20 September Friday

​​ഗൗതമും സൂര്യയും തമ്മിലെന്ത്?

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

ഗൗതം വാസുദേവ് മേനോനും സൂര്യയും വീണ്ടും ഒന്നിക്കുമോ. തെന്നിന്ത്യൻ ചലച്ചിത്രലോകമൊന്നടങ്കം കാത്തിരിക്കുന്നത് ആ ചോദ്യത്തിന്റെ ഉത്തരത്തിനായി. ഇനിയൊരിക്കലും ഒന്നിച്ച് സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് തമ്മിൽ പിരിഞ്ഞ സൂപ്പർഹിറ്റ് സംവിധായകനും സൂപ്പർതാരവും ഒന്നിക്കാൻ വഴിയൊരുങ്ങുന്നുവെന്നാണ് അണിയറ റിപ്പോർട്ടുകൾ.

രജനികാന്തിന്റെ "യന്തിരൻ 2', സൂര്യയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം "കാപ്പാൻ' തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമാണകമ്പനിയായ ലൈക പ്രൊഡക്‌ഷൻസാണ് ഇവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. നിർമാണ കമ്പനിയുമായി ചർച്ച നടത്താൻ ഗൗതം വാസുദേവ് മേനോൻ ലണ്ടനിലേക്ക് തിരിച്ചതായി റിപ്പോർട്ടുണ്ട്. 2020ൽ റിലീസ് ആകുന്ന രീതിയിൽ സിനിമ ഒരുക്കാനാണ് നീക്കമത്രെ. ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. സൂര്യയുമായിചേർന്ന് വീണ്ടും സിനിമ ചെയ്യുമെന്ന് 2018ൽ ഗൗതം വാസുദേവ് മേനോൻ പ്രഖ്യാപിച്ചിരുന്നു.

ഇരുവരും ഒന്നിച്ച കാക്ക കാക്ക, വാരണം ആയിരം എന്നീ  ചിത്രങ്ങൾ തെന്നിന്ത്യ ഏറ്റുവാങ്ങുകയായിരുന്നു. സൂര്യയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളായി അവ മാറി. ധ്രുവനക്ഷത്തിരം എന്ന ചിത്രം സൂര്യയെ വച്ച് ഗൗതം പ്രഖ്യാപിച്ചെങ്കിലും ചിത്രീകരണം നീണ്ടു. മറ്റ് ചിത്രങ്ങൾ മാറ്റിവച്ച് സൂര്യ ഏറെനാൾ കാത്തിരുന്നെങ്കിലും സിനിമ മുന്നോട്ടുപോയില്ല. ഇതേ തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. സിനിമ യാഥാർഥ്യമാക്കാൻവേണ്ടി ഏറെ കാത്തിരുന്നെങ്കിലും ഇനി വയ്യ എന്ന് പ്രഖ്യാപിച്ച സൂര്യ, ഇനി ഗൗതം മേനോനുമായി ചേർന്ന് സിനിമ ചെയ്യില്ലെന്ന് വാർത്താകുറിപ്പിറക്കി. എന്നാൽ, പിന്നീട് സൂര്യ നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തിൽ താൻ വികാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും മറ്റൊരു തരത്തിൽ പ്രശ്‌നം പരിഹരിക്കേണ്ടതായിരുന്നുവെന്നും സൂര്യ ടെലിവിഷൻ അഭിമുഖത്തിൽ പ്രതികരിച്ചു. ധ്രുവനക്ഷത്തിരം പിന്നീട് വിക്രമിനെവച്ച് ഗൗതം പൂർത്തിയാക്കിയെങ്കിലും സിനിമ ഇതുവരെ റിലീസ് ചെയ്യാനായിട്ടില്ല.

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന "കാപ്പാൻ' ഈ മാസം അവസാനം റിലീസ് ചെയ്യും. "ശൂരരെ പ്രോട്' എന്നതാകും സൂര്യയുടെ അടുത്ത ചിത്രം. അതിനുശേഷമാകും ഗൗതം മേനോൻ ചിത്രം. ഗൗതം മേനോൻ -ധനുഷ് ചിത്രം "എന്നെ നോക്കി പായും തോട്ട' വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top