കൊച്ചി > മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലും നദിയമൊയ്തുവും ഒന്നിച്ചഭിനയിച്ച നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ സംഭാഷണശകലത്തെ പുനരാവിഷ്കരിക്കുകയാണ് ടീസര്‍. ഒപ്പം മികച്ച ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം നദിയാ മൊയ്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍, മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് നദിയ വേഷമിടുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍, സായ്കുമാര്, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന് എന്നിവര്‍ മറ്റു കഥാപാത്രങ്ങളൈ അവതരിപ്പിക്കും.
നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. മുണ്ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ് റിലീസായി ജൂലൈ 14 ന് നീരാളി തിയേറ്ററുകളിലെത്തും.