22 May Wednesday

വെളിച്ചമുള്ള മിന്നാമിനുങ്ങ്; കയ്യടിക്കേണ്ട അഭിനയത്തികവ്

ടി ആര്‍ അനില്‍കുമാര്‍Updated: Monday Jul 24, 2017

പിറവി മുതല്‍ ജീവിതം അവളോടു നീതി പുലര്‍ത്തിയില്ല. കുഞ്ഞുന്നാളിലെ അമ്മയുടെ വിയോഗം. പെണ്‍കുഞ്ഞു പിറന്ന് നാലാം മാസം വിധവയാകേണ്ടി വന്നവള്‍.  മകള്‍ക്കു വേണ്ടി സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു പോയവള്‍...... മകള്‍, ഭാര്യ, അമ്മ.... എന്നിങ്ങനെ  സഹനത്തിന്റെ ജീവിത വേഷങ്ങള്‍ മാറി മാറി അഭിനയിക്കേണ്ടി വരുന്നവള്‍.   ഒരു പേരില്‍ ഒതുക്കാനാവാത്ത ഈ പെണ്‍ ജന്മം. അടുത്ത കാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത ഉള്‍ക്കരുത്തുള്ള ഈ  സ്ത്രീ കഥാപാത്രം പറയും എന്തുകൊണ്ട് സുരഭി ലക്ഷ്മിക്ക്  മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്ന്.

മിനി സ്‌കീനിലെ കോഴിക്കോടന്‍ പാത്തുവിനെ കണ്ടു പരിചയിച്ച മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തും സുരഭിയുടെ ഈ ആദ്യനായികാ കഥാപാത്രം. വലിയ വിജയങ്ങള്‍ നേടുന്ന സ്ത്രീ ജീവിതങ്ങള്‍ സിനിമകളില്‍ കാണാം. നമുക്കിടയിലുള്ള ഓരോ കുടുംബത്തിലുമുണ്ട്  പ്രതിസന്ധിയുടെ കാണാക്കയങ്ങളില്‍ അതിജീവനത്തിന്റെ തോണിയിറക്കേണ്ടി വരുന്ന കുടുംബനാഥകള്‍.  മക്കളില്‍ കാണുന്ന   പ്രതീക്ഷയുടെ പച്ചത്തുരുത്തുകളിലെ ചതിക്കുഴികള്‍ തിരിച്ചറിയാനാവാത്തവര്‍. സാധാരണ സിനിമകളില്‍ ഇടം കിട്ടാത്തവര്‍.  സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും മറുപടിയാണ് മിന്നാമിനുങ്ങ്.

അകലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന മകള്‍ക്കു വേണ്ടി  എല്ലുമുറിയെ പണിയെടുക്കുന്ന ഓഫീസ് ജീവനക്കാരി,  രോഗിയായ അച്ഛന്റെ മരുന്നിന്  പശുവളര്‍ത്തലും കോഴിവളര്‍ത്തലും ചെയ്യുന്ന വീട്ടമ്മ, ഇടവേളകളില്‍ ഫ്‌ളാറ്റുകളിലെ  അടിച്ചു തളിക്കാരി.  അങ്ങനെ ഒരു പേരും ഒരു വേഷവും പോരാ എന്നു തോന്നിയതാകാം സുരഭിയുടെ കഥാപാത്രത്തിന് ഒരു പേരിടാനാവാത്തത്. ഏകസ്ഥരായ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമൂഹത്തിന്റെ അര്‍ഥം വച്ച ചാട്ടുളി നോട്ടങ്ങള്‍, വഷളന്‍ പെരുമാറ്റങ്ങള്‍. അതിനെതിരായ ചെറുത്തുനില്‍പ്പ്  അതും കഥാപാത്രത്തെ വ്യത്യസ്തയാകുന്നു.

ജീവിതത്തില്‍ പകച്ചുപോയ നിമിഷങ്ങളില്‍ ഒരു തുണ വേണമെന്നു തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനു ഈ അമ്മ നല്‍കുന്ന മറുപടിയും മിന്നാമിനുങ്ങിനെ വേറിട്ട സ്ത്രീപക്ഷ സിനിമയാക്കുന്നു.  ആങ്ങളമാരും ഭര്‍ത്താവുമുള്ള സ്ത്രീകള്‍ക്കും ഇതുപോലുള്ള നിമിഷങ്ങള്‍ നേരിടേണ്ടി വരില്ലേ സാറേ എന്നു പറഞ്ഞു കരച്ചില്‍ നിര്‍ത്തി തോല്‍ക്കാതെ ജീവിക്കുന്ന കഥാപാത്രം.  ഒടുവില്‍  ജീവിതത്തിലെ ഏക പ്രതീക്ഷയായ മകളുടെ മനസ്സ് വായിച്ചെടുക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ  സിനിമ ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ സുരഭി എന്ന അഭിനേതാവിന്റെ അഭിനയ മികവ്  ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

 

വലതുകാല്‍ വലിച്ചു വച്ച നടത്തവും തിരുവനന്തപുരം ശൈലിയിലെ വര്‍ത്തമാനവും സുരഭിയുടെ പ്രതിഭയ്ക്കു മുന്നില്‍ വെല്ലുവിളിയായില്ല. കാരണവും സുരഭി പലതവണ പറഞ്ഞിട്ടുണ്ട്. സംസ്‌കൃത സര്‍വ്വകലാശാലയില്‍ തിയറ്റര്‍  പഠനകാലത്ത് ഹോസ്റ്റല്‍ മേട്രണായിരുന്ന മീനയുടെ സംഭാഷണം നന്നായി നിരീക്ഷിച്ചു പഠിച്ചതുകൊണ്ട്  തിരുവനന്തപുരം ശൈലി മികച്ചതാക്കാനായി എന്നേ സുരഭി പറയൂ. മകളായി അഭിനയിച്ച റെബേക്ക സന്തോഷ്,  എം എസ് എന്ന എഴുത്തുകാരനായി പ്രേം പ്രകാശ്,  പ്രഭുവായി കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരും നല്ല അഭിനയം കാഴ്ചവെച്ചു. സംവിധായകന്‍ അനില്‍ തോമസിനും തിരക്കഥാകൃത്ത് മനോജ് 'റാം സിങ്ങിനും അഭിമാനിക്കാവുന്ന സിനിമ.  ഓസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും സിനിമയിലെ ജീവിതത്തിന്റെ ശ്രുതിയും താളവുമായി.  തീര്‍ച്ചയായും കുടുംബം ഒന്നായി  കാണാവുന്ന, കണ്ടിരിക്കേണ്ട സിനിമയാണ് മിന്നാമിനുങ്ങ്.
 

പ്രധാന വാർത്തകൾ
 Top