07 April Tuesday

ചില്ലിനപ്പുറം അവനുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കുകയാണ്‌. കഴിഞ്ഞ 18നാണ്‌ അവൻ നാട്ടിലെത്തിയത്‌. പ്രത്യേകിച്ച്‌ അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനിതന്നെയാണ്‌ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്‌.

സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചാണ്‌ ഞങ്ങൾ ഇത്‌ ചെയ്യുന്നത്‌–- സുഹാസിനി പറഞ്ഞു. പോസ്‌റ്റിന്റെ പൂർണരൂപം:  ‘ഞങ്ങളുടെ മകന്‍ നന്ദന്‍ 18ന് രാവിലെ ലണ്ടനില്‍നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാന്‍ തീരുമാനിച്ചു. ഇന്ന് അഞ്ചാംദിവസം ആണ്. ഞാന്‍ അവനെ ജനലിനപ്പുറം കണ്ണാടിച്ചില്ലിനപ്പുറം  കാണുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു.

ഭക്ഷണവും വസ്ത്രവും അകലെ  വയ്ക്കും ഞങ്ങൾ പോയതിനുശേഷം അവനതെടുക്കും. അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഞങ്ങള്‍ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ബാധ ഇല്ലെന്ന കാര്യം അറിയണം. പക്ഷേ അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെതന്നെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്.’ അകലെ ചില്ലുജനാലയ്‌ക്കപ്പുറം മകനെ കാണുന്ന, ഭർത്താവ്‌ മണിരത്‌നവുമൊത്തുള്ള സെൽഫി വീഡിയോയും പങ്കുവെച്ച് സുഹാസിനി കുറിച്ചു.

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ്‌ സുഹാസിനി.  പൊതുവെ തമിഴ്‌നാട്ടിലെ താരകുടുംബങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി കൃത്യമായ പുരോഗമന പക്ഷ നിലപാടുള്ളവരാണ്‌ സുഹാസിനിയും കുടുംബവും. പല അവസരങ്ങളിലും സുഹാസിനിയും മകൻ നന്ദനും തങ്ങളുടെ  പുരോഗമന രാഷ്ട്രീയാഭിമുഖ്യം വെളിപ്പെടുത്തിയതുമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top