24 February Monday

‘ഇനിയും നമ്മള്‍ പോരാടും; എല്ലാ ദിവസവും നമുക്ക്‌ വാലന്റൈൻസ് ദിനം’

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

എല്ലാ ദിവസവും വാലന്റൈൻസ് ദിനമാണ് എന്ന ഹാഷ്ടാ​ഗോടെയാണ്‌ പ്രണയദിനത്തിൽ ഭാവന തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞത്‌. കന്നട സിനിമയിലെ പ്രമുഖ നടനും നിർമാതാവുമായ നവീനുമായുള്ള പ്രണയവും പ്രണയവഴികളും സൂചിപ്പിക്കുന്നതാണ് മലയാളിയുടെ പ്രിയതാരം ഭാവന സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.

‘നമ്മളെ വേർപിരിക്കാൻവരെ  കാരണമായേക്കാവുന്ന പ്രശ്നങ്ങളെ നമ്മൾ അതിജീവിച്ചു, പ്രതിസന്ധികൾക്കെതിരെ ഇനിയും നമ്മൾ പോരാടും’ എന്ന പ്രഖ്യാപനത്തോടും കൂടിയാണ്‌ നവീനൊപ്പമുള്ള ചിത്രം  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

‘2011ൽ നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ നീയാകും എന്റെ പ്രണയമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരു നിർമാതാവും നടിയും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിനപ്പുറം നല്ല സുഹൃത്തുക്കളാകാൻ നമുക്ക് അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങൾ നല്ല സൗഹൃദങ്ങളിൽ നിന്നാണ് തുടങ്ങുന്നതെന്ന് പറയുംപോലെ, നമ്മുടെ പ്രണയം ഇന്ന് ഒമ്പത് വർഷമായി. നമ്മളെ വേർപിരിക്കാൻ കാരണമായേക്കാവുന്ന സാഹചര്യങ്ങളിലൂടെ നമ്മൾ കടന്നുപോയി.  അതെല്ലാം നമ്മൾ പ്രതിരോധിച്ച് കൂടുതൽ ശക്തരായി. എല്ലാ പ്രതിസന്ധികൾക്കുമെതിരെ ഇനിയും നമ്മൾ പോരാടും. നീയായിതന്നെ തുടരുന്നതിന് നന്ദി.  ഞാൻ നിന്നെ അതിരുകളില്ലാതെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു’– ഭാവന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

2018 ജനുവരി 22നായിരുന്നു  ഭാവനയും നവീനും തമ്മിലുള്ള വിവാഹം. വിവാഹത്തിനുശേഷം മലയാള സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം കന്നടയിൽ സജീവമാണ്‌. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ വിജയ്‌ സേതുപതി– തൃഷ ചിത്രം 96ന്റെ കന്നട പതിപ്പ്‌ 99ൽ കേന്ദ്രകഥാപാത്രമായ ജാനുവായി എത്തിയത്‌ ഭാവനയാണ്‌.  ചിത്രീകരണം പുരോഗമിക്കുന്ന ഇൻസ്‌പെക്‌ടർ വിക്രം, കന്നടയിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ ഭജറംഗിയുടെ രണ്ടാം ഭാഗത്തിലും ഭാവനയാണ്‌ നായിക. 2017ൽ ഇറങ്ങിയ പൃഥ്വിരാജ്‌ ചിത്രം ആദം ജോണാണ്‌ അവസാനമായി അഭിനയിച്ച മലയാള സിനിമ.


പ്രധാന വാർത്തകൾ
 Top