27 May Monday

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കരിയറിലെ ബോണസ്‌; ദേശീയ പുരസ്‌കാരച്ചടങ്ങിൽനിന്ന്‌ വിട്ടുനിന്നത്‌ തെറ്റാണെന്ന്‌ തോന്നിയിട്ടില്ല: ഫഹദ്‌ ഫാസിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി > ഏത്‌ കഥാപാത്രം കൊടുത്താലും മികച്ചതാക്കും എന്നുറപ്പുള്ള നടനാണ്‌ ഫഹദ്‌ ഫാസിൽ. ആദ്യചിത്രമായ കയ്യെത്തും ദൂരത്തിന്റെ പരാജയത്തിന്‌ വർഷങ്ങൾക്ക്‌ ശേഷം "പ്രതികാരം' ചെയ്‌ത്‌ തിരിച്ചെത്തിയ കോൺഫിഡന്റ്‌ ആക്‌ടർ എന്ന വിശേഷണവും ഫഹദിനുണ്ട്‌. മലയാളത്തിനു പുറത്തേയ്‌ക്ക്‌ തമിഴിലും "വേലൈക്കാരനിലൂടെ' സ്വന്തമായ സ്‌പേസ്‌ ഉണ്ടാക്കിയ ഫഹദ്‌ മറ്റൊരു ക്ലാസ്‌ സിനിമയുമായുള്ള എത്തുകയാണ്‌. പുതിയ തമിഴ് ചിത്രമായ ‘സൂപ്പര്‍ ഡീലക്‌സ്’ ലാണ്‌ ഫഹദ്‌ പ്രധാന കഥാപാത്രമായി എത്തുന്നത്‌. ആന്തോളജി രൂപത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ പുരസ്‌കാര ജേതാവായ ത്യാഗരാജന്‍ കുമാരരാജയാണ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെ‌യ്‌ത ആദ്യ ചിത്രമായ "ആരണ്യകാണ്ഡം’, താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ഫഹദ് പറഞ്ഞു.

സംവിധായകൻ ത്യാഗരാജൻ കുമാരരാജ

സംവിധായകൻ ത്യാഗരാജൻ കുമാരരാജ

ആരണ്യകാണ്ഡം കണ്ടപ്പോഴാണ് മനസിലായത് ആളുകള്‍ക്ക് നമ്മുടെ സിനിമയുമായി കണക്‌ട് ചെയ്യാന്‍ കഴിയുമോ എന്ന് ആലോചിക്കുന്നതല്ല മറിച്ച് ഒരു മികച്ച ഒരു ആഖ്യാനത്തിലൂടെ അവരുടെ ചിന്ത ‘ഹൈജാക്ക്’ ചെയ്യുകയാണ് വേണ്ടതെന്ന്. ചിത്രത്തിനായി കുമാരരാജ വിളിച്ചപ്പോള്‍ അഭിനയ ജീവിതത്തിലെ ഒരു കാലചക്രം പൂര്‍ത്തിയാക്കുന്നത് പോലെയാണ് തോന്നിയത്. ആ ചിത്രം പുതിയ തുടക്കം തരുന്നതാണെന്ന് എനിക്ക് തോന്നുന്നു. ഫഹദ് പറയുന്നു.

അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും ഫഹദ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാര ചടങ്ങില്‍ വിട്ടു നിന്നതില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരച്ചടങ്ങിന്‌ ഏാതാനും ആഴ്‌ചകള്‍ക്ക് മുന്‍പാണ് പുരസ്‌കാരം പോസ്റ്റ് വഴി ലഭിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിച്ചത് ദേശീയ പുരസ്‌കാരമൊന്നും പ്രതീക്ഷിച്ചല്ലെന്നും ഒരു ബോണസ് ആയി മാത്രമേ അതിനുള്ള പുരസ്‌കാരത്തെ കാണുന്നുള്ളൂവെന്നും ഫഹദ് പറയുന്നു. "ടൈംസ്‌ ഓഫ്‌ ഇന്ത്യ'യുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചും ദേശീയ പുരസ്‌കാരത്തെക്കുറിച്ചും ഫഹദ്‌ സംസാരിച്ചത്‌.

വിജയ്‌ സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. സൂപ്പർ ഡീലക്‌സിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
 


പ്രധാന വാർത്തകൾ
 Top