25 June Tuesday

ഇവര്‍ ഇനി 'സിംഗിള്‍'

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും ഇനി സിംഗിൾ. ഹോളിവുഡിന്റെ പ്രിയതാര ജോഡികളായ ഇവർ രണ്ടു വർഷം മുമ്പാണ് വിവാഹമോചനത്തിന് നിയമനടപടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദത്തെടുത്ത മൂന്ന് കുട്ടികളടക്കം ആറു കുട്ടികളുടെ മാതാപിതാക്കളാണ് ഇവർ. കുട്ടികളുടെ സംരക്ഷണാവകാശം, സ്വത്തുവിഭജനം തുടങ്ങിയ കാര്യങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ തമ്മിൽ രണ്ടുവർഷമായി നടത്തിവന്ന ചർച്ചകൾ ധാരണയിലെത്തി. വേർപിരിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി കോടതി അവസാനഘട്ട നടപടികള്‍ക്കായി ഫയലിൽ സ്വീകരിച്ചു. ഇതോടെ ഇരുവരെയും ഇനിമുതൽ നിയമപരമായി സിംഗിളായി കണക്കാക്കാം.

ഹോളിവുഡിലെ പണംവാരി ചിത്രങ്ങളിലെ താര ജോഡികളായിരുന്ന ഇവർ ദീർഘകാലത്തെ പ്രണയത്തിനുശേഷം 2014ലാണ് വിവാഹിതരായത്. അഞ്ജലിനയുടെ മൂന്നാമത്തെയും ബ്രാഡ്പിറ്റിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്. എന്നാൽ, രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും വിവാഹമോചനത്തിന് തീരുമാനിച്ചു. പരസ്പരം ഇനി യോജിക്കാനാകാത്തവിധം വ്യത്യസ്തതകൾ ഉടലെടുത്തതിനാൽ ഇനി ദാമ്പത്യം മുന്നോട്ടുപോകില്ലെന്നാണ് ഇരുവരും വിവാഹമോചനത്തിനുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശം തനിക്കു വേണമെന്നാണ് അഞ്ജലിന ജോളിയുടെ പ്രധാന ആവശ്യം. ബ്രാഡ്പിറ്റിന് കുട്ടികളുമായി ചെലവഴിക്കാനുള്ള സമയക്രമം അടക്കമുള്ള കാര്യങ്ങളിൽ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആഞ്ജലിന സംവിധായിക എന്ന നിലയിലും സന്നദ്ധപ്രവർത്തക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഗോൾഡൻ​ ഗ്ലോബ്, ഓസ്‌കർ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള അവരുടെ സാൾട്ട്, വാണ്ടഡ്,  തുടങ്ങിയ ചിത്രങ്ങൾ ആഗോള ഹിറ്റുകളായിരുന്നു. 

ട്രോയ്, ഓഷ്യൻസ് ഇലവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രാഡ്പിറ്റ് ഡിപ്പാർട്ടഡ് അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ്.


പ്രധാന വാർത്തകൾ
 Top