23 July Tuesday

ക്യാമറയ‌്ക്ക‌് പിന്നിലും ലാലേട്ടൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതയാത്രയിൽ മോഹൻലാൽ സംവിധായകനുമാകുന്നു. തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാൽ സംവിധായകനാകുന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘ബറോസ്സ്’ എന്ന് പേരിട്ട ഈ ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു 3 ഡി സിനിമയാണെന്നും അദ്ദേഹം കുറിച്ചു. സിനിമയിൽ ബറോസ്സായി വേഷമിടുന്നതും ലാൽ തന്നെ.

ഈ തീരുമാനം മുൻകൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വർഷങ്ങൾക്ക് മുൻപ് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയുടെ സംവിധായകൻ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാൽ അത് ഉപേക്ഷിച്ചു. എന്നാൽ ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം പങ്കുവയ്ച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകർഷിച്ചു. അതൊരു മിത്ത് ആയിരുന്നു. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത‌്. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ‘‘എനിക്ക് ലോക സിനിമ ചെയ്യാനാണിഷ്ടം'’ എന്ന ജിജോയുടെ സ്വപ്‌നത്തിന്റെ തുടക്കമാണ് ഈ സിനിമ. ബറോസ്സായി വേഷമിടുന്നതും ഞാൻ തന്നെ- മോഹൻലാൽ കൂട്ടിച്ചേർത്തു.

എന്റെ മനസ്സ് ഇപ്പോൾ ബറോസ്സിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. പല കാര്യങ്ങൾ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായിട്ടറിയാം. എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ എന്റെ ശിരസിലും ആ ഭാരം അമരുന്നു. അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളിൽ നിന്നും ബറോസ്സ‌് പുറത്തു വരും; കൈയിൽ ഒരു നിധി കുംഭവുമായി... ലാൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top