25 March Monday

ഈ. മ. യൗ ജീവിതത്തെയും മരണത്തെയും കുറിച്ച്‌

ഗിരീഷ്‌ ബാലകൃഷ്‌ണൻUpdated: Thursday May 17, 2018

 ഈ.മ.യൗ മരണത്തേക്കാൾ ജീവിതത്തെക്കുറിച്ചാണ് പറയുന്നത‌്. കടലോര ക്രിസ്ത്യാനികളെപ്പറ്റി മാത്രമല്ല എല്ലാ നാട്ടിലെയും എല്ലാ കാലത്തെയും മനുഷ്യരെപ്പറ്റി ഈ.മ.യൗ വാചാലമാകുന്നു. ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മുന്നിൽ ദാരുണമായി തോറ്റുപോകുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരിക്കലെങ്കിലും സംഭവിച്ചതാണ് ഈസിക്കുമുണ്ടായത്. സ്വന്തം അപ്പനൊരു നല്ല ചാവടിയന്തിരം കൊടുക്കണമെന്ന ഈസിയുടെ ആഗ്രഹം എത്ര വന്യമായാണ് ചുറ്റുമുള്ളവരെല്ലാംകൂടി പിച്ചിച്ചീന്തുന്നത്. വെറും ശവമടക്കിന്റെ കഥയായി മാറാൻ സിനിമയെ സംവിധായകൻ വിട്ടുകൊടുക്കുന്നില്ല. സാധാരണ മരണം കൊലപാതകമാക്കാൻ വെമ്പുന്നവരും കൊലയെ നിസ്സാര മരണമാക്കുന്നവരും ദീനവിലാപത്തിലും സ്ത്രീധനത്തെ കുറിച്ചോർമപ്പെടുത്തുന്ന പെണ്ണമ്മയും കാരുണ്യഹീനനായി മാറുന്ന പാതിരിയും ഒഴിഞ്ഞുമാറുന്ന പൊലീസും സ്വന്തം കാര്യത്തിനല്ലാതെ വ്യവസ്ഥിതിയോട് മല്ലിട്ട്  പൊട്ടിക്കരഞ്ഞുപോകുന്ന മെമ്പർ അയ്യപ്പനും അപ്പനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ ഈസിയുമെല്ലാം അതിസൂക്ഷ‌്മമായി നമുക്കു ചുറ്റുമുള്ള ജീവിതത്തിന്റെ വിചിത്ര മാനങ്ങൾ തുറന്നിടുന്നു.  പ്രതിഭാശാലിയായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച സിനിമയെന്ന് ഈ. മ. യൗവിനെ വിശേഷിപ്പിക്കാം, കുറഞ്ഞത് അടുത്ത സിനിമ വരുംവരെയെങ്കിലും. 

ഏഴു വർഷത്തിനിടെ ആറു സിനിമ, നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഈ. മ. യൗ എല്ലാം മലയാളി സിനിമാ പ്രേമികൾക്ക് ചങ്കൂറ്റത്തോടെ ഏത് ലോക ചലച്ചിത്രവേദിയിലും എടുത്തുപറയാൻ കഴിയുന്നവ. ചെല്ലാനം എന്ന കടൽത്തീര ഗ്രാമത്തിലെ വാവച്ചൻ മേസ്തിരിയുടെ മരണമാണ് ഈശോ മറിയം യൗസേപ്പ് അഥവ ഈ.മ.യൗ. പറയുന്നത്. കടൽത്തീരത്ത് മഴ നനഞ്ഞ് മരണച്ചടങ്ങിൽ പങ്കെടുക്കുന്ന അനുഭവം ഒരുക്കുന്നു ഈ സിനിമ.  തീരദേശത്തെ കാറ്റും മഴയും മുഴക്കവുമെല്ലാം ശബ്ദപഥത്തിന്റെയും തിരക്കഥയുടെയും ഭാഗമാകുന്നു. പാട്ട് ഇല്ലാത്ത ലിജോയുടെ ആദ്യ സിനിമ. പശ്ചാത്തല സംഗീതം വരുന്നത് സിനിമയുടെ അവസാന നിമിഷങ്ങളിൽ മാത്രം. പ്രേക്ഷകരെ മയക്കാനുള്ള ചേരുവകളൊന്നുമില്ലാതെ തന്നെ സിനിമ പുതിയകാലത്തെ കാണികൾ ഏറ്റെടുത്തുകഴിഞ്ഞു. സിനിമയെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി.
 

ആഴം അറിയുന്ന പ്രേക്ഷകൻ

ലിജോ ജോസ‌് പെല്ലിശേരി

ലിജോ ജോസ‌് പെല്ലിശേരി

ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ആവർത്തിച്ചുള്ള കാഴ്ചകളിൽ മാത്രം വെളിപ്പെടുമെന്ന് കരുതിയ സൂക്ഷ്മ വിശദാംശങ്ങൾ പോലും മനസ്സിലാക്കി പ്രേക്ഷകർ ആവേശത്തോടെ പ്രതികരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളിൽ ഉറച്ചുനിന്ന് സിനിമയെടുക്കുന്നവർക്ക് ഇത്‌ ഏറെ പ്രതീക്ഷ നൽകുന്നു. വെറും മരണം മാത്രമല്ല സിനിമ പറയുന്നതെന്ന് അവർ തിരിച്ചറിയുന്നു. മതമായാലും പൊലീസായും ഭരണാധികാരികളായാലും വ്യവസ്ഥിതിയുടെ ഇരകളാക്കപ്പെടുന്നവരുടെ ദൈന്യം സിനിമയെന്ന മാധ്യമത്തിലൂടെ പങ്കുവയ്‌‌ക്കാൻ കഴിഞ്ഞിട്ടുണ്ട്.  
 

സിനിമയുടെ വളർച്ച

എന്റെ അപ്പൻ മരിക്കുമ്പോൾ ഞാൻ  ബംഗളൂരുവിലായിരുന്നു. ആ അനുഭവവും സിനിമയിലുണ്ടാകും. എഴുത്തിന്റെ ചുമതല പി എഫ് മാത്യൂസിനെ ഏൽപ്പിച്ചതോടെ ഞങ്ങൾ ഉദ്ദേശിക്കാത്ത തലത്തിലേക്ക് കഥ വളർന്നു. 30‐35 ദിവസത്തെ ഷൂട്ടിങ്ങാണ് തീരുമാനിച്ചത്. എന്നാൽ, 18 ദിവസംകൊണ്ട് തീർന്നു. കൈനകരി തങ്കരാജാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്റെ അപ്പൻ ജോസ് പെല്ലിശ്ശേരിക്കൊപ്പം സാരഥി തിയറ്റേഴ്‌സിലെ നടൻ. മൂന്നുതവണ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട‌്. നാടകരംഗത്തുനിന്ന് എത്തിയ പോളി വിത്സൻ മികച്ച സഹനടിക്കുള്ള പുരസ‌്കാരം നേടി. ഛായാഗ്രാഹകൻ ഷൈജു ഖാലിദും ശബ്ദസംവിധാനം നിർവഹിച്ച രംഗനാഥ് രവിയും വലിയ പങ്ക് വഹിച്ചു. രംഗനാഥ് രവിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പ്രശാന്ത് പിള്ളയാണ് സംഗീതം. 
 

പരാജയങ്ങൾ

ഈ. മ. യൗവിൽ വിനായകനും ചെമ്പൻ വിനോദ്‌ ജോസും

ഈ. മ. യൗവിൽ വിനായകനും ചെമ്പൻ വിനോദ്‌ ജോസും

വ്യാപാര വിജയം തീർച്ചയായും ലക്ഷ്യമാണ്. എന്നാൽ, ഇന്നേവരെ പരിചയപ്പെടാത്ത പുതിയ കാര്യം പുതിയ രീതിയിൽ പറയാൻ കഴിയുമോ എന്ന ശ്രമമാണ് എന്റെ ആദ്യ ലക്ഷ്യം. സാമ്പത്തിക വിജയം അതിനു പിന്നിലേ വരൂ. എന്നെ ആവേശം കൊള്ളിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. എല്ലായ്‌പ്പോഴും അത് പ്രേക്ഷകർ സ്വീകരിക്കണമെന്നില്ലെന്ന് ഡബിൾ ബാരൽ ബോധ്യപ്പെടുത്തി. അതിനുശേഷം സിനിമയോടുള്ള എന്റെ സമീപനത്തെ സ്വാധീനിച്ചത്  ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരമാണ‌്.  അങ്കമാലി ഡയറീസ്  ജനിക്കുന്നത് അങ്ങനെയാണ‌്.  ജൈവികമായ ചിത്രീകരണമായിരുന്നു അവിടെ സംഭവിച്ചത‌്‌. ഈ. മ. യൗവിൽ എത്തിയപ്പോഴേക്കും അത്തരം സിനിമയെടുക്കൽ കൂടുതൽ ലളിതമായി എനിക്ക് ഇണങ്ങുന്നതായി അനുഭവപ്പെട്ടു. ചലച്ചിത്രകാരൻ എന്നനിലയിൽ ഈ ആറു സിനിമയും എനിക്ക് പഠനാനുഭവങ്ങളാണ്.  
ഓരോ തവണയും വ്യത്യസ‌്തമായ സിനിമയൊരുക്കാനാണ് ശ്രമിക്കുന്നത്. ഡബിൽ ബാരൽ ഒരുക്കിയപ്പോൾ ഞാൻ കരുതിയത് എന്റെ ഏറ്റവും മികച്ച വർക്ക് അതായിരിക്കുമെന്നാണ്. കാർട്ടൂൺ സിനിമകൾ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക് വേണ്ടിയുള്ള സിനിമയായിരുന്നു അത്. പക്ഷേ, അതിൽ ഇന്നത്തെ ആഗോള ലോകസാഹചര്യമുണ്ടായിരുന്നു. അത്തരം ഉപകഥനങ്ങൾ എവിടെയും വായിക്കപ്പെട്ടില്ല. ഇപ്പോഴും ഞാൻ ആവർത്തിച്ചുകാണുന്ന എന്റെ സിനിമ ഡബിൾ ബാരൽ  ആണ്. 
 

ശവം

പി എഫ് മാത്യൂസ് എന്ന കരുത്തനായ എഴുത്തുകാരന്റെയും എന്റെയും ജീവിതാനുഭവങ്ങളും ബോധ്യങ്ങളുമാണ‌് ഇൗ.മ.യൗ.   ഡോൺ പാലത്ര ഒരുക്കിയ ശവം എന്ന സിനിമയുമായി ഇതിന് സാമ്യം ഉണ്ടെന്ന വിലകുറഞ്ഞ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.  ഈ. മ. യൗവിന്റെ രചനാഘട്ടത്തിൽതന്നെ ഇത്തരമൊരു സിനിമയെ കുറിച്ച് അറിഞ്ഞിരുന്നു. സിനിമ കണ്ടില്ല. ഒരു തരത്തിലും ദൃശ്യപരമായി സ്വാധീനിക്കപ്പെടരുതെന്ന ഉത്തമബോധ്യമുള്ളതിനാലാണ‌് അത‌് കാണാതിരുന്നത‌്. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ അടിസ്ഥാനപരമായ പ്രമേയം. ഞാനും പി എഫ് മാത്യൂസും ക്രിസ്‌‌തീയ കുടുംബങ്ങളിൽ ജനിച്ചുവളർന്നവരാണ‌്.  നൂറുകണക്കിന് ശവമടമക്കലുകൾ  ഞങ്ങൾ കണ്ടിട്ടുണ്ട‌്. ഞങ്ങൾക്ക‌് ക്രിസ്‌‌തീയ  മരണപശ്ചാത്തലത്തിൽ സിനിമയെടുക്കാൻ ഡോൺ  പാലത്രയുടെ സമ്മതം വേണമെന്ന് കരുതുന്നില്ല. 
 

പരീക്ഷണങ്ങൾ

ദീർഘകാലമായി പദ്ധതിയിടുന്ന സിനിമകളൊന്നുമാകില്ല ചിലപ്പോൾ സംഭവിക്കുന്നത്. ചെറിയ സിനിമകളിലാണ് ഇപ്പോൾ മനസ്സ‌്. മനസ്സിൽ കയറുന്ന അവ്യക്തമായ ആശയം കാലങ്ങളെടുക്കുമ്പോൾ ചിലപ്പോൾ ചില ചർച്ചകളിൽനിന്നോ തമാശകളിൽനിന്നോ വളരെ വേഗം പൂർണരൂപം പ്രാപിച്ച് മുന്നിലെത്തും. സിനിമയാണ് അഭിനേതാക്കളെ നിശ്ചയിക്കുന്നത്. ചില സിനിമകൾക്ക് വലിയ താരത്തിന്റെ സാന്നിധ്യം വേണ്ടിവരും. അഭിനേതാവിനെ കഥാപാത്രമാക്കി മാറ്റാനാണ് ഞാൻ ശ്രമിക്കുന്നത‌്.  ചെല്ലാനത്തുകാരായ നിരവധി പുതുമുഖങ്ങൾ ഈ. മ. യൗവിൽ  ഉണ്ട‌്. പുതിയ അഭിനേതാക്കളെ പരീക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടത്താറുണ്ട്. സിനിമയിൽ മാറ്റമുണ്ടാകണമെങ്കിൽ അതുവേണം.
ഗിരീഷ‌്  ബാലകൃഷ‌്ണൻ 
ൌിിശഴശൃശ@ഴാമശഹ.രീാ
 

 

പ്രധാന വാർത്തകൾ
 Top