22 October Tuesday

എം ജെ ആറിന്റെ മകൻ യദുകൃഷ്ണൻ സ്വതന്ത്ര ഛായാ​ഗ്രാഹകനാവുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

എംജെ രാധാകൃഷ്ണനൊപ്പം മകൻ  യദുകൃഷ്‌ണൻ

എംജെ രാധാകൃഷ്ണനൊപ്പം മകൻ യദുകൃഷ്‌ണൻ

അന്തരിച്ച ഛായാ​ഗ്രാഹകൻ എം ജെ രാധാകൃഷ്‌ണൻ ഒഴിച്ചിട്ട ഇടത്തേക്ക്  മകൻ യദുകൃഷ്ണൻ. അച്ഛനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന യദു ഡോ. ബിജുവിന്റെ പുതിയ സിനിമയിലൂടെ സ്വതന്ത്ര ഛായാ​ഗ്രാഹകനാവുകയാണ്. അച്ഛന്റെ പാത പിൻതുടരുന്ന മകൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്‌ ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസിലൂടെയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര മേളകളിൽ വലിയ സ്വീകാര്യത നേടിയ  വെയിൽ മരങ്ങളിലും എംജെആറിന്റെ ഛായാ​ഗ്രഹണ സഹായിയായി യദുവുണ്ടായിരുന്നു.  17 ചിത്രങ്ങളിൽ അച്ഛനൊപ്പം ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ്  സ്വന്തമായി  ഫ്രെയിമൊരുക്കാൻ തയ്യാറെടുക്കുന്നത്.

‘കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം ജെ ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം ജെ ചേട്ടനുള്ള പ്രത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം ജെ ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക.’–- -ഡോ. ബിജു ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ഡോ. ബിജു സംവിധാനം ചെയ്ത 10 സിനിമകളിൽ ഒൻപതിലും എം ജെ രാധാകൃഷ്ണനായിരുന്നു ക്യാമറ. വേറൊരാൾ സിനിമയിൽ ക്യാമറ ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ടുപോലുമില്ലെന്ന്‌ ബിജു കുറിച്ചു.

ബിജുവിന്റെ വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. 75 ചലച്ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച എംജെആർ  ജൂലൈയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹം 1999ൽ കാൻ ചലച്ചിത്രമേളയിലെ ഗോൾഡൻ ക്യാമറയുൾപ്പെടെ നിരവധി അന്താരാഷ്ട്ര അം​ഗീകാരങ്ങളും സ്വന്തമാക്കി.


പ്രധാന വാർത്തകൾ
 Top