14 August Friday

VIDEO: മരണത്തിന്റെ കസേരകളി; ഓണ്‍ലൈന്‍ റിലീസുമായി മ്യൂസിക്കല്‍ ചെയര്‍

നന്ദു വിശ്വംഭരന്‍Updated: Friday Jul 3, 2020

കൊച്ചി> മലയാള സിനിമ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി '' മ്യൂസിക്കല്‍ ചെയര്‍''. കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാം. തീയറ്റര്‍ അനുഭവം ലഭിക്കില്ലെന്ന ആശങ്കയും വേണ്ട. മലയാളത്തിലെ രണ്ടാമത്തെ ഒടിടി മൂവി റിലീസാണ് ചിത്രത്തിന്റേത്. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബെന്‍ സിനിമയുടെ സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയാണ് മ്യൂസിക്കല്‍ ചെയറിന്റെ രചനയും സംവിധാനവും. പ്രധാന കഥാപാത്രവും വിപിന്‍തന്നെ. മെയിന്‍ സ്ട്രീം ടി വി ആപ്പിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മരണത്തിന്റെ കാരണം തേടിയുള്ള മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ യാത്ര ചര്‍ച്ച ചെയ്യുകയാണ് ചിത്രം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മരണഭയം മാര്‍ട്ടിനെ വേട്ടയാടുകയാണ്. സ്‌പൈറോഗിറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു ആണ് നിര്‍മാണം. ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവും മ്യൂസിക്കല്‍ ചെയറാണ്.

 കോവിഡ് പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മൊബൈല്‍, ടാബ് ,ലാപ്‌ടോപ്പ് , സ്മാര്‍ട്ട് ടി വി വഴി കുടുംബത്തോടൊപ്പം വീട്ടില്‍ ഇരുന്നു കാണാന്‍ സാധിക്കുമെന്നതാണ് മെയിന്‍ സ്ട്രീമിന്റെ പ്രത്യേകത. 40 രൂപയ്ക്ക് ഡിജിറ്റല്‍ ടിക്കറ്റ് വഴി സിനിമ കാണാം. വിദേശ രാജ്യങ്ങളില്‍ രണ്ട് അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ സിനിമ ആസ്വദിക്കാം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അടക്കമുള്ള മെയിന്‍ സ്ട്രീമിന്റെ മറ്റ് വീഡിയോകളെല്ലാം തികച്ചും സൗജന്യമായി കാണാം. 

'സ്വന്തം അനുഭവ കഥയാണ് മ്യൂസിക്കല്‍ ചെയര്‍. ഏറെ സമയമെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. അഭിനേതാക്കളാരും പ്രൊഫഷണല്‍സല്ല. കഥാപാത്രത്തിന് യോജിച്ചവരെ കണ്ടെത്തി സിനിമയിലെത്തിക്കുകയായിരുന്നു'; സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞു. കാലാവസ്ഥാമാറ്റം പോലും യഥാര്‍ത്ഥ്യമായി ചിത്രീകരിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമായ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുപോലെയുള്ള റിലീസിങ്ങിലൂടെ ലഭിക്കും.

'ജനങ്ങള്‍ കൂടി സഹകരിച്ചാല്‍ ചെറിയ സിനിമകള്‍ക്ക് ഏറെ സഹായമാണ് ഓണ്‍ലൈന്‍ റിലീസുകള്‍'; വിപിന്‍ ആറ്റ്‌ലീ പറഞ്ഞു.
ലോക്ക് ഡൗണായതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്ന ആന്റപ്പന്റെ അദ്ഭുതപ്രവര്‍ത്തികള്‍ ആണ് വിപിന്‍ ആറ്റ്‌ലിയുടെ അടുത്തചിത്രം. ഒരു ഇംഗ്ലീഷ് വെബ്‌സീരിസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മെയിന്‍ സ്ട്രീo ആപ്പിന്റെ ലിങ്ക്: play.google.com/store/apps/details


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top