18 September Wednesday

പുതിയ കേസുമായി ‘സേതുരാമയ്യർ’ വീണ്ടും കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

കൊലപാതക കേസുകളുടെ അന്വേഷണങ്ങളിലൂടെ മികവ്‌ തെളിയിച്ച  സേതുരാമയ്യർ സർവീസിൽ തുടരുന്നുണ്ടോ?  ഉണ്ടെന്നാണ്‌ സൂചന. പുതിയ കേസുമായാണ്‌ ‘സേതുരാമയ്യർ’ വീണ്ടും കേരളത്തിൽ എത്തുന്നത്‌. 1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ തിരശ്ശീലയിൽ ‘ഗുഡ്‌ സർവീസ്‌ എൻട്രി’  നേടിയ സേതുരാമയ്യരാണ്‌ വീണ്ടുമൊരു കേസന്വേഷണത്തിന്‌  കേരളത്തിലെത്തുന്നത്‌.  എസ്‌ എൻ സ്വാമിയുടെ തിരക്കഥയിൽ  കെ മധു ഒരുക്കിയ ക്രൈം ത്രില്ലറുകളിലായിരുന്നു മമ്മൂട്ടിയുടെ സേതുരാമയ്യർ കഥാപാത്രങ്ങളെല്ലാം. സിബിഐ ഡയറിക്കുറിപ്പിനുശേഷം ‘ജാഗ്രത’ 1989ലും 2004ൽ ‘സേതുരാമയ്യർ സിബിഐ’യും 2005ൽ ‘നേരറിയാൻ സിബിഐ’യും തിരശ്ശീലയിലെത്തി. 

14 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ സേതുരാമയ്യരായി മെഗാസ്‌റ്റാർ വീണ്ടും വേഷമിടുന്നത്‌. മലയാളത്തിൽ ഒരു സിനിമയുടെ അഞ്ചാംഭാഗം ഇറങ്ങുന്നതും ആദ്യമാണ്‌.  ഒരേ ഗെറ്റപ്പിൽ തുടർച്ചയായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന സിനിമയെന്നതിനുപുറമെ ചില സഹകഥാപാത്രങ്ങൾ ഒരുപോലെ തുടരുന്നതും ഈ നാല്‌ സിനിമയുടെയും പ്രത്യേകതയായിരുന്നു. മലയാളത്തിന്റെ ഹാസ്യസമ്രാട്ട്‌ ജഗതിയും പൊലീസ്‌ വേഷത്തിൽ ഈ സിനിമയുടെ നാലുഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അപകടത്തെ തുടർന്ന്‌ വിശ്രമിക്കുന്ന ജഗതി അഞ്ചാംഭാഗത്തിലും വേഷമിടുമെന്ന്‌ അദ്ദേഹത്തിന്റെ മകൻ ഈയിടെ ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. 

ഈ വർഷം അവസാനമാകുമ്പോഴേക്കും സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. എസ്‌ എൻ സ്വാമിയുടെ തിരക്കഥയിൽ വീണ്ടുമെത്തുന്ന സേതുരാമയ്യരുടെ പുതിയ കഥയും സസ്‌പെൻസ്‌ ത്രില്ലറായിരിക്കുമെന്നതിൽ സംശയമില്ല.


പ്രധാന വാർത്തകൾ
 Top