13 December Friday

പറവൈ പോലെ അമല പോൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ആടൈക്ക്‌ ശേഷം അമല പോൾ മുഖ്യവേഷത്തിലെത്തുന്ന ‘അതോ അന്ത പറവൈ പോല’ ചിത്രത്തിന്റെ ടീസർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പടരുകയാണ്‌. വേറിട്ട കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത്‌ ആരാധകരെ ഞെട്ടിക്കുന്ന അമലയുടെ മറ്റൊരു പരീക്ഷണംകൂടിയാകുകയാണ്‌ സിനിമ.

കെ ആർ വിനോദ്  സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ്‌ നാൽപ്പത് സെക്കൻഡ്‌ ദൈർഘ്യമുള്ള ടീസറാണ്  പുറത്തുവന്നത്. മോഹൻലാലാണ്‌  തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ ടീസർ പുറത്തിറക്കിയത്. അമലയുടെ കഥാപാത്രം കാട്ടിൽ അകപ്പെടുകയും തുടർന്ന് അവിടെനിന്ന്‌ രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാടിന്റെ വന്യതയും അമലയുടെ പ്രകടനവും സിനിമയിൽ സവിശേഷമായി ചിത്രീകരിക്കുന്നു. സമീർ കൊച്ചാർ, ആശിഷ് വിദ്യാർഥി, സുപ്രീം സുന്ദർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ രാജഗോപാലാണ്‌ രചന.


 

ജൂലൈയിൽ പുറത്തുവന്ന ആടൈയിൽ വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അമലയുടേത്‌.  മുൻനിരനായികമാർ ചെയ്യാൻ മടിക്കുന്ന തരം വേഷം ഏറെ ചർച്ചയായി.  സമാനമായ ലുക്കിലാണ്‌ ‘അതോ അന്ത പറവൈ പോല’ സിനിമയിലും. മലയാളിയായ അമല തമിഴിലാണ്‌ ഏറെ പേരെടുത്തത്‌. കൊച്ചിയിൽ മോഡലിങ്‌ രംഗത്തുണ്ടായിരുന്ന അമല, ലാൽ ജോസിന്റെ നീലത്താമരയിലൂടെയാണ്‌ സിനിമയിലെത്തുന്നത്‌.  പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രമാണ്‌ അമലയുടെ കരിയർ മാറ്റുന്നത്‌.  മൈന എന്ന സിനിമയിലൂടെ മുൻനിര നടിയായി.  മൈന ഒട്ടേറെ പുരസ്കാരങ്ങളും നേടി. വിക്രം നായകനായ ദൈവതിരുമകൾ,  തെലുങ്കിൽ രാം ഗോപാൽ വർമയുടെ ബേജവാദാ എന്നീ സിനിമകളും ഏറെ ചർച്ചയായി.

 


പ്രധാന വാർത്തകൾ
 Top