കൊച്ചി > വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഹൃദയം സിനിമയിലെ ഗാനരംഗത്തിന്റെ പേരിൽ മോഹൻലാലിനും മകൻ പ്രണവിനുമെതിരെ തീവ്രഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം. സിനിമയിലെ നഗുമോ പാട്ടിൽ ബീഫ് കഴിക്കുന്ന രംഗം വന്നതാണ് ഹുന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ട്വിറ്ററിലാണ് വെറുപ്പ് വിതയ്‌ക്കുന്ന കുറിപ്പുകൾ വ്യാപകമായി വരുന്നത്.
പ്രണവ് മോഹൻലാലും നായിക കല്യാണി പ്രിയദർശനും ചേർന്നുള്ള പാട്ടുരംഗത്തിൽ വാഴയിലയിൽ വിളമ്പുന്ന ബീഫ് കഴിക്കുന്ന രംഗം തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സംഘപരിവാർ ഹാൻഡിലുകൾ ട്വിറ്ററിൽ ലാലിനും മകനും എതിരെ വാളോങ്ങുന്നത്. പശ്‌ചാത്തലത്തിൽ നഗുമോമു ഗനലേനി എന്ന ത്യാഗരാജ കീർത്തനമുള്ളതും പ്രകോപനപരമാണെന്നാണ് ഹിന്ദുത്വവാദികൾ ആരോപിക്കുന്നത്. യൂടൂബിൽ 17 മില്യൺ ആളുകൾ കണ്ട ഗാനം ചിട്ടപ്പെടുത്തിയത് ഹിഷാം അബ്‌ദുൾ വഹാബ് ആണ്.
സ്വാതി ബെല്ലം എന്ന ദന്തഡോക്‌ടറാണ് ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാൻ മോളിവുഡിന് ആരാണ് അധികാരം നൽകിയതെന്ന ചോദ്യവുമായി ട്വീറ്ററിലെത്തിയത്. ഈ ട്വീറ്റ് വന്നതോടെ നിരവധി പേർ മലയാളികളുടെ ബീഫ് താൽപര്യത്തെ ചോദ്യം ചെയ്‌ത് രംഗത്തു വന്നു. തെലുഗു കീർത്തനത്തിന്റെ പശ്‌ചാത്തലത്തിൽ ബീഫ് വിളമ്പുമ്പോഴുള്ള നായികയുടെ എക്‌സ്‌പ്രഷനും ഹിന്ദുത്വവാദിക്ക് സഹിക്കുന്നില്ല. ജീവിതത്തിൽ ഇന്നേവരെ കഴിഞ്ഞ ഏറ്റവും രുചിയുള്ള ഭക്ഷണമാണിതെന്ന മട്ടിലാണ് ആ പെൺകുട്ടി പ്രതികരിക്കുന്നതെന്ന് ട്വിറ്റിൽ പറയുന്നു.
ബീഫ് കേരളത്തിന്റെ ദേശീയ ഭക്ഷണമാകാം. എല്ലാ സിനിമയിലും ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. ഇല്ലെങ്കിൽ കേരള സർക്കാർ അവ നിരോധിക്കും. എന്നാൽ ഈ രംഗത്ത് ഒരു രാമ സങ്കീർത്തനത്തിന്റെ പശ്‌ചാത്തല സംഗീതം നൽകേണ്ട ആവശ്യം എന്താണെന്നും അവർ ചോദിക്കുന്നു. ബീഫ് പിഞ്ഞാണത്തിൽ വിളമ്പാതെ ഹിന്ദുക്കൾ പാവനമായി കരുതുന്ന വാഴയിൽ വിളമ്പിയത് പരമാവധി പ്രകോപനമുണ്ടാക്കാനുള്ള സംവിധാകൻെറ ശ്രമമാണ് എന്നാണ് ഒരു കമന്റ്. ത്യാഗരാജ ബ്രാഹ്‌മണനാണെന്നും ഇത്തരം രംഗങ്ങളിൽ അറബ് സംഗീതമാണ് വേണ്ടതെന്നും ട്വീറ്റിൽ പറയുന്നു. ഇതുവരെ മൂവായിരത്തോളം പേർ റിട്വീറ്റ് ചെയ്‌ത ഈ സന്ദേശത്തിൽ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും കേരളത്തിനെതിരെയാണ്. തമിഴ്‌നാട്ടുകാരും മലയാളികളും ബീഫ് കഴിച്ചാലും കന്നഡക്കാരും തെലുങ്കരും സനാതന ധർമം കൈവിടില്ലെന്ന് ആത്മവിശ്വാസ പ്രകടനത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. കേരള വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞ കമന്റുകളിൽ മോഹൻലാലിനും പ്രണവിനും എതിരെയും നിരവധി മോശമായ പരാമർശങ്ങളുണ്ട്.
സിനിമയിലെ ഏറ്റവും ചര്‍ച്ചയായി രംഗങ്ങളിലൊന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബണ്‍ പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്നത്. ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി എന്ന രീതിയിലായിരുന്നു ഈ പ്രചരണങ്ങള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..