05 April Sunday

സംവിധാനം രമ്യ നമ്പീശൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

നിലപാടുകളിൽ ഉറച്ചുനിന്നാൽ പലതും നഷ്ടപ്പെടേണ്ടിവരും. സിനിമാതാരമായാൽ പ്രത്യേകിച്ചും. എന്നാൽ, അതുകൊണ്ടുമാത്രം നിലപാട് എടുക്കാതിരിക്കാനാകുമായിരുന്നില്ല രമ്യ നമ്പീശന്. സ്വന്തം കൂട്ടുകാരിക്ക് നേരിട്ട ദാരുണമായ അനുഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ പോരാട്ടം നടത്തുന്ന നടിക്ക് മലയാളസിനിമയിൽ പെട്ടെന്നാണ് അവസരങ്ങൾ കുറഞ്ഞത്. തമിഴിൽനിന്നാണ് അവസരങ്ങൾ ഏറെയും ലഭിച്ചത്. ഗായിക എന്ന നിലയിലും തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടു.  എന്നാൽ, അടുത്തിടെ ആഷിക് അബുവിന്റെ വൈറസ്, കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാംപാതിര എന്നിവയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ് താരം.

അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയത്. രമ്യ നമ്പീശൻ എൻകോർ എന്ന ചാനൽ നല്ലനിലയിൽ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെ ഇതാ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുകയാണ് നടി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്  ആദ്യ ഹ്രസ്വചിത്രം. പിന്നണിയിൽ മാത്രമല്ല, ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നതും രമ്യതന്നെ. രമ്യയുടെ സഹോദരൻ രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്. 

യു ട്യൂബ് ചാനൽവീഡിയോകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്രമേഖലയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണി ഗായിക കൂടിയായ രമ്യ സംഗീതവും നൃത്തവും ലഘുചിത്രങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നു. സർഗാത്മകമായ എന്തിനെയും സഹൃദയരുമായി പങ്കുവയ്ക്കാനുള്ള വേദിയായി ഡിജിറ്റൽ മാധ്യമത്തെ ഉപയോഗിക്കുകയാണ് താരം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രമ്യ നമ്പീശൻ അടുത്തിടെ കോടതിയിൽ എത്തി മൊഴി നൽകിയിരുന്നു.


പ്രധാന വാർത്തകൾ
 Top