05 April Sunday

ആ കഥ ആണോ ഈ കഥ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മിൻസാര കണ്ണാ സിനിമയിൽ വിജയ്‌

ധനിക വസതിയിൽജോലിക്കെത്തിയ ആൾ, അയാളുടെ ബന്ധുക്കളെ വീട്ടുടമസ്ഥർ അറിയാതെ ആ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നു. നാല് ഓസ്‌കർ നേടിയ കൊറിയൻ ചിത്രം പാരസൈറ്റിന്റെ ഇതിവൃത്തം വേണെങ്കിൽ ഇങ്ങനെ ചുരുക്കാം. 1999ൽ ഇറങ്ങിയ വിജയ്ചിത്രം മിൻസാര കണ്ണായുടെയും കഥാതന്തുവും ഇതുതന്നെ. സാമൂഹ്യമാധ്യമങ്ങൾ ആശ്ചര്യപൂർവം പങ്കുവച്ച ഈ താരതമ്യം സീരിയസായി എടുത്തിരിക്കുകയാണ് മിൻസാര കണ്ണായുടെ നിർമാതാവ് പി എൽ തേനപ്പൻ.

എന്റെ സിനിമയുടെ കഥാതന്തു കൊറിയൻ ചലച്ചിത്രകാരന്മാർ പകർത്തിയെന്ന് വ്യക്തമാണ്. രാജ്യാന്തരതല ബന്ധമുള്ള അഭിഭാഷകരെ ബന്ധപ്പെട്ടുവരുന്നു. കഥമോഷ്ടിച്ചതിന് ഉടൻ വക്കീൽ നോട്ടീസ് അയക്കും.അവരുടെ ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നമ്മൾ ചിത്രം നിർമിച്ചതെന്ന് കണ്ടെത്തിയാൽ  അവർ നടപടി എടുക്കാറുണ്ട്. അതുപോലെതന്നെ നമ്മൾക്കും കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ട്–- -തേനപ്പൻ പറഞ്ഞു.

പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ എസ് രവികുമാർ സംവിധാനം ചെയ്ത കോമഡി ചിത്രം, ഇപ്പോഴത്തെ വിജയ് ചിത്രങ്ങളെപ്പോലെ പ്രദർശനവിജയം നേടിയിരുന്നില്ല. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ, ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.
തന്റെ സിനിമ ഓസ്‌കർ ലഭിച്ച സിനിമയുമായി താരതമ്യപ്പെടുത്തുന്നതുതന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നാണ് മുത്തു, പടയപ്പ, തെന്നാലി, പഞ്ചതന്ത്രം തുടങ്ങിയ സൂപ്പർഹിറ്റുകളൊരുക്കിയ കെ എസ് രവികുമാറിന്റെ പ്രതികരണം.

ധനിക വസതിയിൽ ബോഡിഗാർഡായി എത്തുന്ന നായകൻ, വീട്ടുടമസ്ഥയുടെ അനുജത്തിയെ പ്രേമിക്കുന്നതും പിന്നാലെ വീട്ടിലെ കുടുംബാംഗങ്ങളെ ഇവിടേക്ക് എത്തിക്കുന്നതും കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞ് ഒടുവിൽ കല്യാണം നടക്കുന്നതുമാണ് സിനിമയുടെ കഥ.
പാരസൈറ്റിൽ വീട്ടിൽ ഒളിച്ചുതാമസിക്കുന്നുണ്ടെങ്കിലും പ്രണയം അല്ല വിഷയം. കഥാപാത്രങ്ങളുടെ സാമൂഹ്യ സാമ്പത്തിക അന്തരവും വിശപ്പുമാണ് വിഷയം. മികച്ച സിനിമ, തിരക്കഥ, സംവിധായകൻ, രാജ്യാന്തര ചിത്രം എന്നീ അവാർഡുകളാണ് പാരസൈറ്റ് നേടിയത്. ‌ജെയിംസ് കാമറൂണിന്റെ ആഗോളഹിറ്റായ അവതാറിന്റെ പ്രമേയവും മോഹൻലാൽ ചിത്രം വിയറ്റ്‌നാം കോളനിയും താരതമ്യപ്പെടുത്തിയും സാമൂഹ്യമാധ്യമങ്ങളിൽ മുമ്പ് സമാന പ്രചാരണം അരങ്ങേറിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top