23 April Tuesday

'ആമി' കൂത്തുപറമ്പില്‍നിന്ന് 'ചങ്ങമ്പുഴ' മടിക്കൈയില്‍നിന്ന്

സതീഷ്ഗോപിUpdated: Monday Feb 19, 2018


മലയാളത്തിന്റെ നീര്‍മാതളം മാധവിക്കുട്ടിയുടെ ജീവിത പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കിയ 'ആമി'യില്‍ നമ്മുടെ നാട്ടുകാരായ രണ്ട് യുവതാരങ്ങളും തിളങ്ങുന്നുണ്ട്. കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ മാളവികയെന്ന നീലാഞ്ജനയും കാസര്‍കോട് മടിക്കൈയിലെ നവജിത് നാരായണനും. നാടകവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന നവജിത്തും നൃത്തരംഗത്തെ വാഗ്ദാനമായ നീലാഞ്ജനയും തിരശ്ശീലയിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കുകയാണ്.

ഇനി 'നീലാഞ്ജന' പറയട്ടെ
'എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. മാധവിക്കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചുവെന്ന്. അവരുടെ കഥാപാത്രങ്ങളെ വായനക്കാരിയെന്ന നിലയില്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഇത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്.' പച്ചപ്പൊയ്കയിലെ വീട്ടിലെ കുസതിക്കുടുക്കയായ മാളവിക പറയുന്നു. ചിത്രം കണ്ടവര്‍ക്കെല്ലാം ആമിയെ അനശ്വരയാക്കിയ മാളവികയെക്കുറിച്ച് അഭിമാനം. മാധവിക്കുട്ടിയുടെ ബാല്യത്തിലെ രൂപത്തോടുള്ള സാമ്യവും ഗ്രാമീണപ്പെണ്‍കൊടിയുടെ ഭാവങ്ങളുമാണ് മാളവികയ്ക്ക് തുണയായത്. 'കമല്‍സാറിന്റെ ഇ-മെയിലില്‍ ഫോട്ടോ അയച്ച് പിറ്റേദിവസംതന്നെ ഓഡിഷന് വിളിച്ചു. വേഷം ഉറപ്പായിട്ടും വിശ്വസിക്കാനായില്ല. അദ്ദേഹമാണ് ചിത്രീകരണവേളയില്‍ നീലാഞ്ജനയെന്ന് പേര് മാറ്റിയത്.' മാളവികയുടെ അച്ഛന്‍ കോയിപ്പറമ്പത്ത് വിനോദ്കുമാര്‍ പറയുന്നു.
ഒറ്റപ്പാലം, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ഒരുമാസത്തോളമായിരുന്നു ചിത്രീകരണം. ഖത്തറില്‍ വളര്‍ന്ന തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു സിനിമാഷൂട്ടിങ്ങെന്ന് മാളവിക പറയുന്നു. വാത്സല്യത്തോടെയാണ് സംവിധായകന്‍ കമലും പരിഗണിച്ചത്.

ഖത്തറില്‍നിന്ന് മടങ്ങിയെത്തിയ വിനോദ് നാട്ടില്‍ ബിസിനസ് ചെയ്യുകയാണ്. തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ആശയുടെ കീഴില്‍ നൃത്തപഠനം പൂര്‍ത്തിയാക്കിയ മാളവിക ഖത്തറില്‍ അരങ്ങേറ്റം നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഗീതാഭ്യസനവും നടത്തിയിരുന്നു. ചാല ചിന്മയയില്‍ പത്താംതരം വിദ്യാര്‍ഥിയാണ്. അമ്മ പ്രവീണ തലശേരി ബ്രണ്ണന്‍ കോളേജില്‍ ഫിലോസഫി വിഭാഗം മേധാവിയാണ്. സഹോദരന്‍ പ്രണവ് മംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. കൂടുതല്‍ അവസരം  കൈവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് മാളവിക. തമിഴ്് സംവിധായകന്‍ ബി വസന്ത് കൂത്തുപറമ്പിലെ വീട്ടിലെത്തി കണ്ടതും പ്രതീക്ഷകള്‍ക്ക് നിറമേകുന്നു. പരീക്ഷാത്തിരക്കിനിടയിലും മാധവിക്കുട്ടിയുടെ 'ആമി' ചലച്ചിത്രസ്വപ്നങ്ങള്‍ക്ക് അവധി കൊടുക്കുന്നില്ല.

നക്ഷത്രലോകത്തെ 'ചങ്ങമ്പുഴ'
അരങ്ങും അഭിനയവും നവ്യാനുഭവമല്ല മടിക്കൈയിലെ നവജിത് നാരായണന്. അമ്മ വത്സലനാരായണന്റെ നാടകവേദിയിലെ പ്രകടനം കണ്ടാണ് ബാല്യം.  നാടകത്തിനായി സമര്‍പ്പിച്ച കുടുംബത്തിന്റെ കരുത്തില്‍നിന്നാണ് നവജിത്ത് മലയാളചലച്ചിത്രത്തിന്റെ നക്ഷത്രലോകത്തേക്ക് കാലുകുത്തിയത്. അമ്മക്കൊപ്പം അരങ്ങില്‍ ചുവടുറപ്പിച്ച നവജിത്തിന്റെ പ്രതിഭ ചലച്ചിത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളുണ്ട്. നക്ഷത്രങ്ങളുടെ പ്രേമഭാജനമായ മലയാളത്തിന്റെ പ്രിയകവിയുടെ വേഷം 'ആമി'യില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം നവജിത്തിന് വാക്കുകളിലുമൊതുങ്ങുന്നില്ല. ആമിയില്‍ ചങ്ങമ്പുഴയായുള്ള നവജിത്തിന്റെ രൂപപ്പകര്‍ച്ച ശ്രദ്ധേയമാണെന്ന് ആസ്വാദകരും വിലയിരുത്തുന്നു.

നവജിത്തും അമ്മയും ചേര്‍ന്ന് അരങ്ങിലെത്തിച്ച 'അഭയം' എന്ന നാടകം എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ വേദന പകര്‍ത്തുന്നതാണ്. അസുഖബാധിതയായ അമ്മ വത്സലാനാരായണന് തിരിച്ചുവരവിന് ശക്തി പകര്‍ന്നതും ഈ നാടകമാണ്. അമ്മയെ നായികയാക്കി നവജിത് സംവിധാനം ചെയ്ത 'ഷര്‍മിള'യും ശ്രദ്ധേയമായിരുന്നു. അറുപതോളം നാടകങ്ങളില്‍ വേഷമിടുകയും ഇരുപതിലധികം നാടകങ്ങളുടെ സംവിധാനവും നിര്‍വഹിച്ച നവജിത്ത് രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ മികച്ച നടനായിരുന്നു.

നീന, എന്ന് നിന്റെ മൊയ്തീന്‍, കുമ്പസാരം, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകളില്‍  അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ 'മാമാങ്ക'ത്തില്‍ മികച്ച വേഷമുണ്ട്. ബിലഹരി സംവിധാനം ചെയ്യുന്ന 'പോരാട്ട'ത്തില്‍ നായകനാണ്. 'ലില്ലി' ഉടന്‍ തീയറ്ററിലെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top