15 November Friday

അതെല്ലാം നല്ല അനുഭവം ; ശ്രുതിയുടെ തുറന്നുപറച്ചിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

നടിയും ​ഗായികയുമായി തിളങ്ങിനിൽക്കുന്നതിനിടയിലാണ് ശ്രുതി ഹാസൻ സിനിമയിൽനിന്ന് അപ്രത്യക്ഷയായത്. സിനിമയിൽനിന്നുള്ള മാറിനിൽക്കലിനെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ കഴിഞ്ഞ ഒരു വർഷം പ്രചരിക്കുകയും ചെയ്തു.  ഇതിനെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് താരം. കഴിഞ്ഞദിവസം സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു സിനിമയിൽനിന്നുള്ള ഇടവേളയെക്കുറിച്ചും സ്വകാര്യജീവിതത്തിലുണ്ടായ സംഭവങ്ങളെപ്പറ്റിയും ശ്രുതിയുടെ തുറന്നുപറച്ചിൽ. സ്ഥിരം മദ്യപാനിയായിരുന്നെന്നും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും കാമുകനുമായി വേർപിരിയാനുണ്ടായ കാരണങ്ങളുമെല്ലാം ശ്രുതി പറഞ്ഞു.

വിസ്കി വളരെ ഇഷ്ടമായിരുന്നു. എന്നാൽ, ഇപ്പോൾ രണ്ട് വർഷമായി മദ്യപിക്കാറില്ല. ഇപ്പോൾ വളരെ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. മദ്യപാനം ആരോ​ഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിനാലാണ് ശീലം ഉപേക്ഷിച്ചത്. ഇതിനായി ചികിത്സ തേടിയെന്നും അതിൽനിന്നെല്ലാം മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.

ഇതെല്ലാം വ്യക്തിപരമായ കാര്യമാണ്‌. അതിനാൽ മറ്റുള്ളവരോട് ഇതേക്കുറിച്ച് സംസാരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിനാൽ ആളുകൾ എന്തുപറയുന്നുവെന്ന് ശ്രദ്ധിക്കാൻ പോയിട്ടില്ല. ഒരുവർഷത്തെ ഇടവേളയെടുത്തു. ലോകത്തെ അഭിമുഖീകരിക്കാൻ ആരോ​ഗ്യമുള്ള മനസ്സും ശരീരവും ആവശ്യമാണ്. അത് നേടുകയായിരുന്നു ലക്ഷ്യം. അത് നേടിയെടുത്തുവെന്നും ശ്രുതി പറഞ്ഞു.

പ്രണയബന്ധത്തിൽ വളരെ നിഷ്‌കളങ്കമായും വൈകാരികമായുമാണ് നിന്നത്. അതിൽനിന്ന് ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചെന്നായിരുന്നു കാമുകൻ മിഖായേൽ കോഴ്‌സേലുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെക്കുറിച്ച് ശ്രുതിയുടെ പ്രതികരണം.

ഹിന്ദിയിലും തമിഴിലുമായി രണ്ട് സിനിമകളാണ് ഒരുങ്ങുന്നത്. അച്ഛൻ കമൽ ഹാസൻ സംവിധാനം ചെയ്ത ഹേ റാം എന്ന സിനിമയിൽ അതിഥിവേഷത്തിലൂടെയാണ് ശ്രുതി ഹാസൻ അഭിനയരം​ഗത്ത് എത്തിയത്. സഹോ​ദരി അക്ഷര ഹാസൻ നായികയായി എത്തിയ വിക്രം ചിത്രം കടാരം കൊണ്ടേനിലെ ടൈറ്റിൽ ട്രാക്ക് ആലപിച്ചത് ശ്രുതിയാണ്. പവൻ കല്യാണിന്റെ നായികയായി എത്തിയ കറ്റാമരായുഡുവാണ് അവസാനം തിയറ്ററിലെത്തിയ ചിത്രം. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ലാഭത്തിൽ ശ്രുതി ഹാസനാണ് നായിക.


പ്രധാന വാർത്തകൾ
 Top