22 October Tuesday

ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; രാമസേതു

പി എ സജീഷ‌്Updated: Wednesday Jul 24, 2019

 

മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം പ്രമേയമാക്കി വി കെ പ്രകാശ‌് അണിയിച്ചൊരുക്കുന്ന സിനിമയ്ക്ക‌് പേരിട്ടു;    രാമസേതു. ചിത്രത്തിന്റെ ടൈറ്റിൽ പൊന്നാനിയിലെ വസതിയിലെ ചടങ്ങിൽ ഇ ശ്രീധരൻ പുറത്തിറക്കി. ജയസൂര്യയാണ‌് മെട്രോമാനായി വേഷമിടുന്നത‌്. രാമേശ്വരത്തെ പാമ്പൻപാലം പ്രവൃത്തി തുടങ്ങുന്ന 30 വയസ്സുമുതൽ 87 വരെ എത്തിനിൽക്കുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് ജയസൂര്യ അവതരിപ്പിക്കുന്നത‌്. റെയിൽവേയിലെ ചായക്കടക്കാരനായ ഉത്തമനും മകൾ ലതികയും ചേർന്ന രണ്ട് തലമുറ ഇ ശ്രീധരൻ എന്ന അതുല്യപ്രതിഭയെ, അദ്ദേഹത്തിന്റെ അർപ്പണബോധത്തെ  ഓർത്തെടുക്കുന്നതാണ‌് സിനിമയുടെ ഇതിവൃത്തം. ഈ വേഷങ്ങൾ അവതരിപ്പിക്കുന്നത‌് ആരെല്ലാമെന്ന‌് തീരുമാനമായിട്ടില്ല. അഭിമാനകരമായ നിമിഷമാണിതെന്ന‌് -ചിത്രത്തെക്കുറിച്ച‌് ജയസൂര്യ പ്രതികരിച്ചു. ചരിത്രപുരുഷൻമാരെ അതേ രീതിയിൽ പകർത്തുക വെല്ലുവിളിയാണ്. വി പി സത്യനായി അഭിനയിച്ചപ്പോൾ അത് വലിയ ദൗത്യമായിരുന്നു. 

ഇന്ത്യയുടെ അഭിമാനമായ ഇ ശ്രീധരനെ സിനിമയിലൂടെ പകർത്താൻ അവസരം ലഭിച്ചത് മഹാഭാഗ്യമാണ‌്. അതിന് സമ്മതം നൽകിയതിന് ഇ ശ്രീധരനോട‌് അങ്ങേയറ്റം നന്ദിയുണ്ടെന്നും ജയസൂര്യ പറഞ്ഞു.

സിനിമയിലെ നായകന‌് ഇ മാധവൻ എന്ന പേരിടാനാണ് ആദ്യം തീരുമാനിച്ചത‌്. കഥ മുഴുവൻ കേട്ടപ്പോൾ ‘‘മാധവനുപകരം ഇ ശ്രീധരൻ എന്നുതന്നെ ആക്കിക്കോളൂ’’ എന്നായിരുന്നു മെട്രോമാന്റെ മറുപടി.‘‘തനിക്ക് പബ്ലിസിറ്റിയിൽ ഒരിക്കലും താൽപ്പര്യമില്ല. സിനിമക്കായി പലരും പല ഘട്ടത്തിലും  സമീപിച്ചിരുന്നെങ്കിലും സമ്മതം നൽകിയില്ല. എന്നാൽ പുതിയ കഥ കേട്ടപ്പോൾ  താൽപ്പര്യം തോന്നി. എന്റെ ജീവിതസന്ദേശം ഗുണകരമാവുന്ന രീതിയിൽ പകർന്ന് നൽകുകയെന്നത‌് ജീവിതമോഹമായിരുന്നു–-ഇ ശ്രീധരൻ പറഞ്ഞു.

സംവിധായകൻ വി കെ പ്രകാശ്, നിർമാതാവ് അരുൺ നാരായണൻ,  കഥാകൃത്ത് സുരേഷ് ബാബു, ഇ ശ്രീധരന്റെ ഭാര്യ രാധ എന്നിവർ ടൈറ്റിൽ പ്രകാശനചടങ്ങിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top