29 February Saturday

ആറാമത് കല്‍പ്പറ്റ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 3,4 തീയതികളില്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്ന് വരെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

കല്‍പ്പറ്റ > കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ (കെഎഫ്എഫ്) നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലചിത്രോത്സവം ഈ വര്‍ഷം മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി കല്‍പ്പറ്റ കേന്ദ്രീകരിച്ച് നടന്ന ചലച്ചിത്രമേളകളുടെ തുടര്‍ച്ചയായാണ് ഇത്തവണയും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ എസ്‌കെഎംജെഎച്ച്എസ്എസ് ജൂബിലി ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്.

നാലു അന്താരാഷ്‌ട്ര ചലചിത്രങ്ങള്‍ ഉള്‍പ്പെടെ ഫെസ്റ്റിവലിന്റെ ഭാഗമായി 10 സിനിമ/ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിക്കും. രണ്ട് സംഗീത പരിപാടികളും രണ്ട് പാനല്‍ ഡിസ്‌ക്കഷന്‍, മൃണാള്‍ സെന്‍-ലെനിന്‍ രാജേന്ദ്രന്‍ അനുസ്‌മരണം എന്നിവയുമുള്‍പ്പെടെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും. കെഎഫ്എഫ് നിര്‍മ്മാണത്തില്‍ പങ്കാളിയായി കനോപ്പി ബ്ലാക്ക് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ വര്‍ഷത്തെ(2018) മികച്ച ആന്ത്രോപ്പോളജിക്കല്‍ ഡോക്യുമെന്റിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

‘മനുഷ്യന്‍, പ്രക്യതി’ എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ആറാമത് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ വൈരുദ്ധ്യാത്മകത പരിശോധിക്കാനും ഇതുവഴി വയനാടിന്റെ ഭൂമിശാസ്‌ത്രപരവും, സാമൂഹികവുമായ സവിശേഷ യാഥാര്‍ത്ഥ്യത്തെ വിമര്‍ശനാത്മകമായി നോക്കികാണാനുമുള്ള രാ‌ഷ്‌ട്രീയ ശ്രമമാണ് മേളയെന്ന് സംഘാടകര്‍ പറഞ്ഞു. ആവാസം, ഉപജീവനം,അതിജീവനം എന്നിവയുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ഏതൊക്കെ നിലയിലുള്ള ബന്ധമാണ് പ്രകൃതിയുമായി പുലര്‍ത്തിയത് എന്നത് പ്രാധ്യാന്യത്തോടെ ചര്‍ച്ചചെയ്യേണ്ട ചരിത്രസന്ദര്‍ഭത്തിന് മുന്നിലാണ് നാം നില്‍ക്കുന്നത്. നിര്‍ത്താതെ പെയ്‌ത മഴ, ഒടുക്കം പ്രളയമായി മാറിയതിന്റെ ഭീതിയും അക്കാലത്തെ അതിജീവന ശ്രമങ്ങളുടെ പ്രത്യാശയും നമ്മുടെ മുന്‍പിലുണ്ട്. നിപ പോലുള്ള വൈറസുകള്‍ നിര്‍മ്മിച്ച ആശങ്കയും മറക്കാന്‍ കാലമായിട്ടില്ല. പാരിസ്ഥിതിക മാറ്റങ്ങളും പൊതുജനാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

ഈ വര്‍ഷം വേനല്‍ തുടങ്ങും മുമ്പേ ചൂട് നമ്മെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു. ആനക്കൂട്ടങ്ങള്‍ കാടിറങ്ങി വരികയും പുലികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പല നിലയില്‍ ഭീതിയുയര്‍ത്തുന്ന വാര്‍ത്തകളാണ് വനാതിര്‍ത്തികളില്‍ നിന്ന് ദിവസവും പുറത്തുവരുന്നത്. അനിശ്ചിതത്വം കൊണ്ടു മൂടിക്കെട്ടിയ ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രകൃതി എന്നത് പഴയ മട്ടില്‍ കാല്‍പ്പനികമായ ഛായാചിത്രം മാത്രമായി ഇനിയും ബോധ്യങ്ങളില്‍ തുടര്‍ന്നു കൂടാ. വ്യവസായിക / കാര്‍ഷിക മുതലാളിത്തം അവതരിപ്പിച്ച പാരിസ്ഥിതിക സംബന്ധമായ കേവല ഉപയോഗ്യതാവാദത്തോടും നാം സദാ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിയിരിക്കുന്നു. സാമൂഹികമായ ബോധനിര്‍മ്മിതിയില്‍ ഈ വീക്ഷണത്തിന് പ്രാമാണികതയുണ്ട്. അതുകൊണ്ട് തന്നെ വൈകാരിക കാല്‍പനികവാദത്തിനും ചൂഷണപരമായ ഉപയോഗവാദങ്ങള്‍ക്കുമപ്പുറം പ്രകൃതി മനുഷ്യ ബന്ധത്തിന്റെ വൈരുധ്യാത്മകതയെ മുന്‍നിര്‍ത്തുന്ന കൂട്ടായ്‌മകളും പ്രതിരോധങ്ങളും സംഭവിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

മാര്‍ച്ച് 3ന് രാവിലെ 9 മണി മുതല്‍ സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ‘പരിസ്ഥിതി, ആരോഗ്യം’ എന്ന വിഷയത്തില്‍ ഡോ.അനില്‍ സക്കറിയ (ഡിപ്പ. അനിമല്‍ ഹസ്ബന്‍ഡറി), ഡോ.ജി ആര്‍സന്തോഷ്‌കുമാര്‍ (യൂണിസെഫ് കണ്‍സല്‍ട്ടന്റ്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ എംജി യൂണിവേ‌ഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസി.പ്രഫസറും എഴുത്തുകാരനുമായ ഡോ. അജു കെ നാരായണന്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ‘സിനിമ നമ്മോട് ചെയ്യുന്നത്’ എന്ന വിഷയം അവതരിപ്പിച്ച് ഡോ. അജു കെ നാരായണന്‍ സംസാരിക്കും. ആറാമത് അന്താരാഷ്‌ട്ര ചലചിത്രമേളയോട് അനുബന്ധിച്ച് കെഎഫ്എഫ് പുറത്തിറക്കുന്ന ഫെസ്റ്റിവല്‍ മാഗസിന്‍ ലീല സന്തോഷ് പ്രകാശനം ചെയ്യും. ആദ്യദിനം വൈകിട്ട് വിനു കിടച്ചുളന്‍ അവതരിപ്പിക്കുന്ന ‘ഗോത്രം,പാട്ട്,പ്രകൃതി’എന്ന സെഷനില്‍ പണിയരുടെ പേനപ്പാട്ടിന്റ സംഗീത അവതരണവും ‘ജാമിംഗ് വിത്ത് ഗിത്താര്‍’ എന്ന സെഷനില്‍ ശേഖര്‍ സുധീര്‍ന്റെ മ്യൂസിക് പ്രോഗ്രോമും ഉണ്ടാകും.

ചലചിത്രമേളയുടെ രണ്ടാംദിനം ദേശീയ അവാര്‍ഡ് നേടിയ അനീസ് കെ മാപ്പിളയുടെ ‘ദി സ്ലേവ് ജെനസിസ്’ ന്റെ കല്‍പ്പറ്റയിലെ ആദ്യ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് ‘പരിസ്ഥിതിയും മനുഷ്യനും’ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ടി ടി അനിലേഷ് (അസി.പ്രൊഫസര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി), പി കെ കരിയേട്ടന്‍ (നാടുഗദ്ദിക കലാകാരന്‍), ശ്രീജിത്ത് ശിവരാമന്‍ (ഇടതു ചിന്തകന്‍), ഡോ. സുമ ( (പരിസ്ഥിതി ഗവേഷക),രതീഷ് പാണമ്പറ്റ(ഭൂമിശാസ്ത്ര ഗവേഷകന്‍) എന്നിവര്‍ പങ്കെടുക്കും. ഷഫീഖ് സല്‍മാന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആവും. തുടര്‍ന്ന് മൃണാള്‍സെന്‍, ലെനിന്‍ രാജേന്ദ്രന്‍ അനുസ്‌മരണം നടക്കും. ഒ കെ ജോണി(എഴുത്തുകാരന്‍,ചലച്ചിത്ര നിരൂപകന്‍) അനുസ്‌മരണ പ്രഭാഷണം നടത്തും. മാര്‍ച്ച് നാലിനു രാത്രി ഒന്‍പതുമണിയോടെ കെഎഫ്എഫിന്റെ ആറാമത് അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിന് കൊടിയിറങ്ങും.


പ്രധാന വാർത്തകൾ
 Top