20 February Wednesday

യാത്രയും പേരൻപും...കാത്തിരിക്കുകതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 22, 2018


മേളകളിലും മറ്റും മമ്മൂട്ടിയുടെ അഭിനയത്തികവുകൊണ്ട‌് വിസ‌്മയിപ്പിച്ച പേരൻപിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ‌് ഇനിയും നീളും. റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ‌് ചിത്രം ഫെബ്രുവരിയിലായിരിക്കും പ്രദർശനത്തിനെത്തുക. ഒപ്പം തന്നെ മമ്മൂട്ടിയുടെ നാലാമത‌് തെലുഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയതാണ‌് പേരൻപ‌്. ദേശീയ അവാർഡ‌് ജേതാവ‌് റാമിന്റെ നാലാമത‌് ചിത്രമാണിത‌്. കട്രത‌് തമിൾ, തങ്കമീൻകൾ, തരമണി എന്നിങ്ങനെ മുൻ ചിത്രങ്ങളാകെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ റാംചിത്രങ്ങളാണ‌്. റാം നായകവേഷം ചെയ‌്ത തങ്കമീൻകൾക്ക‌് മികച്ച ചിത്രമെന്ന ദേശീയ പുരസ‌്കാരം ലഭിച്ചിരുന്നു.

ആന്ധ്രപ്രദേശിലെ കോൺഗ്രസ‌് നേതാവ‌് വൈ എസ‌് രാജശേഖരറെഡ്ഡിയുടെ ജീവിതം സിനിമയാകുന്ന യാത്രയുടെ സംവിധാനം മഹി വി രാഘവ‌് ആണ‌്.  എന്നാൽ സിനിമ പൂർണമായും ജീവചരിത്രമായിരിക്കില്ല. വൈഎസ‌്ആറിന്റെ രാഷ്ട്രീയജീവിതത്തിൽ  സുപ്രധാനകാലഘട്ടമായ 2003 ലെ മൂന്നുമാസം നീണ്ട പദയാത്ര അടിസ്ഥാനമാക്കിയ കഥയായിരിക്കും. ഡിസംബറിൽ റിലീസിനായി തീരുമാനിച്ചതാണ‌് യാത്ര. എന്നാൽ ഫെബ്രുവരി എട്ടിന‌് റിലീസ‌് ചെയ്യാനാണ‌് ഒടുവിലെ തീരുമാനം.

മമ്മൂട്ടിയുടേതായി ഈയിടെ ഇറങ്ങിയ പരോൾ, ഒരു കുട്ടനാടൻ ബ്ലോഗ‌് തുടങ്ങിയ ചിത്രങ്ങൾ വേണ്ടത്ര വിജയമായിരുന്നില്ല. അബ്രഹാമിന്റെ സന്തതികൾ, അങ്കിൾ എന്നിവ പ്രദർശന വിജയം നേടി. മലയാളത്തിൽ പുതുവർഷത്തിൽ ഇറങ്ങാനുള്ളത‌് തിരക്കഥാകൃത്ത‌് ശങ്കർ രാമകൃഷ‌്ണന്റെ സംവിധാനത്തിൽ പതിനെട്ടാംപടി, അനുരാഗ കരിക്കിൻ വെള്ളത്തിനുശേഷം ഖാലിദ‌് റഹ‌്മാൻ ചെയ്യുന്ന ഉണ്ട, വൈശാഖിന്റെ പോക്കിരിരാജയുടെ രണ്ടാംഭാഗം മധുരരാജ എന്നിവയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top