15 October Tuesday

'എൻ്റെ അഭിനയ യാത്രയിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളാണ് എം ടിയുടെ സിനിമകൾ' : മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


കൊച്ചി : ‌എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി എട്ട് സംവിധായകർ സംവിധാനം നിർവ്വഹിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആന്തോളജി ചിത്രമായ മനോരഥങ്ങളുടെ ലോഞ്ച് നടൻ മോഹൻലാൽ എറണാകുളം മാരിയറ്റിൽ വെച്ച് നിർവ്വഹിച്ചു.

ഒൻപത്‌ സിനിമകളുടെയും  അണിയറ പ്രവർത്തകർ, അഭിനേതാക്കൾ, സാങ്കേതികവിദഗ്ധർ എന്നിവരോടൊപ്പം മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് Zee 5 ,  സരിഗമ ഇന്ത്യയും ന്യൂസ് വാല്യു പ്രൊഡക്ഷൻസും ചേർന്നാണ് നടത്തിയത്. മോഹൻലാൽ മുഖ്യ അതിഥിയായ  ചടങ്ങിൽ ആദ്യ ട്രെയ്ലറും രണ്ടാമത്തെ ട്രെയ്ലറും പ്രദർശിപ്പിച്ചു. 

സരിഗമ എന്റർടൈൻമെന്റ്സിന്റെ സീനിയർ വൈസ് പ്രസിഡന്റ് സിദ്ധാർഥ് ആനന്ദ് കുമാർ, ജംമ്പിങ് സമാറ്റോസ് മാനേജിംങ് ഡയറക്ടർ രോഹൺ ദീപ് സിംങ് എന്നിവരിൽ നിന്നും മോഹൻലാൽ മെമന്റൊ ഏറ്റുവാങ്ങി. 

"ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ, എം.ടി സാറിന്റെ ഒമ്പത് കഥകൾ, അതിന്റെ സമാഹാരം ചലച്ചിത്ര ഭാഷ്യത്തി‌ലൂടെ ഇന്ന് പുറത്തുവന്നിരിക്കയാണ്. ഈ കഥകളിൽ പലതും   നമ്മൾ വായിച്ച് മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നാൽ  ഈ കഥകൾക്ക് ഇന്ന് പുതിയ ചലച്ചിത്ര ഭാഷ്യം ഉണ്ടായതിലൂടെ അവയെല്ലാം നമുക്ക് കണ്ടാസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കുകയാണ്. അതൊരു വലിയ കാര്യമാണ്. ഇത്തരം കഥകളെ  ചെറിയ സമയംകൊണ്ട് ഒരു ചലച്ചിത്ര രൂപത്തിലാക്കുക  എന്ന് പറയുന്നത് വലിയ ശ്രമകരമായ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. ഈ ഒമ്പത് കഥകളെ എട്ട് സംവിധായകരാണ് സിനിമയാക്കിയിരിക്കുന്നത്. അവർ അവരുടെ കർമ്മം വളരെ ഭംഗിയായി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് എം.ടി സാറിന്റെ ഏതാണ്ട് പത്ത് പന്ത്രണ്ട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്റെ ഈ 47 വർഷത്തെ സിനിമ ജീവിതത്തിലെ യാത്രയിൽ ഞാൻ ചെയ്തിട്ടുള്ള ഏറ്റവും മനോഹരമായ കഥാപാത്രങ്ങൾ തന്നെയാണ് ആ പന്ത്രണ്ട് കഥാപാത്രങ്ങളും. 'അമൃതം ഗമയ' മുതൽ 'ഓളവും തീരവും' വരെയുള്ള ചിത്രങ്ങൾ. അവയിലൂടെ ശക്തമായ കഥാപാത്രങ്ങളെ എനിക്ക് നൽകിയ അദ്ദേഹത്തോട് എന്നും നന്ദിയും കടപ്പാടുമുള്ള ആളാണ് ഞാൻ. ഒരു നടന് അത്തരം കഥാപാത്രങ്ങൾ കിട്ടുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്."  മോഹൻലാൽ പറഞ്ഞു.    

"'ഓളവും തീരവും' എന്ന ചിത്രം എനിക്ക് ഒരുപാട് കാരണങ്ങൾകൊണ്ട് പ്രത്യേകതയുള്ളതാണ്. ഒന്ന് എം.ടി സാറിന്റെ ഏറ്റവും ശക്തമായ തിരക്കഥയാണ്. ഏതാണ്ട് എൺപത് വർഷത്തിലേറെയായി ആ ചിത്രം നിർമ്മിക്കപ്പെട്ടിട്ട്. അന്ന് തന്നെ വളരെയധികം സംസാര വിഷയമായ ചിത്രമാണ്. അത് സംവിധാനം ചെയ്തിരിക്കുന്നത് പി എൻ മേനോൻ സാറാണ്. അതുവരെ മദിരാശിയിലെ ഫ്ലോറുകളിലായിരുന്ന മലയാള സിനിമയെ പുറത്തേക്ക്  കൊണ്ടുവന്ന ചിത്രം കൂടിയാണ് 'ഓളവും തീരവും'. മധു സാർ എനിക്ക് പിത‍ൃ തുല്യനും ഗുരു തുല്യനുമായ വ്യക്തിയാണ്. എം.ടി സാറിന്റെ കഥാപാത്രം, മധു സാറാണ് അന്ന്  അഭിനയിച്ചത്. പി എൻ മേനോൻ സാറാണ് എന്റെ മുഖം ആദ്യമായ് മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹമാണ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ ആദ്യമായ് എന്റെ മുഖം വരച്ച് ആളുകളിലേക്ക് എന്നെ എത്തിക്കുന്നത്. മനോരഥങ്ങളിൽ പ്രിയദർശനാണ് ഇപ്പോൾ  "ഓളവും തീരവും " സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയന്റെ ഏതാണ്ട് നാൽപ്പതിലധികം ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.  പ്രിയൻ സിനിമയിലേക്ക് വരാനുള്ള കാരണം തന്നെ എം.ടി സാറിന്റെ കഥകളാണ്. അദ്ദേഹം ആദ്യമായ് വായിച്ചു എന്ന് അവകാശപ്പെടുന്നത് 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ തിരക്കഥയാണ്. അന്ന് മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമാണ് എം.ടി സാറിന്റെ തിരക്കഥയിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്യണം എന്നുള്ളത്. ഒരുപാട് പ്രാവശ്യം ഇക്കാര്യം ഞാൻ എം.ടി സാറുമായ് സംസാരിച്ചിട്ടുണ്ട്. പല കാരണങ്ങൾകൊണ്ടത് മാറിപ്പോയി. ഒരിക്കൽ ഏതാണ്ട് മദ്രാസിൽ അദ്ദേഹം വരികയും ഒരു സിനിമ ചെയ്യാനായിട്ട് തയ്യാറാവുകയും ചെയ്ത സമയത്താണ് ചില അസൗകര്യങ്ങൾ കാരണം വീണ്ടും അത് മാറിപ്പോയത്. പ്രിയന് ഈ സിനിമ ചെയ്യാൻ സാധിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ആ​ഗ്രഹത്തോടൊപ്പം ഒരുപാട് വർഷം സഞ്ചരിച്ചൊരാളാണ് ഞാൻ. ഒരു സഹോദരനെ പോലെ ഞാൻ കാണുന്ന, ലോകം മുഴുവൻ അം​ഗീകരിക്കപ്പെട്ട സന്തോഷ് ശിവനാണ് 'ഓളവും തീരവും' ഷൂട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹവും ഞാനുമായിട്ട് ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ ചിത്രമായ 'ബറോസ്' 3Dയുടെ ഛായാ​ഗ്രാഹകനും അദ്ദേഹമാണ്. 'മനോരഥങ്ങൾ'ലെ ഒമ്പത് കഥകൾ ആളുകളുടെ ഇടയിലേക്കെത്തിയപ്പോൾ പ്രേക്ഷകർ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുന്നത് കാണു മ്പോൾ  എനിക്ക് വലിയ സന്തോഷമുണ്ട്. എനിക്ക് അദ്ദേഹത്തിന് കൊടുക്കാവുന്ന ​ഗുരുദക്ഷിണയായിട്ട് ഞാനീ ചിത്രത്തെ കാണുന്നു. ഈ ചിത്രം മധു സാറിനെ  കാണിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടത്. അന്ന് ബ്ലാക്ക്&വൈറ്റിൽ ചിത്രീകരിച്ച ചിത്രം എന്തുകൊണ്ടാണ് ഇന്ന് കളറിൽ ചിത്രീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായും ആ ഒരു പഴമ ഉണ്ടാക്കിയെടുക്കാനാണ് ബ്ലാക്ക്&വൈറ്റിൽ ചിത്രീകരിച്ചത്. ചിത്രം കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും."
എല്ലാവർക്കും നന്ദി പറഞ്ഞ് മോഹൻലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

തുടർന്ന് ജയരാജ്, മഹേഷ് നാരായണൻ,  അശ്വതി വി നായർ , ന്യൂസ് വാല്യ പ്രൊഡക്ഷൻസ് ൻ്റെ ഡയറക്ടവും  മനോരഥങ്ങളുടെ ലൈൻ പ്രൊഡ്യൂസറു മായ സുധീർ അമ്പലപ്പാട്ട് എന്നിവർ ‍ചേർന്ന് സന്തോഷ് ശിവന് മെമന്റൊ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.

മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ 5 ഭാഷകളിലായി ZEE5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 15 ന് 'മനോരഥങ്ങൾ' റിലീസ് ചെയ്തു.
പ്രിയദർശൻ, രഞ്ജിത്ത്, ജയരാജ്, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട്, മഹേഷ് നാരായണൻ, അശ്വതി വി നായർ, ശ്യാമപ്രസാദ് എന്നീ സംവിധായകർ സംവിധാനം ചെയ്ത ചിത്രങ്ങൾ സരിഗമ ഇന്ത്യക്ക് വേണ്ടി വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, രോഹിത് ദീപ് സിങ്, ജയ് പാണ്ഡ്യ, രാജേഷ് കെജരിവാൾ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സാഹിൽ എസ് ശർമ, അശ്വതി വി നായർ എന്നിവർ സഹനിർമ്മാതാക്കളും.  ആശിഷ് മെഹറ, അനുരോധ് ഹുസൈൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസുമാണ്.

കമൽ ഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഇന്ദ്രൻസ്, ബിജു മേനോൻ, നെടുമുടി വേണു, സിദ്ദിഖ്, മാമുക്കോയ, രഞ്ജി പണിക്കർ, കൈലാഷ് നാഥ്, ഹരീഷ് പേരടി, വിനീത്, നരേൻ, ഹരീഷ് ഉത്തമൻ, ഉജ്ജ്വൽ ചോപ്ര, അപർണ ബാലമുരളി, പാർവതി തിരുവോത്ത്, മധുബാല, നദിയ മൊയ്തു, ഇഷിത് യാമിനി, സുരഭി ലക്ഷ്മി, അനുമോൾ, കലാമണ്ഡലം സരസ്വതി, ആൻ അഗസ്റ്റിൻ, ദുർഗ കൃഷ്ണ, ശാന്തി കൃഷ്ണ, ചിത്ര അയ്യർ, ശിവദ, ഗീതി സംഗീതിക, കെ പി എസി ലീല, രമ്യ സുരേഷ്, നിളാ ഭാരതി, പ്രാർത്ഥന, നന്ദു പൊതുവാൾ, നസീർ സക്രാന്തി, ടി ജി രവി, വിനോദ് കോവൂർ, വിജയൻ, മണികണ്ഠൻ പട്ടാമ്പി, കാരന്തൂർ, ടി സുരേഷ് ബാബു, വിനീഷ്, ശശി എഞ്ഞിക്കൽ, മാധവ്, തെന്നൽ അഭിലാഷ് തുടങ്ങി സൗത്ത് ഇന്ത്യയിലെ വമ്പൻ താര നിരയാണ് 'മനോരഥങ്ങൾ'ക്കായ് അണിനിരക്കുന്നത്. 

മോഹൻലാൽ നായകനാവുന്ന 'ഓളവും തീരവും' ബിജു മേനോൻ നായകനായ 'ശിലാലിഖിതം' എന്നിവ  പ്രിയദർശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായി ശ്രീലങ്കയിൽ ചിത്രീകരിച്ച 'കടുഗണ്ണാവ ഒരു യാത്ര കുറിപ്പ്'ന്റെ സംവിധാനം രഞ്ജിത്തും പാർവതി തിരുവോത്ത്, കലാമണ്ഡലം സരസ്വതി, ഹരീഷ് ഉത്തമൻ, നരേൻ എന്നിവർ അഭിനയിക്കുന്ന 'കാഴ്ച' ശ്യാമപ്രസാദും. ഫഹദ് ഫാസിൽ, നദിയ മൊയ്തു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഷെർലക്ക്' മഹേഷ് നാരായണനുമാണ് സംവിധാനം. 

ഇന്ദ്രൻസ്, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി, കൈലാഷ് നാഥ് എന്നിവരഭിനയിച്ച  'സ്വർഗം തുറക്കുന്ന സമയം'ത്തിന്റെ സംവിധായകൻ ജയരാജും
എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി വി നായർ സംവിധാനം ചെയ്യുന്ന 'വിൽപ്പന'യിൽ ആസിഫ് അലിയും മധുബാലയുമാണ് അഭിനേതാക്കൾ.
സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന  'അഭയം തേടി വീണ്ടും' സന്തോഷ് ശിവനും ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ അണിനിരക്കുന്ന 'കടൽക്കാറ്റ്' രതീഷ് അമ്പാട്ടുമാണ് സംവിധാനം ചെയ്യുന്നത്.

എംടിയുടെ മകളും നർത്തകിയുമായ അശ്വതി വി നായരാണ് പ്രൊജക്ടിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിലെ ഒൻപത് സിനിമകളെ ഏകോപിച്ചത് സംവിധായകനും 'മനോരഥങ്ങൾ'ടെ ലൈൻ പ്രൊഡ്യൂസറുമായ സുധീർ അമ്പലപ്പാടാണ്.  എക്സിക്യൂഷൻ നിർവ്വഹിക്കുന്നത് എം.ടി യുടെ കമ്പനിയായ ന്യൂസ് വാല്യുയാണ്.പോസ്റ്റ് പ്രൊഡ്യൂസർ: അരുൺ സുബ്രമണ്യൻ (ന്യൂസ് വാല്യു), ഫൈനാൻസ് കൺട്രോളർ: അനീസ് ബിൻ അലി (ന്യൂസ് വാല്യു) എന്നിവർ അണിയറയിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top