21 April Sunday

സ്ത്രീകളൊന്നിച്ചാല്‍ തടയാനാര്‍ക്കുമാകില്ല

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

സ്ത്രീകളെ സംബന്ധിച്ച് സിനിമയിൽ ലൈംഗിക ചൂഷണമെന്നത് ഇപ്പോഴൊരു പ്രധാന മാനദണ്ഡമായി മാറിയിരിക്കുകയാണെന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ ബോളിവുഡ്താരം പ്രിയങ്ക ചോപ്ര. എന്നാൽ, ഇപ്പോൾ സ്ത്രീകൾ ശക്തരായി മാറിക്കൊണ്ടിരിക്കുകയാണ്, സംഘടിച്ച് മുന്നേറുന്ന അവരെ തടഞ്ഞുവയ്ക്കാൻ ആർക്കുമാകില്ല-, നടി ഓർമിപ്പിച്ചു. ന്യുയോർക്കിൽ സംഘടിപ്പിച്ച വനിതകളുടെ ലോക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. മീ ടൂ പ്രസ്ഥാനത്തെ തുടർന്ന് ഹോളിവുഡിലും ബോളിവുഡിലും പെൺമുന്നേറ്റമാണ് സംഭവിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

എത്ര ജാഗ്രതയോടെ പെരുമാറിയാലും സ്ത്രീകൾക്കെതിരെ ഏതെങ്കിലുമൊരുഘട്ടത്തിൽ കൈയേറ്റം ഉണ്ടാകുന്നു. അപ്പോഴെല്ലാം പയ്യന്മാരെല്ലാം അങ്ങനെയാണെന്ന അഴകൊഴമ്പൻ നിലപാടാണ് പൊതുവേ സ്വീകരിക്കപ്പെടുന്നത്. എന്നാൽ, ദുരനുഭവം സ്ത്രീകൾ പരസ്യമായി തുറന്നുപറയാൻ തുടങ്ങിയതോടെ സ്ഥിതിയിൽ മാറ്റമുണ്ടായി. മീ ടൂ പ്രസ്ഥാനത്തെ തുടർന്ന് സമൂഹത്തിൽ സ്ത്രീകൾ പുതിയ ഒരുതരം സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങി. പണ്ട് തുറന്നു പറയുന്നവരുടെ എണ്ണം കുറവും ശബ്ദം ദുർബലവുമായിരുന്നു. ഇപ്പോൾ സ്ത്രീകൾ പരസ്പരം കൈകോർത്തിരിക്കുകയാണ്. പ്രതിഷേധത്തിന്റെ സ്വരം കനക്കപ്പെടാൻ അതുസഹായിച്ചെന്നും പ്രിയങ്ക പറഞ്ഞു.

ചലച്ചിത്രലോകത്തുനിന്ന‌് വ്യക്തിപരമായ ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യമുയർന്നപ്പോൾ, ഇവിടെയിരിക്കുന്ന എല്ലാ സ്ത്രീകൾക്കും അത്തരം അനുഭവം കാണും, അതൊരു മാനദണ്ഡമായി മാറിയിരിക്കുകയാണല്ലോ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഹോളിവുഡ് ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഇന്ത്യൻ വംശജ എന്ന ഗണത്തിലും സ്വഭാവത്തിലുമുള്ള കഥാപാത്രങ്ങളാണ് ഹോളിവുഡിൽ തന്നെ തേടിവരുന്നതിലേറെയും. ബോളിവുഡിൽ തനിക്ക് ലഭിച്ചതിനും അപ്പുറത്ത് അഭിനയസാധ്യതയുള്ള വേഷങ്ങളാണ് തേടുന്നതെന്നും അവർ പറഞ്ഞു.

അമേരിക്കയിലെ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയങ്ക ചോപ്രയുടെ ബേവാച്ച്, എ കിഡ് ലൈക് ജാക് തുടങ്ങിയ ചിത്രങ്ങൾ ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടിരുന്നു. ഈസ് ഇന്റ് ഇറ്റ് റൊമാന്റിക് ആണ് അവസാനമിറങ്ങിയ ചിത്രം. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ വരാനിക്കുന്ന ബോളിവുഡ് ചിത്രം. ഡൽഹിസ്വദേശിയായ ഐഷ ചൗധരി എന്ന ഭിന്നശേഷിക്കാരിയായ കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കുട്ടിയുടെ അമ്മയുടെ വേഷമാണ് പ്രിയങ്കയ‌്ക്ക്. സൊണാലി ബോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സഹനിർമാതാവ് കൂടിയാണ് പ്രിയങ്ക.


പ്രധാന വാർത്തകൾ
 Top