07 April Tuesday

ഇനി ഓണം കഴിഞ്ഞ്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

കോവിഡ്‌–- 19 പ്രതിരോധനടപടികളുടെ ഭാഗമായി ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ചതും ഇനി ആരംഭിക്കാനിരിക്കുന്നതുമായ ചിത്രങ്ങൾ ഓണത്തിനുശേഷംമാത്രമേ തിയറ്ററുകളിലെത്തൂ.  സെപ്‌തംബർ 30നുശേഷമേ ഈ ചിത്രങ്ങൾക്ക്‌ തിയറ്റർ അനുവദിക്കാൻകഴിയൂവെന്ന്‌ തിയറ്റർ ഉടമകളും നിർമാതാക്കളും വിതരണക്കാരും പറഞ്ഞു. പന്ത്രണ്ടോളം മലയാളസിനിമകളുടെ ചിത്രീകരണമാണ്‌ മുടങ്ങിയത്‌. സ്കൂൾ അവധിയും വിഷുവും ഓണക്കാലവും ലക്ഷ്യമിട്ട സിനിമകളും പ്രതിസന്ധിയിലായി.

നിലവിൽ ചിത്രീകരണം പൂർത്തിയായ സിനിമകളുടെ റിലീസിങ്‌ സർക്കാർ നിർദേശപ്രകാരം നീട്ടിവച്ചിരുന്നു. കോവിഡ് പ്രതിസന്ധി തുടർന്നാൽ ഇവയുടെ റിലീസിങ്‌ വീണ്ടും നീളും. റിലീസിങ്‌ തീയതിവരെ പ്രഖ്യാപിച്ചിരുന്നു മോഹൻലാൽ–- പ്രിയദർശൻ ടീമിന്റ മരക്കാർ ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ.

കൊറോണ മുൻകരുതലിന്റെ ഭാഗമായി സർക്കാർ നിർദേശങ്ങളെ തുടർന്ന്‌ സിനിമാചിത്രീകരണങ്ങൾ പാടെ നിർത്തിവച്ചിരുന്നു. അതോടൊപ്പം തിയറ്ററുകളും അടച്ചിട്ടു. അപ്പോൾ തിയറ്ററുകളിലുണ്ടായിരുന്ന ട്രാൻസ്, ഫോറൻസിക്, കപ്പേള തുടങ്ങിയ സിനിമകൾ പലതും കുറച്ചുദിവസം മാത്രമാണ്‌  പ്രദർശിപ്പിക്കാനായത്‌.  പുതിയ ചിത്രങ്ങൾക്കായി തിയറ്റർ മാറിക്കൊടുക്കേണ്ടിവന്നാൽ ഈ സിനിമകളുടെ പ്രദർശനം അവസാനിപ്പിക്കേണ്ടിവരും. അത്‌ നിർമാതാക്കൾക്കും വിതരണക്കാർക്കും വലിയ ബാധ്യതയാകും. ഏപ്രിൽ പകുതിയോടെ പ്രതിസന്ധി നീങ്ങിയാൽ റിലീസ് മുടങ്ങിയ സിനിമകൾക്ക് മതിയായ പ്രദർശനസമയം നൽകാനാണ് തീരുമാനം. സർക്കാരിന്റെ നിർദേശപ്രകാരം മാത്രമാകും ഇക്കാര്യങ്ങൾ തീരുമാനിക്കുക.


പ്രധാന വാർത്തകൾ
 Top