01 April Wednesday

അവരുടെ വിശുദ്ധരാത്രികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020

സമൂഹം മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവരെ ചേര്‍ത്തുപിടിച്ച് വീണ്ടുമൊരു മലയാള സിനിമ . വിശുദ്ധരാത്രികൾ എന്ന് പേരിട്ട ചിത്രം ജാതീയത, കപട സദാചാരം, ലിംഗവിവേചനം തുടങ്ങിയ സമൂഹത്തിലെ യാഥാർഥ്യങ്ങള്‍ വിമർശനാത്മകമായി  ആക്ഷേപഹാസ്യത്തോടെ അഞ്ച് കഥയിലൂടെ നോക്കിക്കാണുകയാണ്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സാണ്. സമൂഹത്തിന്റെ കപട സദാചാര ബോധത്തിനുനേർക്ക്  തുറന്ന കാഴ്ചയൊരുക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്ന ചിത്രം ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ജീവിതാനുഭവം വരച്ചിടും. ശീതൾ ശ്യാം, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അന്തോളജി വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം അഞ്ചു രാത്രിയിലായി നടക്കുന്ന  സംഭവങ്ങളെ  പ്രമേയമാക്കിയാണ് ഒരുക്കുന്നത്. മലയാള സിനിമാ -നാടകമേഖലയിലെ കലാകാരൻമാർക്കുപുറമെ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കൾ, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, കെ ബി വേണു, ശരത് സഭ, ശ്രീജയ നായർ തുടങ്ങിയവരും അഭിനേതാക്കളാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ ഡോ. എസ് സുനിലാണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്.

കവി അൻവർ അലി സംഗീതം നൽകുന്ന ചിത്രത്തില്‍ ദേശീയ അവാർഡ് ജേതാവ് ടി കൃഷ്‌ണനുണ്ണിയാണ് ശബ്ദസംവിധായകൻ. സണ്ണി ജോസഫാണ് ക്യാമറാമാന്‍.
ഫിലിം നൊമാഡ്സ്, പോത്തുട്ടൻസ് പ്രൊഡക്‌ഷൻസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നാടകനടന്‍ സുധി പാനൂർ, ചലച്ചിത്ര സംവിധായകന്‍ എബ്രു സൈമൺ, നാടക ഗവേഷകന്‍ ജെബിൻ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ്സിന്റെ അണിയറ പ്രവർത്തകർ.


പ്രധാന വാർത്തകൾ
 Top