17 February Sunday

പ്രതീക്ഷയോടെ യുവതാരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

പുതുവർഷത്തിൽ പ്രതീക്ഷകളുമായി അണിയറയിൽ യുവതാരചിത്രങ്ങൾ റിലീസിങ്ങിനൊരുങ്ങുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും ആദിക്കു ശേഷം പ്രണവ് മോഹൻലാലും അഭിനയിക്കുന്ന ചിത്രങ്ങൾ ഈ മാസം റിലീസിനെത്തും.നിവിൻ പോളിയുടെ മിഖായേൽ ഈ മാസം 18നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റൈലിഷ് ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട‌് തുടങ്ങിയവരും അഭിനയിക്കുന്നു. നായിക മഞ്ജിമ മോഹൻ.

പ്രണവിന്റെ രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ടിന് സമാനമായി  പ്രണവിനെ മാസ് ഹീറോയാക്കി അവതരിപ്പിക്കാനാണ് സംവിധായകൻ അരുൺ ഗോപിയുടെ ശ്രമം. സിനിമക്ക് വേണ്ടി പ്രണവ് ബാലിയിൽ പോയി സർഫിങ്ങിൽ പരിശീലനം നേടിയിരുന്നു. ജനുവരി അവസാന ആഴ്ചയോടെ സിനിമ റിലീസ് ചെയ്യും.

സൺഡേ ഹോളിഡേ എന്ന വിജയചിത്രത്തിനുശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുന്ന ചിത്രം വിജയ് സൂപ്പറും പൗർണമിയും ജനുവരിയിൽ റിലീസ് ചെയ്യും. ശ്രദ്ധേയ യുവതാരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. വി കെ പ്രകാശിന്റെ ബഹുഭാഷ ചിത്രം പ്രാണ ഈ മാസം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. നിത്യ മേനോൻ അവതരിപ്പിക്കുന്ന ഒറ്റ കഥാപാത്രം മാത്രമുള്ള സിനിമയുടെ പിന്നണിയിൽ റസൂൽപൂക്കൂട്ടി, പി സി ശ്രീറാം എന്നിവരുമുണ്ട്.
ശ്രദ്ധേയരായ യുവതാരങ്ങൾ ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവർ നായകരാകുന്ന നീയും ഞാനും എന്ന ചിത്രവും ഈ മാസം റിലീസ് ചെയ്തേക്കും. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക.

ജനുസ് മുഹമ്മദ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം നൈൻ, ഒറ്റപ്പാട്ടിലൂടെ ദേശീയ ശ്രദ്ധനേടിയ ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ‌്, തൻസീർ എം എ സംവിധാനം ചെയ്യുന്ന ജനാധിപൻ തുടങ്ങിയവയും റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളുടെ പട്ടികയിലുണ്ട്.


പ്രധാന വാർത്തകൾ
 Top