24 May Friday

ഉയരെ ഉയരെ പാർവതി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

അഭിനയമികവ‌ുകൊണ്ടും ഉറച്ച നിലപാടുകൊണ്ടും സിനിമാ മേഖലയിൽ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ നടിയാണ‌് പാർവതി. അഭിപ്രായങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നതും സിനിമാ അവസരങ്ങൾ നിഷേധിക്കപ്പെട്ടതും പാർവതി തുറന്നുപറഞ്ഞിട്ടുണ്ട‌്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന‌് അനുവദിച്ച അഭിമുഖത്തിൽ താൻ സംവിധാനരംഗത്ത‌് ഉടൻ എത്തുമെന്ന സൂചനയാണ്‌ പാർവതി നൽകുന്നത്‌. അഭിനയം മാത്രമല്ല തന്റെ മേഖലയെന്നും പ്രേക്ഷകരോട‌് കഥ പറയാനും  ആഗ്രഹമുണ്ടെന്ന‌്്‌ അവർ പറഞ്ഞുവയ്ക്കുന്നു.

‘‘തന്റെ ചിത്രം എന്നാണ‌ുണ്ടാവുക എന്നതിനെപ്പറ്റി കൃത്യമായി പറയാനാകില്ല. ചിലപ്പോൾ പെട്ടെന്ന‌ു തന്നെ ഉണ്ടായേക്കാം അതല്ലെങ്കിൽ വർഷങ്ങൾക്ക‌ു ശേഷമായിരിക്കും അതുണ്ടാകുക.  എന്ന‌് നടന്നാലും സംവിധാനമെന്നത‌് ഏറ്റവും വലിയ ആഗ്രഹമാണ‌് ’’ –-പാർവതി പറയുന്നു.നവാഗത സംവിധായകൻ മനു അശോകന്റെ ‘ഉയരെ’ എന്ന സിനിമയാണ‌് പാർവതിയുടെ അടുത്ത‌് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അന്തരിച്ച സംവിധായകൻ രാജേഷ‌് പിള്ളയുടെ സഹായിയായി ദീർഘകാലം പ്രവർത്തിച്ചയാളാണ‌് മനു. ട്രാഫിക്, വേട്ട എന്നീ സിനിമകളിൽ സഹസംവിധായകനായിരുന്നു.

നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ‌് തിലക‌് എന്നീ സഹോദരിമാരാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ
മേക്ക്അപ് വിഭാഗത്തിലും വനിതകളാണുള്ളത്.

ബോബി–-സഞ്ജയ‌് ടീമാണ‌് ‘ഉയരെ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത‌്. നോട്ട‌്ബുക്കിനു ശേഷം പാർവതിയും ബോബി–-സഞ്ജയ‌് ടീം ഒരുമിക്കുന്ന സിനിമയാണ‌് ‘ഉയരെ’ എന്ന പ്രത്യേകതകൂടിയുണ്ട‌്.  പാർവതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, പ്രതാപ‌് പോത്തൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട‌്. ഇതിനു പിന്നാലെ ഇറങ്ങാനുള്ളത്‌ ആഷിഖ്‌ അബു സംവിധാനം െചയ്യുന്ന വൈറസ്‌ ആണ്‌. 


പ്രധാന വാർത്തകൾ
 Top