19 October Saturday

ആണധികാരം വകവയ്‌ക്കാൻ മനസ്സില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ പ്രേക്ഷകരുള്ള താരമാണ് നയൻതാര. ആരാധകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ പക്ഷേ അഭിമുഖങ്ങളിലും പരിപാടികളിലുമെല്ലാം അപൂർവമായി മാത്രമാണ് പ്രത്യക്ഷപ്പെടാറ്. ഒരു പതിറ്റാണ്ടിന് ശേഷം നൽകിയ അഭിമുഖത്തിൽ സിനിമാമേഖലയിലെ അസമത്വവും അതിനെ മറികട‌ക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുമെല്ലാം മനസ്സ്‌ തുറക്കുകയാണ് നയൻതാര . വോ​ഗ് ഇന്ത്യ മാസികയ്ക്കാണ് അഭിമുഖം നൽകിയത്.

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയതിനെക്കുറിച്ചുള്ള  ചോ​ദ്യത്തിന്  നയൻതാരയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘എന്തുകൊണ്ടാണ് എപ്പോഴും  അധികാരം പുരുഷന്മാരുടെ കൈയിൽ മാത്രമുണ്ടാകുന്നത്?   സ്ത്രീകൾ ആജ്ഞാശക്തിയുള്ളവരാകണം. അതില്ലാത്തതാണ് പ്രശ്നം.  അത് മറികടക്കുകയാണ് ചെയ്തത്.

എന്നെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളാകുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞാൻതന്നെയാണ് തീരുമാനിക്കാറ്. കഥ പറയാൻ വരുമ്പോൾ ഭർത്താവുമായോ കാമുകനുമായോ ബന്ധപ്പെട്ടുള്ള ഉപകഥകളൊക്കെ സംവിധായകർ അവതരിപ്പിക്കും. എന്നാൽ, അതൊക്കെ അത്യാവശ്യമുള്ളതാണോയെന്ന് ഞാൻ തിരിച്ച് ചോദിക്കാറുണ്ട്’.

 

ആൾക്കൂട്ടവുമായി ചേർന്നുപോകുന്ന വ്യക്തിയല്ല. പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാധ്യമങ്ങൾ വളച്ചൊടിച്ചിട്ടുണ്ട്. സാഹചര്യങ്ങളിൽനിന്ന് അടർത്തിയെടുത്ത് സെൻസേഷണലൈസ് ചെയ്തിട്ടുണ്ട്. അഭിനയമാണ് എന്റെ ജോലി.  നല്ല ഉൽപ്പന്നം നൽകിയോയെന്ന പേടിയോടെ കഴിയുന്നയാളാണ്. അതു കൊണ്ട് വിജയങ്ങൾ ഉണ്ടാകുമ്പോൾ അത് തലയിൽ കയറ്റിവയ്ക്കാറുമില്ല –-നയൻതാര മനസ്സ്‌ തുറന്നു.

വി​ഘ്‌നേഷ് ശിവനുമായി ചേർന്ന് സിനിമാനിർമാണം തുടങ്ങും. പ്രേക്ഷകർ കാണണമെന്ന് താൻ ആ​ഗ്രഹിക്കുന്ന സിനിമകളുണ്ട്. അത്തരം സിനിമകൾ ഒരുക്കും.
വോ​ഗ് ഇന്ത്യ മാ​ഗസിനിൽ ദുൽഖർ സൽമാൻ, മഹേഷ് ബാബു എന്നിവർക്കൊപ്പമാണ് നയൻതാര പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് മാ​സികയുടെ കവറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ നട‌ിയാണ് താരം.   ലൗ ആക്‌ഷൻ ഡ്രാമയും  സയ്റ നരസിംഹ റെഡ്ഡിയുമാണ് നയൻതാരയുടെ അവസാനം തിയറ്ററിൽ എത്തിയ ചിത്രങ്ങൾ. വിജയ്‌യുടെ ബി​ഗിൽ, രജനികാന്ത് ചിത്രം ദർബാർ എന്നിവയിൽ നയൻതാരയാണ് നായിക.


പ്രധാന വാർത്തകൾ
 Top