27 March Wednesday

സിനിമയ്ക്കുള്ളിലേക്ക് പെണ്‍നോട്ടവുമായി 'മൈ സ്റ്റോറി'

അനശ്വര കൊരട്ടിസ്വരൂപം Updated: Saturday Jul 7, 2018

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

ഒരു സിനിമ ഇറങ്ങുന്ന കാലഘട്ടവും ഏറെ പ്രധാനമാണ് എന്നാണ് മലയാള സിനിമ ഇന്ന് ലോകത്തോട് വിളിച്ചു പറയുന്നത്.  മലയാള സിനിമയിൽ ഡബ്ലിയുസിസി ഉയർത്തിയ രാഷ്ട്രീയ നിലപാടുകൾ എഎംഎംഎ എന്ന താര സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന സമയത്താണ്  സ്ത്രീ സംവിധായികയായ റോഷ്നി  ദിനകരിന്റെ കന്നി ചിത്രം മലയാളത്തിൽ പുറത്തിറങ്ങുന്നത്.

മമ്മൂട്ടിയുടെ  ചിത്രമായ കസബക്കെതിരെ ഐ എഫ് എഫ് കെ വേദിയിൽ വിമർശനം ഉന്നയിച്ചു എന്നതുകൊണ്ട് ഫാൻസ് വെട്ടുകിളി കൂട്ടത്തിന്റെ ആക്രമണം നേരിടേണ്ടി വന്ന പാർവതിയാണ് ചിത്രത്തിലെ നായിക . അതിനാൽതന്നെ ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബിൽ  റിലീസ് ആയ അന്ന് ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക്ക്കുകൾ നേടി വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഈ പ്രവണതക്കെതിരെയും ഏറെ വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. പാർവതിയുടെ സിനിമ കണ്ടാൽ അത് 'ഫെമിനിച്ചികൾക്ക്' പിന്തുണ നൽകും എന്നതാണ് മൈസ്റ്റോറി എന്ന ചിത്രത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നവരുടെ പ്രചാരണ വാചകം. എഎംഎംഎ യിൽ നിന്നും രാജിവച്ച നടിമാരെ പിന്തുണയ്ക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിന്റെ നായകൻ എന്നതും ഈ പിന്തിരിപ്പൻ ക്യാമ്പയിന് പിറകിലെ കാരണമാണ്.


 
തെന്നിന്ത്യൻ സിനിമകളിൽ വസ്ത്രാലങ്കാരം വിഭാഗത്തിൽ ഏറെ കാലത്തെ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ് സംവിധായികയായ  റോഷ്‌നി.  സിനിമയും അതിന്റെ രീതികളും അവർക്ക്‌ ഒരിക്കലും  അപരിചിതമായിരുന്നുല്ല. സിനിമക്കുള്ളിലേ കഥ പറയുന്ന ചിത്രങ്ങൾ നാം ഏറെ കണ്ടു കഴിഞ്ഞു. ആ ശ്രേണിയിലേക്ക് ഒരു സ്ത്രീ സംവിധായികയുടെ ഉൾക്കാഴ്ചകൾ കൂടി ചേർത്തുകൊണ്ടാണ് മൈ സ്റ്റോറി എത്തുന്നത്.

സിനിമ നടനാകാൻ ആഗ്രഹിച്ചു ഏറെ കാലത്തെ കഷ്ടപ്പാട് കൊണ്ട് വിജയിക്കുന്ന യുവാവാണ് ജയകൃഷ്ണൻ അഥവാ ജെയ്. തന്റെ ആദ്യ ചിത്രത്തിൽ നായികയാവുന്ന താര എന്ന  തെന്നിന്ത്യൻ സൂപ്പർ നായികയുമായി  ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥയാണ് മൈ സ്റ്റോറി. ഈ കഥാപാത്രങ്ങളുടെ വൈകാരിക സഞ്ചാരമാണ്  ചിത്രം പറയുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.

ഒരേ കഥാപാത്രങ്ങൾ വന്നുപോകുന്ന കാലഘട്ടങ്ങളിൽ പക്ഷെ യാതൊരു ആശയകുഴപ്പത്തിനും ഇടവരാത്ത രീതിയിൽ കഥ കൈകാര്യം ചെയ്തിട്ടുമുണ്ട്. തിരക്കഥ എഴുതിയ ശങ്കർ രാമകൃഷ്ണൻ അതിൽ കയ്യടി അർഹിക്കുന്നു.  വസ്ത്രാലങ്കാര രംഗത്തെ ദീർഘകാല പരിചയം കഥാപത്രങ്ങളുടെ വ്യത്യസ്ത കാലം അടയാളപ്പെടുത്തന്നത് രൂപകൽപ്പന ചെയ്യാൻ റോഷ്‌നിയെ സഹായിച്ചിരിക്കണം.

പോർച്ചുഗലിൽ സിനിമ ഷൂട്ടിങ്ങിനായി എത്തുന്ന സിനിമാസംഘത്തിന്റെ കഥ ആയതിനാൽ ആ നഗരത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തുള്ള  ഷോട്ടുകളാണ് ചിത്രത്തിൽ .

റോഷ്‌നി ദിനകർ (സംവിധായക)

റോഷ്‌നി ദിനകർ (സംവിധായക)

ഒരു നഗരത്തെ അറിയാൻ അവിടെയുള്ള മ്യൂസിയമോ ടൂറിസ്റ്റു സ്പോട്ടുകളോ അല്ല അവിടത്തെ കള്ളു കുടിക്കണം എന്ന് പറയുന്ന നായികയാണ്  ഈ   സിനിമയുടെ  ഏറ്റവും മനോഹരമായ കഥാപാത്രം.  അന്തർദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ നേടിയ പാർവതി എന്ന നടിയുടെ അഭിനയശേഷി എടുത്തുപറയേണ്ട കാര്യമല്ല  . ചിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രത്തെയും  അതിന്റെ സഞ്ചാരത്തെയും  അടയാളപ്പെടുത്താൻ പാർവതിക്കായി.  ഒരു സിനിമയിൽ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അഭിനയിച്ചു  ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ മൈസ്റ്റോറിയിലെ താരയും ഹിമയും ഒരേ അഭിനേത്രിയുടെ കഥാപാത്രങ്ങൾ ആണെന് തോന്നിപ്പിക്കാത്ത വിധം അവതരിപ്പിക്കാൻ പാർവതിക്ക് കഴിഞ്ഞു.   പൃഥ്വിരാജ് എന്ന നടന്റെ ഭേദപ്പെട്ട അഭിനയവും ചിത്രത്തിലെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്. ചിലയിടങ്ങളിലെങ്കിലും ഒരു നാടകത്തിന്റെ ലാഞ്ചന അദ്ദേഹത്തിന്റെ അഭിനയങ്ങളിൽ വരുന്നുണ്ട് എന്ന് തോന്നുമെങ്കിലും ചിത്രത്തിലെ മുതിർന്ന നടന്റെ റോൾ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്. ഹിമ എന്ന കഥാപാത്രത്തിന്റെ അവതരണത്തിലും ഈ പോരായ്മയുണ്ട്.

നാസർ, മണിയൻപിള്ള രാജു, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥയിൽ വലിയ  താരനിരയോ അനേകം കഥാപാത്രങ്ങളോ ഇല്ല എന്നത് ആശയക്കുഴപ്പം ഒഴിവാക്കാൻ ഏറെ സഹായിച്ചു. ഗണേഷ് വെങ്കിട്ടരാമന്റെ വില്ലൻ വേഷത്തിനു ഏറെ ഒന്നും ചെയ്യാനില്ല എങ്കിലും ഗൂഢമായ ഒരു ഭയത്തിന്റെ ടോൺ സിനിമയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ഡേവിഡ് എന്ന ബിസിനസ്‌  ടൈക്കൂൺ കഥാപാത്രത്തിന് സാധിച്ചു.

ഹരിനാരായണൻ എഴുതിയ ഗാനങ്ങൾ ഏറെ ഹൃദ്യമാണ്. ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന് നവോന്മേഷം പകരുന്നു. ഒന്നോ രണ്ടോ ഗാനങ്ങൾ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന വിമർശനം അപ്പോഴും നിലനിൽക്കുന്നുമുണ്ട്.

ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും ആണ് എടുത്തുപറയേണ്ട മറ്റു പ്രധാന കാര്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ വിദേശരാജ്യത്ത് ഭൂരിഭാഗം ചിത്രീകരണവും നടത്തിയ ഒരു ചിത്രത്തിൽ മനോഹരങ്ങളായ ഷോട്ടുകൾ ഉണ്ടാകും എന്നത് പ്രത്യേകം പ്രസ്താവ്യമല്ല.ഡൂഡ്‌ലെ,  വിനോദ് പെരുമാൾ എന്നിങ്ങനെ  രണ്ടു ക്യാമറാമാൻ ഉണ്ട് ചിത്രത്തിൽ, ഇന്ത്യയിലെയും  പോർച്ചുഗല്ലിലെയും ചിത്രീകരണത്തിന്  വേണ്ടിയാവണം ഈ രണ്ടു വ്യത്യസ്ത ടെക്‌നീഷ്യന്മാരെ ഉപയോഗിച്ചത്. എഡിറ്റിങ്ങിനു ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് മൈ സ്റ്റോറി. വിവിധ കാലഘട്ടങ്ങൾ ഇടകലർന്നു വരുമ്പോൾ അതിന്റെ തുടർച്ചയും വ്യത്യാസവും ആളുകൾക്ക് ബോധ്യപ്പെടുത്തുക എന്നത് ശ്രമകരമായ ഒന്നാണ്.  പക്ഷെ പ്രിയങ്ക്‌ പ്രേംകുമാർ എന്ന എഡിറ്റർ അതിനെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ചിത്രത്തിന്റെ പോരായ്മകൾ എന്ന് പറയേണ്ടത്  രണ്ടാം പകുതിയിലെ  ലാഗ് ആണ്. തിരക്കഥയും എഡിറ്റിങ്ങും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന കുറച്ചു സീനുകൾ എങ്കിലും ഉണ്ട് എന്ന് പറയാതെ വയ്യ. ക്‌ളൈമാക്‌സിനു തൊട്ടുമുന്നെയുള്ള ഉഗ്രൻ ട്വിസ്റ്റിനെ വേണ്ട വിധം കൈകാര്യം ചെയ്യാൻ പക്ഷെ സംവിധായികയ്ക്ക്  സാധിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യപകുതിയിൽ കഥ കൊണ്ടുപോകുന്ന വഴികൾ നമുക്ക് അപരിചിതമാണെങ്കിലും മുന്നോട്ടു ചെല്ലുംതോറും ഊഹിക്കാവുന്ന ക്‌ളൈമാക്‌സ് ആണ് എന്നതും ചിത്രത്തിന്റെ പോരായ്മയാണ്.

സ്ത്രീകൾ സംവിധായകർ ആകുമ്പോൾ എന്താണ് പ്രത്യേകത എന്ന് പലപ്പോഴും ചോദ്യങ്ങൾ ഉയർന്നു കേൾക്കാറുണ്ട് . എങ്ങിനെയാണ് ഒരു സ്ത്രീകാഴ്ച പുരുഷന്റെ കാഴ്ചയിൽനിന്നും വ്യത്യസ്തമാകുന്നത്  എന്നതിന്റെ ചില കിരണങ്ങൾ എങ്കിലും മൈസ്റ്റോറിയിൽ കാണാൻ സാധിക്കും. അതേപോലെയാണ് ക്യാമറയുടെ കണ്ണുകളും. പെണ്ണ് എന്നാൽ ശരീരമാണ് എന്നും  നായിക എന്നാൽ അഭിനയശേഷിക്കപ്പുറം ശരീരഭംഗിയാണ് എന്നും പറഞ്ഞുവയ്ക്കുന്ന സിനിമയിൽ male gazeഅഥവാ ആൺ കാഴ്‌ചയുടെ ഉപകരണമായി പ്രവർത്തിക്കുന്നത് മിക്കപ്പോഴും ക്യാമറയുമാണ്. എന്നാൽ വളരെ ഇഴുകിഅഭിനയിക്കുന്ന സീനുകളിൽ പോലും ഈ ചിത്രം നായികയുടെ ശരീരം എന്നതിനപ്പുറത്തേക്കു സഞ്ചരിക്കുന്നത് സ്ത്രീ സംവിധായിക എന്ന ഘടകം കൊണ്ടുകൂടിയാണ്.

ഒരു രാത്രിയിൽ ഞാൻ എന്റെ കഥപറയട്ടെ എന്ന് ചോദിക്കുകയും  പക്ഷെ അത് നിങ്ങളോടല്ല ഈ രാത്രിയോടാണ്‌  ഞാൻ പറയുക എന്ന് പറഞ്ഞുകൊണ്ട്  നിശബ്ദമായി കരയുന്ന നായികയുടെ കണ്ണുനീരിലാണ് അവരുടെ കഥയെന്നു മാത്രം സൂചിപ്പിച്ചുകൊണ്ട് കൂടിയാണ് മൈ സ്റ്റോറി കടന്നു പോകുന്നത്. ഒരു സ്ത്രീയുടെ വൈകാരികതയുടെ പ്രതിഫലനത്തിൽ പലപ്പോഴും വാക്കുകൾ അല്ല മറിച്ച് ആ വികാരം തന്നെയാണ് പ്രധാനം.  ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും കരയാൻ പറയുമ്പോൾ കരയാനും പരിശീലിച്ച ഒരു കുഞ്ഞിന്റെ കഥയാണ് ഇതെന്ന് താര (പാർവതി) പറയുമ്പോൾ  ചെറുപ്പത്തിലേ  നടിയാകുന്ന ഒരു പെൺകുട്ടിയുടെ വേദനയും ചിത്രത്തിൽ  പറഞ്ഞു പോകുന്നു.  

തുടക്കത്തിൽ സൂചിപ്പിച്ചപോലെ സിനിമ കാണുക എന്നത് രാഷ്ട്രീയംപോലെ ചിന്തിച്ചും നിലപാടുകൾ എടുത്തതും ചെയ്യേണ്ട ഒന്നായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. അവിടെയാണ് താരരാജാക്കന്മാരുടെ അപ്രഖ്യാപിത വിലക്കുകളും ഫാൻസ്‌ വെട്ടുകിളിക്കൂട്ടത്തിന്റെ ഭീഷണികളും മറികടന്നു ഒരു സ്ത്രീ സംവിധായികയുടെ സിനിമ മുന്നോട്ടു വരുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രം കാണുക എന്നതുകൂടി ഒരു രാഷ്ട്രീയ നിലപാടാണ്. കല ആരുടേയും കുത്തകയല്ല അത് ബിസിനസും അല്ല. അത് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്റെ ചാലകമാണ് എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കുക എന്നതാണ് പുരോഗമന സമൂഹമെന്ന നിലയിൽ മലയാളികളുടെ കടമ.


 

പ്രധാന വാർത്തകൾ
 Top