25 August Sunday

വരുന്നു ഏഷ്യന്‍ സൂപ്പര്‍ ഹീറോ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ഹോളിവുഡ് സിനിമാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കി മാർവല്‍ കോമിക്‌സിന്റെ പുതിയ  പ്രഖ്യാപനം. സാന്‍ഡിയോ കോമിക് കോര്‍ണറില്‍ നടന്ന ചടങ്ങില്‍ അടുത്തവർഷങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമകള്‍ പ്രഖ്യാപിച്ചു.

സിനിമയും സീരീസും അടക്കം 10 പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഡിസ‌്‌നിയുടെ കീഴിലുള്ള മാര്‍‌വല്‍ സ്റ്റുഡിയോസ് അവഞ്ചേഴ്സ് എന്‍ഡ് ​ഗെയിമിന്റെ വലിയ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

സിനിമകള്‍ക്കു പുറമെ മാർവല്‍ സ്റ്റുഡിയോസ് ആരംഭിക്കുന്ന ഡിസ്‌നി പ്ലസ് എന്ന സ്ട്രീമിങ് ഫ്ലാറ്റ്ഫോമിനായി ഒരുക്കുന്ന സീരീസുകളുടെയും പ്രഖ്യാപനം ഇതിനൊപ്പമുണ്ട്. സിനിമകളുടെ റിലീസിങ് തീയതിയും ഒപ്പം പുറത്തുവിടും. 2021  ഫെബ്രുവരി 12ന‌്  പ്രദര്‍ശനത്തിന് എത്തിക്കുന്ന ഷാങ് ചീയിലൂടെ മാർവല്‍ ചിത്രങ്ങളില്‍ ആദ്യമായി ഏഷ്യന്‍ സൂപ്പര്‍ ഹീറോയുണ്ടാകും.

സ്കാർലറ്റ് ജോണ്‍സണ്‍ നായകനാകുന്ന ബ്ലാക്ക് വിഡോ ( 2020 മെയ് ഒന്ന‌്),  ഫാല്‍ക്കണ്‍ ആന്‍ഡ് ദ് വിന്റര്‍ സോള്‍ജിയര്‍ (2020), ആഞ്ജലീന ജോളി, സല്‍മ ഹയേക്ക് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ദ് ഇറ്റേണല്‍സ് (2020 നവംബര്‍ ആറ‌്),  വാണ്ട വിഷന്‍ (2021) ഡോക്ടർ സ്ട്രേഞ്ച് ആൻഡ‌് മൾട്ടിവേർസ് മാഡ്നസ് (2022 മെയ്), തോർ ലൗ ആന്‍ഡ് തണ്ടർ (2021) ചിത്രങ്ങളും ഈ ഘട്ടത്തില്‍ തിയറ്ററിലെത്തും. ഇതിനു പുറമെ മാര്‍‌വലിന്റെ പുതിയ സ്ട്രീമിങ്ങിലൂടെ ലോക്കി (2021),അനിമേഷന്‍ പരമ്പരയായ വാട്ട് ഈഫ് (2021), ഹാക്ക് ഐ (2021), ഫാൽക്കൺ ആൻഡ‌് വിന്റർ സോൾജ്യര്‍ (2020) എന്നിവയും എത്തും.   

അവ‍ഞ്ചേഴ്സ് എന്‍ഡ് ​ഗെയിംസ് ലോകത്തിലെ ഏറ്റവും പണംവാരി സിനിമയായി മാറിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഇപ്പോള്‍ തിയറ്ററിലുള്ള സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ശേഷം എന്തെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനിടയിലാണ് മാര്‍‌വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍നിന്ന് ചരിത്രത്തിലെ വലിയ പ്രഖ്യാപനമുണ്ടായത്. അടുത്തമാസം നടക്കുന്ന ഡിസ‌്‌നിയുടെ ഡി 23 ‌സമ്മേളനത്തിനുശേഷം കൂടുതല്‍ വിവരം പുറത്തുവരും.


പ്രധാന വാർത്തകൾ
 Top