05 December Thursday

അയാളെന്നെ കൊല്ലുമോ എന്നുപോലും ഞാൻ അന്ന് ഭയന്നു ; വേട്ടയാടുന്ന പൂർവകാലം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


റോമൻ പൊളൻസ്‌കിക്ക്‌ എതിരെ വീണ്ടും ലൈംഗികാരോപണം. ഫ്രഞ്ച് നടിയും മോഡലുമായ വലെന്റിൻ മൊനീർ ആണ് ഇത്തവണ വിഖ്യാത സംവിധായകനെതിരെ രംഗത്ത് എത്തിയത്. 44 വർഷം മുമ്പ് പതിനെട്ടാംവയസ്സിൽ പൊളൻക്‌സിയുടെ ക്രൂരബലാത്സംഗത്തിനിരയായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഇപ്പോൾ നടിക്ക് 62 വയസ്സുണ്ട്, പൊളാൻസ്‌കിക്ക് 86ഉം.

1977ൽ 13വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ പൊളൻസ്‌കി ഇപ്പോഴും അമേരിക്കയുടെ പിടികിട്ടാപ്പുള്ളി പട്ടികയിലാണ്. അമേരിക്കൻ ജയിലിൽനിന്ന്‌ ജാമ്യത്തിലിറങ്ങി നാടുവിട്ട സംവിധായകൻ ഇപ്പോൾ ഫ്രാൻസിലാണ് താമസം. സമാനമായ നിരവധി ആരോപണങ്ങൾ അദ്ദേഹം വർഷങ്ങളായി നേരിടുന്നുണ്ട്. നൈഫ് ഇൻ ദ വാട്ടർ, റോസ്മരി ബേബി, ചൈന ടൗൺ തുടങ്ങിയ വിഖ്യാതചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ നാസിഭീകരതയ്‌ക്കെതിരെ ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ സ്രഷ്ടാവാണ്. നാസി കുറ്റവിചാരണ നേരിട്ട സംഗീതകാരന്റെ കഥ പറഞ്ഞ "പിയാനിസ്റ്റ്' മികച്ച സംവിധായകൻ അടക്കം മൂന്ന് ഓസ്‌കർ നേടി.

അൻ ഓഫീസർ ആൻഡ് എ സ്‌പൈ എന്ന ഏറ്റവും പുതിയ ചിത്രം പുറത്തുവരാനിരിക്കെയാണ് ആരോപണവുമായി നടി എത്തിയത്. തെറ്റായ് കുറ്റം ആരോപിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുകയും വർഷങ്ങൾക്കുശേഷം മോചിതനാകുകയുംചെയ്ത ജൂത സൈനികന്റെ യഥാർഥ കഥയാണ് സിനിമ പറയുന്നത്. നീതിന്യായവ്യവസ്ഥ തന്നെയും ഇതുപോലെ വേട്ടയാടുകയാണെന്ന് വരുത്തിത്തീർക്കാനാണ് പൊളൻസ്കിയുടെ ശ്രമമെന്ന് നടി ആരോപിച്ചു.

"ബലാത്സംഗം ഒരു ടൈംബോംബ് പോലെയാണ്. അതിന്റെ ദാരുണമായ ഓർമയിൽനിന്ന്‌ ഒരിക്കലും മോചനം ലഭിക്കില്ല. പിന്നീട് അയാൾ കണ്ണീരണിഞ്ഞ് കാലുപിടിക്കാനെത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം ഒന്നും പുറത്തുപറയേണ്ടെന്ന് സമ്മർദം ചെലുത്തി. അയാളെന്നെ കൊല്ലുമോ എന്നുപോലും ഞാൻ അന്ന് ഭയന്നു'–- -ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന നടി ഫ്രഞ്ച് മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, പൊളൻസ്‌കിയുടെ അഭിഭാഷകർ ആരോപണം നിഷേധിച്ചു.


പ്രധാന വാർത്തകൾ
 Top