16 July Tuesday

ജാതിരഹിതനാകൂ... മനുഷ്യനാകൂ : ആയുഷ്മാൻ ഖുറാന

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

ജാതീയത നിർമാർജനം ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. ജാതിവ്യവസ്ഥ വിഷയമാക്കിയ പുതിയ ചിത്രം ആർട്ടിക്കിൾ 15നെപ്പറ്റി വിശദീകരിക്കുകയായിരുന്നു ആയുഷ‌്മാൻ. ജാതി രഹിത ജീവിതം കുട്ടികളെ പഠിപ്പിക്കണം. എന്നാൽ മാത്രമേ ഇതിന് മാറ്റമുണ്ടാവൂ–ആയുഷ‌്മാൻ പറയുന്നു. അന്ധാധൂൻ, ബധായി ഹോ എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം ഇറങ്ങുന്ന ആയുഷ‌്മാൻ ചിത്രത്തിന്റെ ട്രെയിലറിന‌് വൻ സ്വീകാര്യതയാണ‌് ലഭിച്ചത‌്. തുല്യതയെപ്പറ്റി പറയുന്ന ഭരണഘടനാ അനുച്ഛേദം 15 ആണ് സിനിമയുടെ പേര‌്.

 ‘ഇന്ത്യ അൺടച്ച്ഡ്’ എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ‌് ഞാൻ ജാതീയത എന്ന വിഷയം ശ്രദ്ധിക്കാൻ തുടങ്ങിയത‌്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ ഗ്രാമത്തിലേക്ക‌് ചെരുപ്പൂരിയശേഷം  പ്രവേശിക്കുന്ന  ദളിതന്റെ കഥ‌യാണത‌്. അതിൽ പരാമർശിച്ച പ്രശ‌്നം ഈ 2019ലും രാജ്യത്തെ മൊത്തം ബാധിച്ചിരിക്കുന്നു. ഗുജറാത്തിൽ ദളിതർക്കും ബ്രാഹ്മണർക്കും കുടിവെള്ളത്തിനായി പ്രത്യേക കിണറുണ്ട‌്.

ലോകത്ത് മറ്റൊരിടത്തും ഈ അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമില്ല–- ആയുഷ‌്മാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. തെരുവ് നാടകവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം സഞ്ചരിക്കവെ പലതരത്തിലുള്ള ജീതി വിവേചനം മുന്നിൽ കണ്ടിട്ടുണ്ട‌്. രാജസ്ഥാനിൽ എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പായി ജാതിയാണ‌് ചോദിക്കുക. അതറിഞ്ഞ ശേഷം മാത്രമേ അവർ കൂടുതൽ സംസാരിക്കൂ. എങ്ങനെ നമ്മോട് സംസാരിക്കണമെന്നും പെരുമാറണമെന്നും ആ ചോദ്യത്തിന് ശേഷമാണ് ആളുകൾ തീരുമാനിക്കുന്നത‌്.

അല്ലാതെ വ്യക്തികളെ അടിസ്ഥാനമാക്കിയല്ല. കുലമഹിമയും സാമൂഹ്യനിലയുമാണ‌് നമ്മളോടുള്ള അവരുടെ പെരുമാറ്റം നിശ്ചയിക്കുന്നത്.  ആർട്ടിക്കിൾ 15ന്റെ ട്രെയിലർ രണ്ടാം നരേന്ദ്ര മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസമാണ് പുറത്തിറങ്ങിയത്. ഇസ്ലാമോഫോബിയ പ്രമേയമാക്കി ഒരുക്കിയ 'മുൽക്ക്' –-നുശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ഉത്തർപ്രദേശിലെ ബദൗനിൽ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതും എട്ടുവയസുകാരിയെ കൂട്ട ബലാത്സംഗംചെയ‌്തതും ദുരഭിമാനക്കൊലയുമടക്കമുള്ള അതിക്രൂരമായ ദളിത‌് അക്രമങ്ങളാണ‌് സിനിമ കൈകാര്യം ചെയ്യുന്നത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top