16 July Tuesday

ഞാനറിയാതെ എന്നെ മോശക്കാരിയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019


തെന്നിന്ത്യയുടെ താരറാണിയാണ‌് നയൻതാര.  കഥാപാത്രങ്ങളെ അതിന്റെ ശ്രദ്ധയോടെ  തെരഞ്ഞെടുക്കുകയും അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം ബോക‌്സ‌് ഓഫീസ‌് നേട്ടം കൊയ്യുകയും ചെയ്യുന്ന ലേഡി സൂപ്പർസ്റ്റാർ. തെന്നിന്ത്യയിൽ ഇന്ന‌് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും നയൻതാര തന്നെ. എന്നാൽ, തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മോശമായ  തീരുമാനത്തെക്കുറിച്ച‌് താരം തുറന്നു പറയുകയാണിപ്പോൾ..

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ സൂര്യ നായകനായ ഗജിനിയിൽ അഭിനയിച്ചത‌് തന്റെ സിനിമാജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നു എന്നാണ‌് താരം പ്രതികരിച്ചത‌്. അസിനായിരുന്നു ചിത്രത്തിലെ നായിക. നായികാ പ്രാധാന്യമുള്ള വേഷം തന്നെയാണ‌് നയൻതാരയും കൈകാര്യം ചെയ‌്തത‌്. എന്നാൽ, തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നെന്നും തിരക്കഥ പറഞ്ഞപ്പോൾ ഉള്ളതുപോലല്ല ചിത്രം ഇറങ്ങിയപ്പോൾ എന്നുമാണ‌് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത‌്.

"എന്നോട് തിരക്കഥ പറയുമ്പോഴുള്ളതു പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനുശേഷമാണ‌്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ടുരംഗത്ത് അഭിനയിക്കുമ്പോഴും രണ്ടുവട്ടം ചിന്തിച്ചിരുന്നു. ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറിൽ വലിയ നേട്ടമായിരുന്നു'

നയൻതാര പറയുന്നു.

മലയാളത്തിൽ ലവ‌് ആക്ഷൻ ഡ്രാമ, തമിഴിൽ മിസ്റ്റർ ലോക്കൽ, കൊലൈയുതിർകാലം, വിജയ‌്‌യുടെ 63–-ാം ചിത്രം, സൈ രാ  നരസിംഹ റെഡ്ഡി, ദർബാർ എന്നിവയാണ‌് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.


പ്രധാന വാർത്തകൾ
 Top