16 December Monday

മക്കൾ സെൽവൻ വിജയ് സേതുപതി സ്പിന്നെറിയും

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആരാധകർക്ക് ആവേശമായി പുതിയ റിപ്പോർട്ട്.  സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനായി താരം വെള്ളിത്തിരയിലെത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് എന്ന റെക്കോഡുമായി കളിക്കളം വിട്ട ശ്രീലങ്കൻ താരത്തിന്റെ സം​ഘർഷഭരിതമായ വ്യക്തിജീവിതവും കായികജീവിതവുമാണ് സിനിമയുടെ പ്രമേയം. ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുക വലിയ വെല്ലുവിളിയായിരിക്കുമെന്ന് വിജയ് സേതുപതി പ്രതികരിച്ചു. തമിഴ് വംശജനായ ലങ്കൻതാരം  ലോക ക്രിക്കറ്റിൽ വ്യക്തിമുദ്രപതിപ്പിച്ച കായികതാരമാണ്. ജീവിതം സിനിമയാക്കാൻ അദ്ദേഹത്തിന് നല്ല താൽപ്പര്യമുണ്ട്. ക്രിക്കറ്റ് കളി വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം എന്നെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്–-താരം പറഞ്ഞു.

തമിഴകത്തെ ജനപ്രിയതാരം വിജയ് സേതുപതി തന്റെ ജീവിതം അവതരിപ്പിക്കുന്നതിനെ ആവേശത്തോടെ കാണുന്നുവെന്നാണ് മുത്തയ്യ മുരളീധരൻ പ്രതികരിച്ചത്. ഏഴുമാസത്തോളമായി സിനിമയുടെ അണിയറപ്രവർത്തനവുമായി സഹകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 800 എന്നാണ് സിനിമയുടെ പേര്. എന്നാൽ, ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ, ശ്രീലങ്ക, ഇം​ഗ്ലണ്ട്‌ അടക്കം ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ ചിത്രീകരിക്കുന്ന ബി​ഗ്ബജറ്റ് സിനിമ സംവിധാനം ചെയ്യുന്നത് എം എസ് ശ്രിപതിയാണ്. സംഘതമിഴൻ, കടൈസി വ്യവസായി എന്നീ വിജയ് സേതുപതി ചിത്രങ്ങളാണ് ഉടൻ റിലീസ് ചെയ്യാനുള്ളത്. അവസാനമിറങ്ങിയ സിന്ധുബാദ് പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യം ഉറപ്പിച്ചു.

ബൗളിങ് ആക്‌ഷന്റെപേരിൽ   അന്താരാഷ്ട്രതലത്തിൽ ഏറെ വേട്ടയാടപ്പെട്ട മുരളീധരൻ, 133 ടെസ്റ്റും 350 ഏകദിനവും കളിച്ചിട്ടുണ്ട്. 1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top