26 August Monday

കശ്മീരിനെക്കുറിച്ച് വിജയ് സേതുപതിക്ക് പറയാനുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ജീവിതത്തിൽ സ്വന്തമായി നിലപാടുകളുണ്ടെന്നും അത് തുറന്നുപറയാൻ മടിയില്ലെന്നും വിജയ് സേതുപതി പണ്ടേ തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രശ്‌നങ്ങളിൽ അഭിപ്രായം പറഞ്ഞാൽ അവസരംകുറയുമെന്ന് സൂപ്പർ മെഗാതാരങ്ങൾ പോലും ഭയക്കുമ്പോൾ, തമിഴകത്തിന്റെ മക്കൾ സെൽവൻ വ്യത്യസ്തനാണ്.

പ്രത്യേകപദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയ കേന്ദ്രസർക്കാർ നടപടി തീർത്തും ജനാധിപത്യവിരുദ്ധമാണെന്ന് വിജയ് സേതുപതി പറഞ്ഞു. ഓസ്‌ട്രേലിയയിലെ തമിഴ് റേഡിയോക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. "കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമാണ്. ഒരാൾക്ക് മറ്റുള്ളവരോട് കരുണയാകാം. എന്നാൽ, തീരുമാനങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കാൻ അധികാരമില്ല എന്ന് പെരിയാർ പറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ നീക്കം എന്നെ ദുഃഖിതനാക്കി. കശ്മീരിലെ കാര്യം കശ്മീരിലെ ജനതയാണ് തീരുമാനിക്കേണ്ടത്'–- -വിജയ് സേതുപതി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനാണ് താരം മെൽബണിൽ എത്തിയത്. സൂപ്പർഡീലക്‌സിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള മേളയിലെ പുരസ്‌കാരം വിജയ് സേതുപതി നേടി. ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, രൺവീർ സിങ്, മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് വിജയ് സേതുപതിയുടെ പുരസ്കാരനേട്ടം. ഹിന്ദി ചലച്ചിത്രങ്ങൾ ആഘോഷിക്കപ്പെടുന്ന മേളയിൽ തമിഴ്‌നടന് ലഭിച്ച അംഗീകാരം ചെറുതല്ല.

മേളയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ വിജയ് സേതുപതിയെ പ്രശംസിച്ചു. "എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന നടനാണ് നിങ്ങൾ' എന്നാണ് ഷാരൂഖ് പറഞ്ഞത്.  ബോളിവുഡ് സൂപ്പർതാരം ആമിർഖാനൊപ്പം താൻ ഉടൻ സിനിമ ചെയ്യുമെന്ന് മേളയിൽവച്ച് വിജയ് സേതുപതി പ്രഖ്യാപിച്ചു. അടുത്തിടെ വിജയ് സേതുപതി ചിത്രം "സങ്ക തമിഴ'ന്റെ സെറ്റിൽ ആമിർഖാൻ സന്ദർശനം നടത്തി. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. വിജയ് സേതുപതിയും മാധവനും അഭിനയിച്ച ഹിറ്റ് ചിത്രം "വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതി ചെയ്ത ഗുണ്ടാതലവന്റെ വേഷം ആമിർഖാനും മാധവന്റെ പൊലീസ് വേഷം സെയ്ഫ് അലിഖാനുമാണ് അവതരിപ്പിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top