06 June Saturday

ഉണ്ട: ഹൃദയത്തിലേയ്ക്കുള്ള റൂട്ട് മാർച്ച്

കെ എ നിധിൻ നാഥ്Updated: Friday Jun 14, 2019

മമ്മൂട്ടിയുടെ ഹീറോയിക് പരിവേഷത്തിന്റെ സാധ്യതകളെ മുൻനിർത്തിയാണ് മലയാളത്തിൽ സമീപകാലത്ത് സിനിമകൾ ഒരുക്കിയിരുന്നത്. അതിൽ നിന്ന് ഖാലിദ് റഹ്മാന്റെ മാറി നടത്തമാണ് ഉണ്ട. ന്യൂട്ടൻ എന്ന ഹിന്ദി ചിത്രവുമായുള്ള സമാനതയാണ് ആദ്യം ഉണ്ടയെ ചർച്ചയാക്കിയത്. പിന്നീട് എത്തിയ പോസ്റ്റർ സിനിമയ്ക്കായുള്ള പ്രതീക്ഷ ഉയർത്തി. മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥയാണ് ചിത്രം. അനുലാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഖാലിദിന്റെ രണ്ടാമത്തെ ചിത്രം. പരിചരണത്തിലും വിഷയാവതരണത്തിലും ആദ്യ സിനിമ പോലെ ഉണ്ടയും മികവ് പുലർത്തുന്നുണ്ട്. ഒരു പത്രവാർത്തയിൽ നിന്നാണ് സിനിമയുടെ ആദ്യ ചർച്ചകൾ നടക്കുന്നത്. ചെറിയ ഒരു വിഷയത്തെ രണ്ട് മണിക്കൂറിലധികമുള്ള സിനിമയാക്കി മാറ്റുക എന്ന വെല്ലിവിളി വളരെ മികവോടെയാണ് തിരക്കഥകൃത്ത് ഹർഷാദ് ഏറ്റെടുത്തത്. അനുരാഗ കരിക്കിൻ വെള്ളമെന്ന ആദ്യ സിനിമയിൽ നിന്ന് അടിമുടി മാറിയ ഒരു സിനിമ ഇടപെടലാണ് ഖാലിദ് ഇവിടെ നടത്തിയത്.മമ്മൂട്ടിയുടെ ഹീറോയിക് പരിവേഷം പൂർണമായും അഴിച്ചുവെച്ച കഥാപാത്രമാണ് എസ് ഐ മണികണ്ഠൻ. ബസ്തറിലെ മാവോയിസ്റ്റ് മേഖലയിൽ തെരഞ്ഞെടുപ്പ് നടത്താൻ പോകുന്ന സംഘത്തിനെ നയിക്കുന്ന മണി മമ്മുട്ടിയുടെ മുൻ പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം തന്നെ വേറിട്ടതാണ്. മമ്മുട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളയൊന്നുമില്ലാത്ത കഥാപാത്രമാണ് മണി സർ. അഭിനയ സാധ്യതയ്ക്ക് വലിയ ഇടമില്ലാത്ത കഥാപാത്രം  പക്ഷെ ഏറ്റവും ഭംഗിയായി മമ്മുട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഭയം സിനിമയുടെ ഒരു പ്രധാന ഘടകമാണ്. ആവശ്യത്തിന് ആയുധങ്ങളില്ലാതെ ഏത് നിമിഷവും മരണം സംഭവിക്കാവുന്ന ഒരിടത്ത് നിൽക്കുന്ന ഒരു സംഘം, ഇവരുടെ ഓരോ നിമിഷത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ തുടങ്ങി ഒരോ കഥാപാത്രത്തിനും കൃത്യമായി ഇടം നൽകിയാണ് സിനിമ വികസിക്കുന്നത്.കഥയുടെ ഒഴുക്കിനൊപ്പമുള്ള തമാശയും ഒപ്പം ഒരു ഭീതിയും നിലനിർത്തികൊണ്ടാണ് സിനിമയുടെ ആദ്യ ഭാഗം. കഥാപാത്രങ്ങളെ പ്രേക്ഷകനിലേയ്ക്ക് കൃത്യമായി അടുപ്പിക്കാൻ ആദ്യ ഭാഗത്തിലൂടെ കഴിയുന്ന തരത്തിലാണ് തിരക്കഥ. ഭയപ്പെടുന്ന, നിരാശരാവുന്ന സാധാരണക്കാരനായ പൊലീസാണ് മമ്മുട്ടിയുടെ മണി സർ. റിയലിസ്റ്റിക് കഥാപാത്രങ്ങളാണ് സിനിമയെ മലയാളിയ്ക്ക് അത്ര പരിചിതമല്ലാത്ത പശ്ചാത്തലമായിട്ട് പോലും അടുപ്പിച്ച് നിർത്തുന്നത്. രസകരമായ ഒരു ആസ്വാദന ശെെലി  പുലർത്തുമ്പോഴും പൊള്ളുന്ന ചില യാഥാർഥ്യങ്ങളും സിനിമ സംസാരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം സിനിമ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ആദ്യ ഘട്ടത്തിൽ പാസിങ് സംഭാഷങ്ങളായും പിന്നീട് പ്രധാന തന്തുവിനൊപ്പം നിൽക്കുന്നവിഷയമായി തൊഴിലിടങ്ങളിൽ നേരിടുന്ന ജാതി വിവേചനം സിനിമ ചർച്ച ചെയ്യുന്നുണ്ട്. നല്ല ജോലി കിട്ടിയാൽ  ആദിവാസിയായതിന്റെ പേരിൽ നേരിടുന്ന പരിഹാസങ്ങൾ മാറുമെന്ന പ്രതീക്ഷ തകർന്ന് നിൽക്കുന്ന കഥാപാത്രം തുറന്നിടുന്നത് നമ്മുടെ സമൂഹ യാഥാർഥ്യത്തിലേയക്കാണ്.ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ നേരിടുന്ന പ്രതിസന്ധിയും അപകടവുമെല്ലാം ഭാഗമാക്കുന്ന സിനിമ, മാവോയിസ്റ്റ് ലേബലിൽ നടക്കുന്ന അക്രമണങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മാവോയിസ്റ്റായി ആളുകളെ മുദ്രകുത്തുന്ന, എൻകൗണ്ടർ കൊലപാതകങ്ങളും സിനിമയിലുണ്ട്.  നർമം പശ്ചാത്തലമായി നിർത്തി ഏറ്റവും നന്നായി സാമൂഹിക വിഷയങ്ങൾ സംസാരിച്ച ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാൻ മലയാള സിനിമയിൽ ഇനിയും മികച്ച സിനിമകൾ സമ്മാനിക്കുമെന്ന പ്രതീക്ഷയ്ക്ക് മുകളിലാണ് ഉണ്ട അവസാനിക്കുന്നത്. ആദ്യ തിരക്കഥയിൽ തന്നെ ചെറിയൊരു സംഭവത്തെ അടിസ്ഥാനമാക്കി ഇത്രയും രസകരമായി എന്നാൽ അതീവ ശ്രദ്ധയോടെ വായിച്ചെടുക്കേണ്ട രംഗങ്ങൾ ഒരുക്കിയ ഹർഷാദിനാണ് കെെയടി.സിനിമയുടെ മൂഡിനെ കൃത്യമായി അടയാളപ്പെടുത്താൻ പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതത്തിനും സജിത്തിന്റെ ക്യാമറയ്ക്കും കഴിഞ്ഞിട്ടുണ്ട്. ചിലയിടത് സിനിമ ഒരു സർവെെവൽ ത്രില്ലർ ശെെലിയിലേയ്ക്ക് മാറുന്നുണ്ട്. ഭയവും അതിജീവിനവുമെല്ലാം കൃത്യമായി പ്രേക്ഷകനിലേയ്ക്ക് എത്തിക്കുന്നത് സംഗീതമാണ്. വിഷ്വലുകളിലേയ്ക്ക് പ്രേക്ഷക ശ്രദ്ധ കടത്തി വിടാതെ കഥാപത്രങ്ങളിൽ പ്രേക്ഷകനെ നിർത്തുന്ന പരിചരണ രീതിയാണ് സിനിമ ഉപയോഗിച്ചിരിക്കുന്നത്.  യഥാർഥ്യങ്ങൾ അംഗീകരിക്കാൻ തയാറാവാത്ത/ മറച്ച് പിടിക്കുന്ന ഒരു ലോകമാണ് ഉണ്ടയുടെ ഇതിവൃത്തം. അതിനാൽ തന്നെ സിനിമയ്ക്കെതിരെ ഒരുപക്ഷെ ഉയർന്ന് വരാൻ സാധ്യതയുള്ള വിമർശനം കേരള പൊലീസിനെ പരിഹസിച്ചുവെന്നതാണ്.അതിഭാവുകത്വം നിറയ്ക്കാതെ സിനിമ ആവശ്യപ്പെടുന്നത് മാത്രമാണ് ഉണ്ടയിലുള്ളത്. ടെെറ്റിലിങിൽ തുടങ്ങി ഇത് ദൃശ്യമാണ്. മമ്മുട്ടിയെന്ന സൂപ്പർ താരത്തിനെയല്ലാതെ നടനെ കാണണമെങ്കിൽ ഇതര ഭാഷ സിനിമകൾ കാണണമെന്ന സമീപകാല വിമർശനത്തിലുള്ള മറുപടിയാണ് ഉണ്ട. താര പരിവേഷം പൂർണമായും ഒഴിവാക്കി നടനിലേയക്ക് വളരുന്ന കഥാപാത്രമാണ് മണി സർ. ഓംകാർ ദാസ് മണിക്പുരി എന്ന നടനെക്കുറിച്ച് പറയാതെ ഉണ്ട പൂർണവാമില്ല. അത്ര മികവോടെയുള്ള പ്രകടനാണ് അദ്ദേഹത്തിന്റെത്. എല്ലാവരുടെയും മികച്ച പ്രകടനം കൊണ്ട് അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഏറ്റവും മികവ് മണിക്പുരിയുടെ കുണാൽ ചന്ദാണ്. ഇതു നിന്റെ മണ്ണാണ്.. ഇവിടം വിട്ടു പോകരുത്.. ചാകാൻ നിക്കരുത്.. ജീവിക്കണം... മണി സാർ  കുണാൽ ചന്ദിനോട് പറയുന്ന സംഭാഷണത്തിലാണ് സിനിമ അവസാനിക്കുന്നത്. സിനിമ രണ്ട് മണിക്കൂറിൽ പറഞ്ഞതെല്ലാം കൂട്ടിയോജിപ്പിക്കുന്നത് ഇതിലൂടെയാണ്. ഉണ്ട കെെയടി അർഹിക്കുന്ന ഒരു സിനിമാ ശ്രമമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top