27 February Thursday

കാജള്‍ അഗർവാൾ വിത്ത്‌ ഡിക്യു

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

പ്രമുഖ നൃത്തസംവിധായിക ബൃന്ദ സംവിധായികയാകുന്നു. റിലയൻസ് എന്റർടെയ്‌മെന്റ് നിർമിക്കുന്ന തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാനും കാജൾ അഗർവാളും പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.

വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രത്തിൽ പ്രവർത്തിച്ച ബൃന്ദ ടെലിവിഷൻ നൃത്തപരിപാടികളിലൂടെ കേരളത്തിൽ പരിചിതയാണ്. ഇതുവരെ ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ബൃന്ദ, കാജൾ അഗർവാളിനായി കാത്തുവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തട്ടുപൊളിപ്പൻ മസാല ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽനിന്നും മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ട സിനിമകളിലേക്ക് ചുവടുമാറ്റുമെന്ന് നേരത്തെ നടി പ്രഖ്യാപിച്ചിരുന്നു.


 

വർഷങ്ങൾക്കുശേഷം കമൽഹാസനും സംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ -2 ആണ് കാജോൾ ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആവേശമുയർത്തുന്ന കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നതെന്ന് കാജോൾ അടുത്തിടെ വെളിപ്പെടുത്തി. 85കാരിയായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

സിങ്കം, സ്‌പെഷ്യൽ 26, ദോ ലഫ്‌സോൺ കി കഹാനി തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സഞ്ജയ് ഗുപ്തയുടെ മുംബൈ സാഗയാണ് പുറത്തുവരാനുള്ള ഹിന്ദി ചിത്രം. യുവജനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ പരിപാടിയുടെ അവതാരകയായും താരം ഉടനെത്തും.

അനൂപ് സത്യൻ ഒരുക്കുന്ന വരനെ ആവശ്യമുണ്ട് ആണ് ദുൽഖറിന്റെ ഉടൻ റിലീസ് ചെയ്യുന്ന ചിത്രം. ഏറെ പ്രതീക്ഷ അർപ്പിക്കപ്പെടുന്ന ചിത്രം കുറുപ് അവസാനവട്ട ചിത്രീകരണത്തിലാണ്. ജോയ് മാത്യു, റോഷൻ ആൻഡ്രൂസ് ചിത്രങ്ങൾക്കും അണിയറയിൽ ഒരുങ്ങുന്നു.


പ്രധാന വാർത്തകൾ
 Top