04 August Tuesday

അവാർഡ്‌ വാങ്ങാൻ ഞങ്ങളില്ല

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2019

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങ്  ‘സുഡാനി ഫ്രം നൈജീരിയ ടീം ബഹിഷ്‌കരിക്കും. പോയവർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. 23ന്‌ ഡൽഹിയിലാണ്‌  പുരസ്‌കാര വിതരണം.

പൗരത്വ ഭേദഗതി, എൻആർസി പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി അവാർഡിന്റെ ചടങ്ങിൽനിന്ന്‌ വിട്ടുനിൽക്കുകയാണെന്ന്  സംവിധായകൻ സക്കരിയ വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കും എൻആർസിക്കും എതിരെ ചലച്ചിത്രകാരൻ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ബഹിഷ്‌കരണത്തെ കാണുന്നത്–- സക്കരിയ തുടർന്നു.
സഹ തിരക്കഥാകൃത്ത് മുഹസിൻ പരാരി,  നിർമാതാക്കളായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി ചടങ്ങ്‌ ബഹിഷ്‌കരിക്കുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ബഹിഷ്‌കരണത്തിന്‌ പിന്തുണയറിയിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി. സമാധാനപൂർണമായ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ അനുവദിക്കരുതെന്നും സ്നേഹത്തോടെയും സമാധാനത്തോടെയും ഏവർക്കും ഒരുമിച്ച് നിൽക്കാമെന്നും റിമ കല്ലിങ്കൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ കഴിഞ്ഞവർഷത്തെ ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചത്‌. ചിത്രത്തിലെ അഭിനയത്തിന്‌ നടി സാവിത്രി ജൂറിയുടെ പ്രത്യേക പരാമർശവും നേടി.

മികച്ച ജനപ്രിയ സിനിമയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ സിനിമ നേടി. സൗബിൻ സാഹിർ മികച്ച നടൻ, സക്കരിയ മികച്ച നവാഗത സംവിധായകൻ, സാവിത്രി, സരസ ബാലുശ്ശേരി മികച്ച സ്വഭാവ നടിമാർ, മികച്ച തിരക്കഥ തുടങ്ങിയ അവാർഡുകളും സംസ്ഥാന തലത്തിൽ ഈ സിനിമ വാരിക്കൂട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top