19 November Tuesday

മലയാളികൾ എന്നും വലിയ സ്‌നേഹമാണ്‌ തനിക്ക്‌ നൽകിയിട്ടുള്ളത് ; ഞാൻ വീണ്ടും വരും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

മലയാള സിനിമയിലേക്ക്‌  തിരിച്ചുവരവിന്‌ തയ്യാറെടുക്കുകയാണെന്ന്‌ നടൻ വിക്രം. അധികം വൈകാതെ സാന്നിധ്യം മലയാള സിനിമയിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം  പറഞ്ഞു. വെള്ളിയാഴ്‌ച റിലീസാകുന്ന ആദിത്യവർമ എന്ന സിനിമയുടെ പ്രചാരണത്തിന്‌ തിരുവനന്തപുരത്തെത്തിയ വിക്രം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. മകൻ ധ്രുവും സിനിമയിലെ നായിക പ്രിയാ ആനന്ദും ഒപ്പമുണ്ടായിരുന്നു. 

നിലവിൽ രണ്ട്‌ തമിഴ്‌ സിനിമ ചെയ്യുന്നുണ്ട്‌. അത്‌ പൂർത്തിയായാൽ മലയാള സിനിമ ചെയ്യും. ‘കർണൻ’ എന്ന സിനിമ ചെയ്യാനിരുന്നപ്പോഴാണ്‌ തമിഴ്‌ സിനിമക്ക്‌ നൽകിയ ഡേറ്റ്‌ പ്രശ്‌നമായത്‌.  ധ്രുവം, സൈന്യം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചപ്പോൾ തലസ്ഥാനത്ത് എത്തിയിരുന്നു.  ആ ഓർമ്മകൾ ഇപ്പോഴും ഉള്ളിലുണ്ട്. മലയാളികൾ എന്നും വലിയ സ്‌നേഹമാണ്‌ തനിക്ക്‌ നൽകിയിട്ടുള്ളതെന്നും വിക്രം പറഞ്ഞു.

വിജയങ്ങളെ അഹങ്കാരത്തോടെ കാണരുതെന്നും പരാജയങ്ങളിൽ തളരരുതെന്നുമുള്ള അച്ഛന്റെ വാക്കുകളാണ്‌ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഉപദേശമെന്ന്‌ വിക്രമിന്റെ മകൻ ധ്രുവ്‌ പറഞ്ഞു. സിനിമയിലും ജീവിതത്തിലും അച്ഛനാണ് മാതൃക. നല്ലൊരു നടനാകണോ സൂപ്പർ താരമാകണോ എന്ന്‌ ചോദിച്ചാൽ അച്ഛനെപ്പോലെയാകണമെന്നാണ്‌ ആഗ്രഹം.

ഒരേസമയം അഭിനയസാധ്യതയുള്ള കഥാപാത്രം ചെയ്യാനും താരമൂല്യമുള്ള സിനിമ ചെയ്യാനും അച്ഛന് കഴിഞ്ഞു. അതുപോലെയാകണമെന്നത് സ്വപ്നമാണ്. താൻ ചെയ്‌ത ചില ഡബ്‌സ്‌മാഷുകൾ കണ്ടാണ്‌ നിർമാതാവും സംവിധായകനും തന്നെ ആദിത്യവർമ എന്ന ചിത്രത്തിലേക്ക്‌ ക്ഷണിച്ചത്‌.  മലയാളത്തിൽ കുമ്പളങ്ങി നൈറ്റ്‌സ്‌ ഇഷ്ടപ്പെട്ട സിനിമയാണ്‌. ദുൽഖർ സൽമാനാണ്‌ ഇഷ്‌ട നടൻ. മോഹൻ‌ലാലും മമ്മൂട്ടിയും ആരാധനാപാത്രങ്ങളാണ്‌. അമ്മയുടെ നാടെന്ന നിലയിൽ കേരളം സന്തോഷം നൽകുന്ന സ്ഥലമാണ്‌. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധ്രുവ്‌ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top