21 November Thursday

നരേന്‍ റിട്ടേണ്‍സ്‌; 'കൈദി' കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

അടൂർഗോപാലകൃഷ്ണൻ കണ്ടെത്തിയ നടനാണ് നരേൻ. പക്ഷേ, തമിഴാണ് താരത്തെ അംഗീകരിച്ചത്. ഒരിടവേളയ്‌ക്കുശേഷം കരിയറിലെ പ്രതിസന്ധിയിൽനിന്ന്‌ നരേനെ വീണ്ടും തമിഴ് സിനിമ എടുത്തുയർത്തി. വിജയ് ചിത്രം ബിഗിൽ കോടികൾ വാരുമ്പോഴും മത്സരത്തിൽ ഒപ്പത്തിനൊപ്പമുണ്ട് കാർത്തിചിത്രം കൈദി. കേരളത്തിലും സിനിമ പ്രദർശനവിജയം നേടി.

കൈദിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം നരേന് തിരിച്ചുവരവ് ചിത്രംകൂടിയാണ്. തെന്നിന്ത്യൻ സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ മുന്നോട്ടുവന്നതാരം, കൈദി തനിക്ക് പുതിയ വാതിലുകൾ തുറന്നുതരുമെന്ന പ്രതീക്ഷയിലാണ്.
നിഴൽക്കുത്ത്(2002) ആയിരുന്നു നരേന്റെ ആദ്യചിത്രം. ജയരാജിന്റെ ഫോർ ദ പീപ്പിളി(2004)ലെ പൊലീസ് കഥാപാത്രമാണ് മുഖ്യധാര സിനിമയുടെ വാതിൽ തുറന്നത്. അച്ചുവിന്റെ അമ്മ(2005), ക്ലാസ്‌മേറ്റ്‌സ്(2006) എന്നിവയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, തമിഴ് സിനിമയ്‌ക്ക് പുത്തൻ ഊർജംനൽകിയ മെഷ്‌കിൻ നരേനെ പുതുക്കിപ്പണിതു. ചിത്തിരംപേശുതെടീ(2006) നരേന് തെന്നിന്ത്യയിൽ താരപദവി നൽകി. അഞ്ജാതെ, മുഖംമൂടി എന്നീ ചിത്രങ്ങളും നരേനിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്നു. തമിഴിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മലയാളത്തിൽ താരം സ്ഥിരം ചട്ടക്കൂടിൽ തളച്ചിടപ്പെട്ടു.

"എന്റെ നിരവധി ചിത്രങ്ങൾ ഇടയ്‌ക്കുവച്ച് നിന്നു. ചില നല്ല സിനിമകൾ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തിനിലച്ചു. ചില നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാൻ രണ്ടുവർഷമെടുത്തു. അത്രയുംകാലം മലയാള സിനിമയിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവന്നു. നല്ല അവസരങ്ങൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പലകാരണങ്ങൾകൊണ്ട് 28 ചിത്രമെങ്കിലും നഷ്ടമായിട്ടുണ്ട്. പക്ഷേ, കൈദി മാറ്റുണ്ടാക്കുമെന്നാണ് പ്രതീക്ഷ''.- നരേൻ പറഞ്ഞു.

""കാർത്തിയാണ് എന്നെ കൈദിയിലേക്ക് ക്ഷണിക്കുന്നത്. ഗൗരവമുള്ള പൊലീസ് വേഷം.ലോകേഷ് കഥപറഞ്ഞ് 20 മിനിറ്റിനുള്ളിൽ ഞാൻ ഓ കെ പറഞ്ഞു. ചിത്രീകരണം പ്രയാസകരമായിരുന്നു. വീണ് പരിക്കുപറ്റി. പക്ഷേ, സിനിമയെക്കുറിച്ചുള്ള അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം''-താരം പറയുന്നു. നരേന്റെ രണ്ട് തമിഴ് ചിത്രംകൂടി ഉടൻ റിലീസ് ചെയ്യും. പുതുമുഖ സംവിധായകൻ ഒരുക്കുന്ന മലയാള ചിത്രത്തിൽ നായകനായും എത്തും.


പ്രധാന വാർത്തകൾ
 Top