18 February Monday

പ്രണയപ്പച്ചയിലൊഴുകുന്ന മായാനദി

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Sunday Dec 24, 2017


പ്രണയത്തിന്റെ തീയും മഴയും  നെഞ്ചില്‍ അവശേഷിപ്പിച്ചാണ് 'മായാനദി' സിനിമ കണ്ട് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നത്. പച്ചിലകളില്‍ തീപ്പടരും പോലെ അത്രയും പതിയെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ വേവ് ഊര്‍ന്നിറങ്ങുന്ന അനുഭവം... പലപ്പോഴും ചങ്കിടിപ്പായും ആഘോഷമായും മാറുന്ന അനുരാഗത്തിന്റെ  ആഴം, നീറ്റലായും  സുഖമുള്ള നോവായുമൊക്കെ മനസില്‍ കിനിഞ്ഞിറങ്ങുന്നു... നിലാവില്‍ നഗരശാന്തതയിലൂടെ കൈകോര്‍ത്ത് പോകുന്ന പ്രണയാനുഭവം ഏറെക്കാലം പ്രേക്ഷകര്‍ ഹൃദയച്ചിമിഴില്‍  സൂക്ഷിക്കും.

പ്രണയം പാപം കഴുകുന്ന പുഴയായി മാറുന്ന മായാ നിമിഷങ്ങളാണ് സിനിമ സമ്മാനിക്കുന്നത്. പ്രണയിക്കുമ്പോള്‍ ആരും ആണും പെണ്ണുമല്ല, പച്ച മനുഷ്യന്‍ മാത്രമായി ജ്വലിക്കുന്നു എന്ന് 'മായാനദി' ഓര്‍മ്മിപ്പിക്കുന്നു.  പ്രണയം മാത്രമല്ല, ജീവിതത്തിന്റെ നല്ലതും ചീത്തയുമായ നിമിഷങ്ങളും സാഹചര്യങ്ങള്‍ക്ക് ഇരകളാകുന്ന മനുഷ്യാവസ്ഥകളും സിനിമ ആവിഷ്കരിക്കുന്നു. പളുങ്കുപോലെ പരിശുദ്ധമായ പ്രണയത്തിന്റെ കണക്കെടുപ്പല്ല മറിച്ച് മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളില്‍ തളിരിടുകയും കൊഴിയുകയും ചെയ്യുന്ന പ്രണയകലഹങ്ങളാണ് ചിത്രം കാണിച്ചു തരുന്നത്. സ്ത്രീപുരുഷ പക്ഷം പിടിക്കാതെ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന കലാസൃഷ്ടിയായി മായാനദിയെ വായിക്കുന്നതാവും ഉചിതം.

ഒരു ദുരന്തത്തില്‍ സ്വന്തം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് ജീവിക്കാനായി കുറച്ചു തട്ടിപ്പുമായി മധുരയില്‍ എത്തിപ്പെടുന്ന മാത്തന്റെയും കുടുംബഭാരവും അടങ്ങാത്ത അഭിനയമോഹവും തലയിലേറ്റിയ അപ്പു എന്ന അപര്‍ണയുടേയും കഥയാണ് മായാനദി. ഇരുവരും ഒരിക്കല്‍ പ്രണയിച്ചിരുന്നു. ഭൂതവും വര്‍ത്തമാനവുമെല്ലാം നഷ്ടപ്പെട്ട മാത്തന് ഭാവിയില്‍ മാത്രമാണ് പ്രതീക്ഷ. അപര്‍ണയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ട് പ്രണയത്തിന്റെ ഗൃഹാതുരതയില്‍ ഉറങ്ങിയുണരുന്ന മാത്തന്‍ ഒരു വലിയ പ്രശ്നത്തിലകപ്പെട്ട് സ്വന്തം നാടായ കൊച്ചിയില്‍ എത്തുന്നു. ആ നഗരത്തിലുണ്ടെങ്കിലും മാത്തന്റെ പ്രണയത്തെ അകറ്റി നിര്‍ത്തുന്നു അപര്‍ണ. ഇവര്‍ക്കിടയിലെ കുറേ നിമിഷങ്ങളെ, ഒരു നദിയിലെ ഒഴുക്കില്‍പ്പെട്ട ഇലകള്‍ പോലെ തട്ടിയും തടഞ്ഞുമുള്ള ഇവരുടെ യാത്രയെയുമാണ് സിനിമ പകര്‍ത്തുന്നത്.

പ്രണയത്തിന്റെ സൂര്യകാന്തി മാത്രമല്ല, രതിയുടെ ഉത്സവവും മായാനദിയിലുണ്ട്. എന്നാല്‍, ശരീരങ്ങളുടെ ആഘോഷങ്ങള്‍ക്ക് ശേഷം തളര്‍ന്നു കിടക്കുന്ന മാത്തന്‍ എന്ന 'പുരുഷനോട്' അപര്‍ണ എന്ന 'പെണ്ണ്' 'വണ്‍സ് മോര്‍' എന്ന് പറയുന്നതും മാത്തന്റെ പുരുഷചിന്തയോട് 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് പ്രതികരിക്കുന്നതും മലയാളസിനിമയ്ക്ക് പുതിയ അനുഭവമാണ്. കൊള്ളേണ്ടിടത്തൊക്കെ കൂരമ്പ് പോലെ കൊണ്ടിട്ടുണ്ട് ഈ സംഭാഷണം. നല്ല നിലാവുള്ള രാത്രിയും കടലും മഴയും വെയിലുമെല്ലാം ഹൃദ്യമായി പകര്‍ത്തിയിട്ടുണ്ട് ഓരോ ഫ്രെയിമിലും. സിനിമയുടെ കഥയോട് ഇത്രത്തോളം ചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. 

ആഷിക് അബുവിന്റെ മാസ്റ്റര്‍ പീസ് ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന 'മായാനദി' സ്നേഹരാഹിത്യത്തിന്റെ പുതിയ കാലത്തെ പ്രതീക്ഷയുടെ നീരുറവയാണ്. ഉറക്കം കെടുത്തുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രണയത്തിന്റെ ഋതുവില്‍ മന്ദഹസിക്കുന്ന മാത്തന്‍ എന്ന കഥാപാത്രം ടൊവീനോയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ്. ഓരോ സിനിമ പിന്നിടുമ്പോഴും തന്റെ പ്രതിഭയെ ഊതിക്കാച്ചിയെടുക്കുന്നു ഈ കലാകാരന്‍. അഭിനയത്തിലെ മിതത്വവും സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടാണ് മാത്തന്‍ ചിരിക്കുമ്പോള്‍ നമ്മള്‍ ചിരിക്കുന്നതും കരയുമ്പോള്‍ കണ്ണ് തുടയ്ക്കുന്നതും. മലയാളത്തിന് കിട്ടിയ മഹാഭാഗ്യമാണ് ഐശ്വര്യലക്ഷ്മി എന്ന നടി.

അമല്‍ നീരദ്, റെക്സ് വിജയന്‍, ഷഹബാസ് അമന്‍, നേഹ നായര്‍, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, ഷൈജു ശ്രീധരന്‍, ജയേഷ് മോഹന്‍ എന്നീ പ്രതിഭകളുടെ കൈയ്യൊപ്പ് ഈ ചിത്രത്തില്‍ ആവോളമുണ്ട്. ലിയോണയുടെ സമീറ, മേക്കപ് ആര്‍ടിസ്റ്റായ ട്രാന്‍സ്ജെന്‍ഡര്‍, സമീറയെ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന സൌബിന്‍ ഷാഹിര്‍, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ബേസില്‍ ജോസഫ്, സഹസംവിധായിക ഉണ്ണിമായ, ഇളവരശ്, ഹരീഷ് ഉത്തമന്‍ എന്നിവരെല്ലാം പ്രേക്ഷകമനസിലുണ്ട്. കടല വില്‍പനക്കാരനെപ്പോലെ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങള്‍ പോലും അതിസൂക്ഷ്മമായാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്.

അനുഭവിപ്പിക്കുന്ന കലാസൃഷ്ടികള്‍ കാലത്തെ അതിജീവിച്ച ചരിത്രം നമുക്ക് മുന്നില്‍ ഏറെയുണ്ട്. പറയാന്‍ വേണ്ടി പറയാതെ, വരികള്‍ക്കിടയിലും ദൃശ്യങ്ങള്‍ക്കിടയിലും ഒളിപ്പിച്ച് പറയുന്ന രാഷ്ട്രീയം ഈ സിനിമയ്ക്ക് ഉന്നത മാനം നല്‍കുന്നു.  പുഴയൊഴുകി കടലിലെന്നപോലെ ഒഴുകും ഈ നദീപ്രവാഹം. ഒരു പുഴയില്‍ ഒരിക്കല്‍ മാത്രമല്ല, ആവര്‍ത്തിച്ചു ചവിട്ടാം എന്ന വലിയ പാഠവും അനുവാചകഹൃദയത്തിലേക്ക് ഒഴുകും.

മറ്റു വാർത്തകൾ