17 August Saturday

സൂപ്പർഹീറോ ആകാൻ ജയ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ജയ‌് എന്ന തമിഴ‌്താരം മലയാളികൾക്കും അന്യനല്ല. നസ്രിയക്കൊപ്പവും നയൻതാരയ‌്ക്കൊപ്പവും അഞ‌്ജലിക്കൊപ്പവുമെല്ലാം കാമുകവേഷത്തിൽ ജയ‌് നമുക്ക‌് പരിചിതനാണ‌്. ഈയിടെ മലയാളത്തിലേക്കുമെത്തിയ താരം അടുത്തതായി സൂപ്പർഹീറോ വേഷം ചെയ്യുന്നതാണ‌് വാർത്ത. ബ്രേക്കിങ‌് ന്യൂസ‌് എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുക നവാഗതനായ ആൻഡ്രൂ പാണ്ഡ്യനാണ‌്. ഒരു സാധാരണക്കാരൻ തന്റെ പ്രയത്നങ്ങളിലൂടെ നാട‌് സ്വർഗതുല്യമാക്കുന്നതാണ‌് പ്രമേയം. സൂപ്പർമാൻ, സ‌്പൈഡർമാൻപോലുള്ള കഥാപാത്രരൂപമാകും. നോർവെയിൽനിന്നുള്ള നിർമാണക്കമ്പനിയാണ‌് ബ്രേക്കിങ‌് ന്യൂസ‌് നിർമിക്കുന്നത‌്. വെങ്കട‌്പ്രഭുവിന്റെ സംവിധാനത്തിൽ പാർടിയാണ‌് ഇനി ഇറങ്ങാനുള്ള ജയ‌്ചിത്രം.

2002ൽ ഭഗവതി എന്ന വിജയ‌് ചിത്രത്തിലൂടെയായിരുന്നു ജയ‌്‌യുടെ അരങ്ങേറ്റം. പിന്നെ നാലഞ്ചുവർഷത്തേക്ക‌് സിനിമയിൽനിന്ന‌് വിട്ടുനിന്ന ജയ‌് 2007ൽ ചെന്നൈ 600028 എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തി. തൊട്ടടുത്തവർഷം സുബ്രഹ‌്മണ്യപുരം എന്ന സിനിമയിൽ മുഴുനീള വേഷത്തിലെത്തി. കൺകൾ ഇരണ്ടാൽ... എന്ന ഗാനരംഗത്തിലൂടെ സ്വാതിറെഡ്ഡിയും ജയ‌്‌യും പ്രേക്ഷകഹൃദയങ്ങൾ കവർന്നു. പിന്നെ ഗോവ, എങ്കേയും എപ്പോതും, രാജാറാണി, ബിരിയാണി, തിരുമണം എന്നും നിക്കാഹ‌്, കലകലപ്പ‌് 2 എന്നിങ്ങനെ നിരവധി സൂപ്പർചിത്രങ്ങളിൽ നായകനും സഹനായകനുമായി സഹകരിച്ചു. ഒടുവിലിറങ്ങിയ ജരുഗണ്ടിയും മികച്ച അഭിപ്രായം നേടി. എങ്കേയും എപ്പോതും എന്ന എം ശരവണൻ ചിത്രത്തിലെ കതിരേശനും രാജാറാണിയിലെ സൂര്യയും ജയ‌്ക്ക‌് നിരവധി ആരാധകരെ നേടിക്കൊടുത്തു. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ജയ‌് ഈവർഷം മലയാളത്തിലുമെത്തി. മമ്മൂട്ടിക്കൊപ്പം വൈശാഖിന്റെ മധുരരാജയിലൂടെയാണ‌് ജയ‌് മലയാളത്തിൽ പ്രവേശിച്ചത‌്.


പ്രധാന വാർത്തകൾ
 Top