24 January Friday

അയ്യേ!!! അനുപം ഖേറിന് പാർവതിയുടെ ഒറ്റ വാക്ക് പരിഹാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

കേന്ദ്രസർക്കാരിനെ പിന്തുണയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് രം​ഗത്തുവന്ന ബോളിവുഡ് നടൻ അനുപം ഖേറിന് പാർവതിയുടെ പരിഹാസം. പൗരത്വ ഭേദ​ഗതി നിയമം, കശ്മീരിന്റെ സ്വയംഭരണാധികാരം റദ്ദാക്കൽ, എൻആർസി തുടങ്ങി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിൽ സർക്കാരിനൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ടാണ് അനുപം ഖേർ സാമൂഹ്യമാധ്യമങ്ങളിലൂടെ രം​ഗത്തുവന്നത്. അനുപമിന്റെ സർക്കാർ പിന്തുണ തേടിയുള്ള വീഡിയോ ‘അയ്യേ’ എന്ന അടിക്കുറിപ്പോടെ പങ്ക് വച്ചായിരുന്നു നടി പാർവതിയുടെ ഒറ്റ വാക്ക് പരിഹാസം.

സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ്  എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത് എന്ന അടിക്കുറിപ്പോടെ ന്യായീകരണവുമായി നടൻ എത്തിയത്.

‘ചില ആളുകൾ രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുകയാണ്. അത് സംഭവിക്കാൻ അനുവദിക്കരുത്. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം’–-- അനുപം ഖേർ വീഡിയോയിൽ പറഞ്ഞു. ഇതിനെയാണ്‌ ‘അയ്യേ’ എന്ന ഒറ്റവാക്കിലൂടെ പാർവതി കളിയാക്കി വിട്ടത്‌. പൗരത്വനിയമത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധവുമായി പാർവതി രം​ഗത്തുണ്ട്. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ബോളിവുഡ് താരങ്ങൾ പങ്കെടുത്ത പ്രതിഷേധപരിപാടിയിൽ പാർവതിയും ഭാ​ഗമായിരുന്നു.

സ്വര ഭാസ്കർ, ഹിമ ഖുറേഷി, ഫർഹാൻ അക്തർ, കബീർ സിങ്, മനോജ് വാജ്പേയി, റിച്ച ചന്ദ, ശബാന ആസ്‌മി, അനുരാ​ഗ് കശ്യപ്, സിദ്ധാർഥ് തുടങ്ങി ബോളിവുഡ് താരങ്ങളുടെ വലിയ നിരതന്നെ പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു.

കേന്ദ്ര സർക്കാരിന്റെ മുഖം മിനുക്കുന്നതിന്റെ ഭാ​ഗമായി ബിജെപി സംഘടിപ്പിച്ച അത്താഴവിരുന്നിൽനിന്ന് പ്രമുഖ താരങ്ങളെല്ലാം വിട്ടു നിൽക്കുകയും ചെയ്‌തിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന സിനിമയിൽ ഉറൂബിന്റെ രാച്ചിയമ്മയാകാൻ ഒരുങ്ങുകയാണ് പാർവതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top