19 July Friday

"കഖഗഘങ' കാണാം, തിയറ്ററില്ലാതെ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കച്ചവടസിനിമയുടെ ചേരുവകളിൽ ചുരുങ്ങാത്ത ഒരു സ്വതന്ത്ര സിനിമ ജനങ്ങളിലെത്തിക്കാൻ പുതുവഴി തുറക്കുന്നു. ഷെറി  സംവിധാനം ചെയ‌്ത ‘കഖഗഘങ’ യാണ‌്  തിയേറ്റുകളിലല്ലാതെ സമാന്തര റിലീസിനൊരുങ്ങുന്നത‌്. ജൂലൈ പകുതിയോടെ തുടങ്ങുന്ന ഒരു യാത്രയിൽ പരമാവധി സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ‌് സംവിധായകന്റെ തീരുമാനം.

മൂലധനാധിഷ‌്ഠിതമല്ലാത്ത സിനിമാ സംസ‌്കാരത്തിന്റെ ഭാഗമായുണ്ടാകുന്ന സിനിമ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കലാമൂല്യത്തിന്റെ കരുത്തിൽ മറികടക്കാനുള്ള ശ്രമമാണ‌് അണിയറ പ്രവർത്തകർ നടത്തുന്നത‌്. ഫിലിം സൊസൈറ്റികളും സാംസ‌്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച‌് പ്രദർശനം സംഘടിപ്പിക്കാനാണ‌് ആലോചന.  സിനിമയുടെ തിരക്കഥയും സംവിധാനവും നിർമാണവും ഷെറിതന്നെയാണ‌് നിർവഹിച്ചത‌്.  സംവിധായകൻ മനോജ‌് കാനയാണ‌് മൈത്രേയൻ എന്ന കഥാപാത്രമാകുന്നത‌്. കോക്കാട‌്‌ നാരായണനാണ‌് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത‌്.

മരണത്തിന്റെ നിഴലുകൾ ഒഴിയാതെ പിന്തുടരുന്ന ജീവിതങ്ങളെക്കുറിച്ചാണ‌് ‘കഖഗഘങ’ പറയുന്നത‌്. മൈത്രേയൻ എന്ന മാജിക‌് കലാകാരന്റെ ജീവിതമാണ‌് സിനിമ പറയുന്നത‌്. വച്ചുകെട്ടലുകളൊന്നുമില്ലാതെ ഒരു ജീവിതം സ്വാഭാവികമായി പറയാൻ ശ്രമിക്കുന്നുവെന്നതാണ‌് സിനിമയിലേക്ക‌് കാഴ‌്ചക്കാരനെ കൂടുതൽ അടുപ്പിക്കുന്നത‌്.

ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായി ചിത്രത്തെ എവിടെയും പറയുമെന്ന‌്  സിനിമ കണ്ട സംവിധായകൻ അടൂർ ഗോപാലകൃഷ‌്ണൻ  പറഞ്ഞതായി ഷെറി കഴിഞ്ഞ ദിവസം ഫേസ‌് ബുക്കിൽ കുറിച്ചു. ‘‘ സനൽകുമാറും ബിജു ഡോക്ടറും  മധുപാലും സുദേവനും സജിൻ ബാബുവും സന്തോഷ‌് ബാബുസേനനുമൊക്കെ ചിത്രത്തെക്കുറിച്ച‌് നല്ലതുമാത്രം പറയുകയും എഴുതുകയും ചെയ‌്തു. പോസ‌്റ്ററടിക്കാനോ ഓൺലൈൻ പബ്ലിസിറ്റിക്കോ പണമില്ലാത്തതുകൊണ്ടാണ‌് സ്വന്തം ചിത്രത്തെക്കുറിച്ച‌് സ്വയമിങ്ങനെ പറയേണ്ടിവരുന്നത‌്.  സമാന്തര റിലീസിലൂടെ പരാമവധി കേരളം കണ്ട‌് മനുഷ്യരോട‌് സംസാരിക്കുക എന്ന അത്യാഗ്രഹംകൂടിയുണ്ട‌് ചിന്തയിലെന്നും ഷെറി എഫ‌്ബിയിൽ കുറിച്ചു. പ്രദർശനത്തിന‌് താൽപര്യമുള്ളവർക്ക‌് 9995368621,  8304912889 നമ്പറുകളിൽ ബന്ധപ്പെടാം.


പ്രധാന വാർത്തകൾ
 Top