01 June Monday

"ഓള്‌' പ്രണയത്താൽ വിശുദ്ധയാക്കപ്പെട്ടവൾ; മാജിക്കൽ റിയലിസം നിറഞ്ഞുനിൽക്കുന്ന സിനിമ

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Sep 22, 2019
റിയലിസ്റ്റിക്‌ പരിസരം സൂക്ഷിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഒരു  ഫാന്റസിയാണ് ടി ഡി രാമകൃഷ്ണന്റെ എഴുത്തിന്റെ പ്രത്യേകത. ആ ശൈലിയിൽ എഴുതിയ തിരക്കഥയ്‌ക്ക്‌ ഷാജി എൻ കരുൺ എന്ന ചലച്ചിത്രകാരന്റെ ഭാഷ്യമാണ് ഓള്. ഒരു തുരുത്തും അവിടെ നിലനിൽക്കുന്ന ഐതിഹ്യവും അതിനെ പിൻപറ്റി ജീവിക്കുന്ന കുറച്ചുപേരുടെ കഥയുമാണ് ഓള്‌. ചിത്രങ്ങളുടെ കോപ്പി വരച്ച് വിൽക്കുന്ന വാസു (ഷെയ്‌ൻ നിഗം). അവൻ പരിചയപ്പെടുന്ന മായ (എസ്‌തർ). അവർ തമ്മിൽ ഉടലെടുക്കുന്ന പ്രണയത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
 
കേവലം ഒരു പ്രണയവും കുറച്ചുപേരുടെ ജീവിതവുമായി ഒതുക്കാതെ  പരിസരത്തെ സാമൂഹ്യവിഷയങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട് സിനിമ. കുറച്ചുപേർ ചേർന്ന് ബലാൽസംഗം ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ടുവെന്ന് കരുതി മായയെ പുഴയിൽ കെട്ടിത്താഴ്‌ത്തുന്നു. പിന്നീട് പുഴയ്‌ക്കടിയിൽ പുതിയൊരു ലോകത്ത് ജീവിക്കുന്നു. ഇതിനിടയിലാണ് വാസുവും മായയും പ്രണയത്തിലാകുന്നത്. പരസ്പരം കാണാതെ  സംഭാഷണങ്ങളിലൂടെയാണ് ഇവരുടെ പ്രണയവും സിനിമയും വളരുന്നത്. പത്ത് പൂർണചന്ദ്ര ദിനങ്ങൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ.
 
പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്‌, സ്വപാനം  എന്നിവ ഒരുക്കിയ ഷാജി എൻ കരുണിന്റെ സിനിമാശൈലിയിൽനിന്ന് പാടെ മാറിയുള്ള സഞ്ചാരമാണ് ഓള്‌. ടി ഡി രാമകൃഷ്ണന്റെ നോവലിലെ മാമ ആഫ്രിക്കയെന്ന കഥാപാത്രസൃഷ്ടിയോട് സാമ്യം തോന്നുന്നതാണ് മായ. മാജിക്കൽ റിയലിസം നിറഞ്ഞുനിൽക്കുന്ന സിനിമ, പക്ഷേ പരിസരംകൊണ്ട്‌ ‌യാഥാർഥ്യത്തിന്റെ ശൈലിക്കൊപ്പം നിൽക്കുന്നുണ്ട്. തുരുത്തിലെ ഐതിഹ്യം വാസുവിന്റെ കുടുംബത്തിന്റെ അധീനതയിലുള്ള ക്ഷേത്രം ചുറ്റിപ്പറ്റിയാണ്. അതേസമയം ഈ പരിസരം പണ്ട് ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നുവെന്നും ഇവിടെയുള്ള ശേഷിപ്പ് അതിന്റെ തെളിവാണെന്ന വാദവും പ്രബലമായി ഒപ്പം കൊണ്ടു പോകുന്നു.  ഇങ്ങനെ വ്യത്യസ്തമായ വിഷയങ്ങളുടെ പശ്ചാത്തലംകൂടിയാണ് ഓള്. മായയെ പരിചയപ്പെടുന്നതോടെ വാസുവിലെ ചിത്രകാരൻ മറ്റൊരു തലത്തിലേക്ക് ഉയരുന്നു.  അതേസമയം വാസുവിന്റെ കുടുംബം മായയെ യക്ഷിക്ക്‌ സമാനമായാണ് കാണുന്നത്. ഇങ്ങനെ മനുഷ്യമനസ്സിന്റെ തീവ്രമായ പരിവേഷങ്ങളാണ് ഷാജി എൻ കരുൺ ഓളിലൂടെ പറയുന്നത്.
 
കലാപരമായ മികവിന്റെ അടയാളംകൂടിയാണ് സിനിമ. ദൃശ്യമനോഹാരിതയുടെ കാഴ്ച സിനിമയുടെ ആഖ്യാനത്തിൽ തുടങ്ങി ഫ്രെയിമുകളിൽവരെ നിറഞ്ഞുനിൽപ്പുണ്ട്. പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്നുണ്ട് അന്തരിച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന്റെ ക്യാമറ. വൈഡ് ഫ്രെയിമുകളും രാത്രിരംഗങ്ങളിൽ സ്വാഭാവികതയെ ആശ്രയിച്ചുള്ള ലൈറ്റിങ്ങുമെല്ലാമായി എം ജെ ആറിന്റെ കളവ് കാണിക്കാത്ത ക്യാമറ ഓളിൽ കൈയൊപ്പ് ചാർത്തുന്നുണ്ട്.
 
ഒരു ഭൂപ്രദേശവും അവിടെ നിലനിൽക്കുന്ന ഐതിഹ്യവും അതിനപ്പുറമുള്ള ചരിത്രാന്വേഷണവും എന്ന റിയലിസ്റ്റിക്‌ പരിപ്രേക്ഷ്യത്തിലേക്ക് സ്വപ്‌നലോകവും പ്രണയവും കൃത്യമായി സന്നിവേശിപ്പിച്ച സിനിമാകാഴ്ചയാണ് ഷാജി എൻ കരുൺ ഒരുക്കിയിട്ടുള്ളത്. എന്നാൽ, വെറും കാഴ്ചയുടെ ആഖ്യാനഭംഗിയിൽ ഒതുക്കാതെ സമകാലിക പ്രശ്നങ്ങളിലേക്കുകൂടി പ്രേക്ഷകന്റെ കാഴ്ചയെ കൊണ്ടു പോകുന്ന സിനിമാശ്രമംകൂടിയാണിത്‌.
 

ഒഴുക്കിനെതിരെ

ഷാജി എൻ കരുൺ

ഷാജി എൻ കരുൺ

കലാകാരന് സമൂഹത്തോട് ഒരു ഉത്തരവാദിത്തമുണ്ട്. അത് കലയിൽ പാലിക്കണം. നമ്മൾ ചെയ്യുന്നതിലൂടെ സമൂഹത്തിന് എന്ത് ഗുണം ലഭിക്കുന്നു എന്നത് പ്രസക്തമാണ്. ഇതിനെ മുൻനിർത്തിയാണ് കലയെ കാണേണ്ടത്. കാരണം ആദ്യം ക്ഷതം പറ്റുന്നത് കലയിലൂടെ ഉണ്ടാകുന്ന സംസ്കാരത്തിലാണ്. ഇതിലുണ്ടാകുന്ന അപചയങ്ങളെ ആരാണ് പരിഹരിക്കുക. ഇവ നേരിട്ട് സമൂഹത്തെയാണ് ബാധിക്കുക. ഇതിനായുള്ള പരിഹാരം ആര് ഏറ്റെടുക്കുമെന്നതാണ് പ്രസക്തം. ഇത് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനായി എടുക്കേണ്ട തീരുമാനങ്ങളുണ്ട്.  എന്നാൽ, ആ തീരുമാനമെടുക്കുന്നവർ ചിലപ്പോൾ നശിച്ചുപോകും, അവരെ മറ്റുള്ളവർ കണ്ടില്ലെന്ന് വരും. ആളുകൾക്ക് ഇഷ്ടമായില്ലെന്ന് വരും. പക്ഷേ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. കാലത്തിനുമുമ്പേ സഞ്ചരിക്കുന്നവയെയാണ് കാലം തേച്ചു മാച്ച് കളയാതിരിക്കുക. അതിന്റെ എണ്ണം കുറവായിരിക്കും. എന്നാൽ, സ്വീകരിക്കപ്പെടുന്നവയുടെ എണ്ണം വളരെ കൂടുതലാകും. പക്ഷേ  അതുകൊണ്ട് സമൂഹത്തിന് ഗുണമില്ല.
 
സിനിമയെന്നത് വലിയ മാധ്യമമാണ്‌. അതിലേക്ക് വരുന്നവർക്ക് സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. ഇത് പലരും കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. നമ്മൾ പലപ്പോഴും അഭിരമിക്കുന്നത് കാഴ്ചയിലെ ഭംഗിയിലാണ്. എന്നാൽ, നല്ല സാമൂഹ്യ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ചുമതലകൂടിയുണ്ട്. അതിനായാണ് സിനിമയെടുക്കുന്നത്. അത് സ്വീകരിക്കപ്പെട്ടാൽ കൂടുതൽ ഊർജം പകരും. അത് തുടർന്നു കൊണ്ടിരിക്കും. ഒഴുക്കിനെതിരെ നീന്തിക്കൊണ്ടേയിരിക്കും.
ഷെയ്‌ൻ നിഗം

ഷെയ്‌ൻ നിഗം

 

സത്യസന്ധമാകണം കല

ടി ഡി രാമകൃഷ്‌ണൻ

ടി ഡി രാമകൃഷ്‌ണൻ

ഓള് വളരെ നിഗൂഢമെങ്കിലും സൂക്ഷ്മമായ വിവരണത്തിലൂടെ മുന്നോട്ടുപോകുന്ന സിനിമാ പരിചരണമാണ്. ഫാന്റസിയാണ് ചിത്രം.  കച്ചവടത്തിന്റെ പ്രലോഭനത്തിൽ കലാകാരൻ പെടുമ്പോൾ കലയുടെ യഥാർഥ സത്തയിൽനിന്ന് അയാൾ വഴുതിപ്പോകും. ഇങ്ങനെയുള്ളവയ്‌ക്ക്‌ കാലത്തോട് സംവദിക്കാൻ കഴിയാതെയാകും. ഇതിനെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
 
കലയുടെ സത്യസന്ധതയിൽനിന്ന് വഴുതിപ്പോകുമ്പോൾ രചനകൾ വെറും പകർപ്പായി മാറും.  ഇക്കാലത്ത് കല വല്ലാതെ ഭൗതികമായ പ്രലോഭനത്തിലേക്ക് വഴുതിപ്പോകുന്നതിനെക്കുറിച്ചാണ് സിനിമ. മതാതീത ആത്മീയതയും അതീന്ദ്രിയ പ്രണയവുമാണ് സിനിമയിൽ കാണിക്കാൻ ശ്രമിച്ചിട്ടുള്ളത്. പരസ്പരം കാണാതെയുള്ള, ശരീരത്തിന് അപ്പുറത്തേക്കുള്ള പ്രണയം. എന്നാൽ, ഇതിൽ പരാജയപ്പെട്ട് പോകുന്നയാളുടെ ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top