07 July Tuesday

നടികര്‍ സംഘം തെരഞ്ഞെടുപ്പിന്‌ സ്‌റ്റേ; ഉത്തരവിനെതിരെ വിശാല്‍ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ചെന്നൈ > തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ നാലുപേരുടെ പരാതിയില്‍ ദക്ഷിണ ചെന്നൈ രജിസ്ട്രാറുടേതാണ് ഉത്തരവ്.

ഉത്തരവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചിച്ചിരുന്നത്.

പോസ്റ്റല്‍ ബാലറ്റ് വഴി 1000 പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നും 1500 നും 2000 ത്തിനും ഇടയിലുള്ള ആളുകള്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തുമെന്നുമാണ് നടികര്‍ സംഘത്തിന്റെ കണക്ക് .

നടികര്‍ സംഘത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടി വരലക്ഷ്മി രംഗത്തെത്തിയിരുന്നു.

ശരത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും ട്വിറ്ററിലൂടെ പങ്കുവച്ച കത്തിലൂടെ വരലക്ഷ്മി തുറന്നടിച്ചിരുന്നു.

ഡോ. എം.ജി.ആര്‍ ജാനകി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നും വേദി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും പറ്റാവുന്ന ഇടം നിര്‍ദേശിക്കണമെന്നും നടികര്‍ സംഘം കൗണ്‍സില്‍ കൃഷ്ണ രവീന്ദ്രനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് തമിഴ്‌നാട്ടിലെ താരസംഘടനയുടെ തലപ്പത്തേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മൂന്നു തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ച ശരത് കുമാറിനെ തോല്‍പ്പിച്ച് വിശാലിന്റെ നേതൃത്വത്തിലുളള പാണ്ഡവ അണിയായിരുന്നു വിജയിച്ചത്.

ഇതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 1445 വോട്ടുകളോടെയായിരുന്നു വിശാലിന്റെ വിജയം.

പാണ്ഡവ അണി എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിശാലിന്റെ നേതൃത്വത്തിലുളള മുന്നണിയില്‍ നാസര്‍, കാര്‍ത്തി, കരുണാസ് എന്നീ താരങ്ങളും വിജയംനേടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നാസര്‍, ശരത് കുമാറിനെതിരെ 109 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കാര്‍ത്തിയാണ് ട്രഷറര്‍. കാര്‍ത്തിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ രാധ രവിക്ക് 1138 വോട്ടുകള്‍ മാത്രമെ നേടുവാന്‍ കഴിഞ്ഞിരുന്നു.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പുദിവസം രാവിലെ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശാലിന് പരിക്കേറ്റിരുന്നു.

നടികര്‍സംഘവുമായി ചുറ്റിപറ്റി ഉയര്‍ന്ന ആരോപണങ്ങളാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. നടികര്‍ സംഘത്തിന്റെ ടി നഗറിലെ കെട്ടിടസമുച്ചയം എസ്.പി.ഐ സിനിമാസ് ഗ്രൂപ്പുമായി ചേര്‍ന്ന് മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ ഉള്‍പ്പെടുന്ന ഷോപ്പിങ് മാളാക്കി മാറ്റാന്‍ നിലവിലെ പ്രസിഡന്റ് ശരത് കുമാറും സെക്രട്ടറി രാധാരവിയും ചേര്‍ന്ന് കരാറൊപ്പിട്ടിരുന്നു. എന്നാല്‍ നടികര്‍ സംഘം അംഗവും ഡി.എം.കെ നേതാവുമായ പൂച്ചി മുരുകന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഒന്‍പത് ട്രെസ്റ്റികളില്‍ രണ്ടുപേര്‍ മാത്രം ഒപ്പിട്ടാവരുത് ഇത്തരം ഒരു കരാര്‍ എന്ന നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി കരാര്‍ സ്റ്റേ ചെയ്തു.

വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് വിശാലിന്റെ നേതൃത്വത്തില്‍ ശരത് കുമാറിനെതിരായ പടയൊരുക്കം നടന്നത്.


പ്രധാന വാർത്തകൾ
 Top