18 February Monday

സിനിമാരംഗത്ത് കുറ്റവാളികള്‍ കൂടുന്നത് നാണക്കേട്: മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മുട്ടി, മോഹന്‍ലാല്‍, രമ്യാനമ്പീശന്‍, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്ന് അറിയിക്കുന്നു

കൊച്ചി > സിനിമാമേഖലയില്‍ കുറ്റവാളികള്‍ വര്‍ധിക്കുന്നത് നാണക്കേടാണെന്ന് നടന്‍ മമ്മൂട്ടി. എന്നാല്‍ അത്തരക്കാരെ തിരിച്ചറിയാന്‍ സംഘടനയ്ക്ക് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ അടിയന്തര യോഗത്തിനുശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 

ദിലീപിനെ അറസ്റ്റ്ചെയ്തതിനാല്‍ അദ്ദേഹത്തെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കംചെയ്തു. ഇരയാക്കപ്പെട്ടത് ഞങ്ങളുടെ സഹോദരിയാണ്. ഇതുവരെ അവര്‍ക്കൊപ്പമായിരുന്നു തുടര്‍ന്നും അങ്ങനെയാകും. വ്യക്തിപരമായും അല്ലാതെയും കേസുമായി സഹകരിക്കും. കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നതിനാലാണ് ഇതുവരെ ഒരു തീരുമാനം എടുക്കാതിരുന്നത്. ആവശ്യമെങ്കില്‍ അമ്മ പുനഃസംഘടിപ്പിക്കും. ഇന്നസെന്റ് ചികിത്സയിലായതിനാലാണ് യോഗത്തിന് വരാതിരുന്നത്.

കൂടുതല്‍ വിശദമായ എക്സിക്യൂട്ടീവ് ഉടന്‍ ചേരും. അതിലാകും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുക. അമ്മ എന്ന സംഘടന അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്്. മുമ്പ് മാധ്യമങ്ങളോട് മോശമായി പെരുമാറിയത് യാദൃച്ഛിക സംഭവമായിരുന്നു. ഒരിക്കലും ഞങ്ങളെ തെറ്റിദ്ധരിക്കരുത്. അങ്ങനെ സംസാരിച്ചതില്‍ ഖേദിക്കുന്നു- മമ്മൂട്ടി പറഞ്ഞു.  അതിനിടെ യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്ത മോഹന്‍ലാല്‍ പിന്നീട് നിഷേധിച്ചു.

കടുത്ത ശിക്ഷ നല്‍കണം: ഇന്നസെന്റ് 

കൊച്ചി > നടന്‍ ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കാന്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എംപി അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇത് അറിയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്ക് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൌരവത്തോടെ മാത്രമേ കാണാനാകൂ. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്തശിക്ഷ കിട്ടുകതന്നെ വേണം. കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് 'അമ്മ'യിലെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ 'അമ്മ' പോലൊരു സംഘടനയില്‍ ഒരുകാരണവശാലും ഉള്‍പ്പെടുത്താനാകില്ല.

രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായതിനാല്‍ എനിക്ക് 'അമ്മ'യുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. 'അമ്മ' നേരത്തെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശനവിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദവിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ 'അമ്മയ്ക്ക്' കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതി ഉണ്ട്. ഇതിനര്‍ഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസംമുതല്‍ ഞങ്ങളുടെ സഹോദരിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.

കടുത്ത മാനസികപ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമെന്ന് 'അമ്മ' ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ അമ്മയ്ക്കുള്ള സന്തോഷം അറിയിക്കുന്നു.

തീരുമാനം എതിരില്ലാതെ: പൃഥ്വിരാജ്

കൊച്ചി > ദിലീപിനെ 'അമ്മ'യില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജ്. തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ 10 മിനിറ്റുകൊണ്ട് കാര്യങ്ങളില്‍ തീരുമാനമായി. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ആരും കുറ്റവാളിയാകുന്നില്ല. ക്രിമിനലുകള്‍ ഇനിയും സിനിമയിലുണ്ടോ എന്നറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top