.

നീറുന്ന  വേദനയായി മസ്താനിയും കാശി ഭായും

ചരിത്രത്തിന്റെ ചുവടു പിടിച്ചെടുത്ത ബാജി റാവു മസ്താനി എന്ന സിനിമയിലും ഉണ്ട് മികച്ച നായികമാർ. അസാധാരണ യുവതി ആയ മസ്താനി ആയി ദീപിക പദുകോൺ തകർത്താടി. മറാട്ടയിലെ ബാജിറാവുവിന് മസ്താനി എന്ന രാജകുമാരിയോടു തോന്നുന്ന പ്രണയം. രജപുത്ര രാജാവിനു മുസ്ലിം ഭാര്യയിൽ ഉണ്ടായ മകളാണ് മസ്താനി. അവൾ യുദ്ധ രംഗത്തിലും നിപുണ. ബാജിറാവുവിനോടുള്ള സ്‌നേഹം നിമിത്തം അവൾ അയാളുടെ രണ്ടാം ഭാര്യ ആയി മറാട്ടയിൽ എത്തുന്നു. ബാജിറാവുമസ്താനി പ്രണയം ആണ് കഥയെങ്കിലും ഒന്നാം ഭാര്യ കാശി ഭായിയുടെ വേദനയിലേക്കും പ്രേക്ഷകനെ കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്. കൈക്കുഞ്ഞുമായി നടന്നു പോകുമ്പോൾ പോലും കൊട്ടാരത്തിൽ മസ്താനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. ഒരു കയ്യിൽ കുഞ്ഞും, മറു കയ്യിൽ ആയുധവും ഏന്തി മസ്താനി ശത്രുക്കളോടു പടവെട്ടുന്നു. നൃത്തവും സംഗീതവും ആണിന്റെ  വേഷം കെട്ടിയ യുദ്ധ രംഗവും ഒക്കെയായി ദീപിക പദുകോൺ ചിത്രത്തിൽ നിറഞ്ഞുനിന്നു. കാശി ഭായി ആയി പ്രിയങ്ക ചോപ്രയും മനസുകളിൽ നിറഞ്ഞു. ചിത്രത്തിന്റെ സംഗീതവും ബൻസാലി ആണ്.
 
വൈകല്യത്തെ തോൽപിച്ച നായികമാർ

രജപുത്ര വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പത്മാവതിക്ക് നേരെ കോലാഹലം സൃഷ്ടിക്കുന്നവർ ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാൽ മതി. അന്ധയും ബധിരയുമായ മിഷേൽ എന്ന പെൺകുട്ടി ഉയരങ്ങൾ കീഴടക്കുന്ന കഥ. എട്ടു വയസു വരെ അവൾ ഒന്നും സംസാരിക്കുന്നില്ല. കാണാനും കേൾക്കാനും കഴിയാത്ത നിരാശയിൽ അവൾ ഏതു സമയവും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നു. അങ്ങനെയുള്ള കുട്ടിയെ ഒരു അദ്ധ്യാപകൻ മാറ്റിയെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒടുവിൽ അയാൾ മറവി രോഗം വന്നു കിടക്കുന്നു. അയാളെ കാണാൻ അന്ധയായ മിഷേൽ ഒറ്റയ്ക്ക് വരുന്ന ഒരു രംഗമുണ്ട്. റാണി മുഖർജിക്ക് മികച്ച നടിക്കുള്ള നിരവധി അവാർഡുകൾ ആണ് മിഷേൽ എന്ന കഥാപാത്രം നേടിക്കൊടുത്തത്.
ഖാമോഷി എന്ന ചിത്രവും ഉള്ളു പൊള്ളിക്കും. സംസാരശേഷി ഇല്ലാത്ത മാതാപിതാക്കൾക്കൊപ്പം വളരുന്ന പെൺകുട്ടി. മനീഷ കൊയ്‌രാളയുടെ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് ഖാമോഷി. ഐശ്വര്യ റായ് നായികയായ ഗുസാരിഷും സ്ത്രീക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ബോക്‌സിംഗ് താരം മേരി കോമിന്റെ അസാധാരണ ജീവിത കഥ പറയുന്ന ചിത്രമാണ് മേരി കോം. പ്രിയങ്ക ചോപ്ര അനശ്വരമാക്കിയ കഥാപാത്രം. ഈ ചിത്രത്തിന്റെ നിർമാണവും സഞ്ജയ് ലീല ബൻസാലി ആണ്. നായികാ പ്രധാനമുള്ള കഥാപാത്രങ്ങൾക്ക്  ബൻസാലി അത്രയേറെ പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് മേരി കോമിന്റെ നിർമാതാവായി ബൻസാലി മാറിയത്.

നടിമാർക്ക്  അവസരം

ദീപിക പദുകോൺ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, റാണി മുഖർജി, മനീഷ കൊയ്‌രാള... തുടങ്ങിയ നടിമാരുടെ അഭിനയ  മികവുകൾ ബൻസാലി ചിത്രങ്ങളിൽ നന്നായി പ്രകടമാണ്. ബ്ലാക്ക് എന്ന ചിത്രത്തിൽ അത്രയേറെ അവാർഡുകൾ ആണ് റാണി മുഖർജി വാരിക്കുട്ടിയത്. ദീപിക പദുകോണിന്റെ മികച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ബൻസാലി സിനിമകൾ മുന്നിലുണ്ടാകും. പത്മാവതി പുറത്തിറങ്ങിയാലും ആ നടിയുടെ അഭിനയ മുദ്രകൾ ചിത്രത്തിന് കരുത്താകും എന്നുറപ്പ്. പാട്ടും നൃത്തവുമെല്ലാം ഇഴ ചേർന്നതാണ് സഞ്ജയ് ലീല ബൻസാലി സിനിമകൾ. അത്തരം പ്രത്യേകതകൾ നിലനിൽക്കുമ്പോൾ പത്മാവതിയുടെ പാട്ട് പോലും നിരോധിക്കുന്ന സംഭവങ്ങളുണ്ടായി. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ എന്നീ നിലകളി

ലെല്ലാം ബൻസാലി മികവുപുലർത്തി. പത്മശ്രീ അവാർഡും  നേടി. നാല് ദേശീയ അവാർഡും 10 ഫിലിം ഫെയർ അവാർഡും  കരസ്ഥമാക്കി.

പത്മാവതി-

പതിമൂന്നാം നുറ്റാണ്ടിൽ ചിറ്റൂരിൽ ജീവിച്ച രാജ്ഞി ആയിരുന്നു റാണി പദ്മിനി അഥവാ പത്മാവതി. രാജ രത്തൻ  സിൻഹിന്റെ പത്‌നി. അലാവുദീൻ ഖിൽജിക്ക് പത്മാവതിയെ സ്വന്തം ആക്കണമെന്ന ആഗ്രഹം വന്നതോടെ ആണ് മേവാരിന്റെ ചരിത്രം വഴിമാറുന്നത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസ് രചിച്ച പത്മാവത് എന്ന കാവ്യത്തിൽ ഇതേ കുറിച്ച് പറയുന്നുണ്ട്. ആ കാവ്യം ആണ് പത്മാവതി എന്ന ചിത്രത്തിന് ആധാരം. അലാവുദീൻ ഖിൽജി പത്മാവതിയെ സ്വപ്‌നം കാണുന്ന രംഗമുണ്ട് ചിത്രത്തിൽ. ഇതിനെതിരെയാണ് രാജ്പുത് കർണിസേന രംഗത്തെത്തിയത്.

ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണവുമായിട്ടാണ് കർണി സേന വന്നെത്തിയത്. ചതിയൻ ചന്തുവിനെ നായകനാക്കി ഒരു വടക്കൻ വീരഗാഥ പോലുള്ള ചിത്രങ്ങൾ പിറന്ന രാജ്യത്താണ് പുതിയ കാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ ഇത്രയേറെ കടന്നാക്രമണം വരുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇന്ത്യയിൽ തന്നെ ചലച്ചിത്ര ലോകത്തിനു ഒരു പിടി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകന്റെ സിനിമയ്ക്ക് നേരെ ആണ് ഇത്തരം ആക്രമണം എന്നത് ഏറെ ദുഃഖകരം. വിവാദങ്ങൾക്കും അക്രമനങ്ങൾക്കും  ഒടുവിൽ പത്മാവതി പുറത്തിറങ്ങുമ്പോൾ പതിവുപോലെ ബൻസാലി മാജിക്ക് ഈ ചിത്രത്തിനും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

പ്രധാന വാർത്തകൾ
 Top